
റോഡ് പൊതു ഉപയോഗത്തിനുള്ളതാണ്. പൊതു ഉപയോഗം സാധ്യമാക്കണമെങ്കില്‍ എല്ലാവരും അനുസരിക്കുന്ന നിയമങ്ങൾ ആവശ്യമാണ്. അതല്ലെങ്കില്‍ റോഡ് അപകടങ്ങൾ കൂടും. ഓരോരുത്തരും അവരവര്‍ക്ക് തോന്നും പടിയാക്കും കാര്യങ്ങൾ. ഇത് ക്രമസമാധാനത്തെ തകിടം മറിക്കും. ഇത്തരം പ്രശ്നങ്ങളില്ലാതാക്കാനാണ് ഒരു പൊതു നിയമം എല്ലാ കാര്യങ്ങളിലും സമൂഹം രൂപപ്പെടുത്തുന്നത്. റോഡിലും ഇത്തരത്തില്‍ നമ്മൾ ഓരോരുത്തരും പാലിക്കേണ്ട നിയമങ്ങളുണ്ട്.
പ്രധാന റോഡിന് സമീപത്ത് കൂടി പോകുന്ന സബ് വേയിലൂടെ സ്കൂട്ടിയുമായി പോകുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. സ്കൂട്ടറിന് പിന്നാലെ ഉണ്ടായിരുന്ന കാറില്‍ നിന്നുള്ള വീഡിയോയായിരുന്നു അത്. ഹെല്‍മറ്റിലാതെ സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന ഒരു യുവതി, റോഡിന്‍റെ വലത് വശത്ത് നിന്നും ഇടത് വശത്തേക്ക് വാഹനം ഒടിച്ചെത്തിയതിന് പിന്നാലെ സ്കൂട്ടറില്‍ നിന്നും കൈയെടുക്കുന്നു. പിന്നാലെ ഇരുകൈകളും കൊണ്ട് നടുവിന് കുത്തിപ്പിടിച്ച് പിന്നിലേക്ക് സ്ട്രച്ച് ചെയ്യുന്നു. വീണ്ടും തിരക്കിലേക്ക് വാഹനം ഓടിച്ച് പോകുന്നു.
തിരക്കേറിയ റോഡില്‍ വച്ചുള്ള യുവതിയുടെ അഭ്യാസ പ്രകടനം റീല്‍സിന് വേണ്ടിയുള്ളതാണോ എന്ന് വ്യക്തമല്ല. അതേസമയം യുവതി ഹെല്‍മറ്റ് ധരിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. ദീര്‍ഘ യാത്ര സൃഷ്ടിച്ച മടുപ്പില്‍ നിന്നാകാം യുവതി ഓടുന്ന വാഹനത്തിൽ നിന്നും പിന്നിലേച്ച് സ്ട്രച്ച് ചെയ്തത്. എന്നാല്‍, അതേ റോഡില്‍ കൂടി, പ്രത്യേകിച്ചും പിന്നില്‍ നിന്നും വരുന്ന വാഹനങ്ങളെ യുവതി ശ്രദ്ധക്കുന്നില്ലെന്നും കാണാം.
സമൂഹ മാധ്യമങ്ങളില്‍ വൈറലായ മറ്റൊരു വീഡിയോയില്‍, വിവാഹ ശേഷം വരനും വധുവും വീട്ടിലേക്ക് പോകുന്ന ഒരു കാറിന്‍റെ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. കാറിന്‍റെ ബോണറ്റില്‍ ഇരുന്ന് വധു പാട്ടിനൊപ്പിച്ച് ശരീരം ചലിപ്പിക്കുന്നു. ഈ സമയം കാറിന്‍റെ മുകളിൽ നിന്ന് കൈയിലെ വാൾ തലയ്ക്ക് മീതെ കൂടി വട്ടം കറക്കുന്ന വരനെയും കാണാം. കാര്‍ ഒരു ഓവര്‍ ബ്രിഡ്ജിന് മുകളിൽ നിര്‍ത്തിയിട്ടാണ് ഈ അഭ്യാസം. സംഭവം ഗ്വാളിയോറില്‍ നിന്നുള്ളതാണെന്നും നടപടി വേണമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. പിന്നാലെ ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് ഗ്വാളിയോർ പോലീസ് ദമ്പതികളെ ബന്ധപ്പെട്ട് പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.