
ചില വീഡിയോകൾ കാണുമ്പോൾ നമ്മൾ അറിയാതെ ഭയന്ന് പോകാറുണ്ട്. അതിൽ കാണുന്ന മനുഷ്യരുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കാറുമുണ്ട്. അതുപോലെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
ട്രെയിനിൽ സഞ്ചരിക്കുന്ന കുറച്ച് യുവതികളാണ് വീഡിയോയിൽ ഉള്ളത്. അതിനിപ്പോ എന്താ അല്ലേ? എന്നാൽ, ഈ യുവതികൾ സഞ്ചരിക്കുന്നത് ട്രെയിനിന്റെ അകത്തല്ല, പുറത്താണ്. ട്രെയിനിന്റെ വാതിലിൽ തൂങ്ങിപ്പിടിച്ചാണ് ഇവരുടെ യാത്ര. വളരെ പെട്ടെന്നാണ് അപകടകരമായ യാത്രയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധ ആകർഷിച്ചത്. പലരും തങ്ങളുടെ ആശങ്കകളും സന്ദേഹങ്ങളും പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിലെ പല നഗരങ്ങളിലും ട്രെയിനുകളിലെ തിരക്ക് ഒരു സ്ഥിരം പ്രശ്നമാണ്. മുംബൈ അടക്കമുള്ള നഗരങ്ങളിൽ ആളുകൾ തിക്കിത്തിരക്കിയും ഇതുപോലെ ഡോറിൽ നിന്നുമൊക്കെ പോകുന്ന അനേകം കാഴ്ചകൾ നേരത്തെയും സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിട്ടുണ്ട്. ദിവസേന ജോലിക്കോ പഠിക്കാനോ ഒക്കെ പോയി വരുന്ന ആളുകൾക്ക് മിക്കവാറും ദുരിതയാത്രകളാണ് ഉണ്ടാവാറ്. ഉത്സവസീസൺ ആണെങ്കിൽ പറയുകയേ വേണ്ട.
എന്തായാലും, ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത് Mumbai Railway Users എന്ന അക്കൗണ്ടിൽ നിന്നാണ്. മുംബൈയിലെ കല്ല്യാണിൽ നിന്നുള്ളതാണ് ഈ ട്രെയിൻ എന്നാണ് കാപ്ഷനിൽ പറയുന്നത്.
കല്ല്യാണിൽ നിന്നുള്ള ഇന്നത്തെ ലേഡീസ് സ്പെഷ്യൽ 40 മിനിറ്റ് വൈകിയതിനാൽ സ്ത്രീകൾക്ക് ഫുട്ബോർഡിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്യേണ്ടി വന്നു. സുരക്ഷിതമല്ലാത്തതും അപകടകരവുമായ യാത്രയാണിത് എന്നും വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്.
അനേകങ്ങളാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും. പലരും ഇന്ത്യൻ റെയിൽവേയെയും മന്ത്രിയേയും ഒക്കെ വീഡിയോയുടെ കമന്റുകളിൽ മെൻഷൻ ചെയ്തിട്ടുണ്ട്. ട്രെയിൻ വൈകുന്നതും കൂടുതൽ ട്രെയിനുകളില്ലാത്തതുമാണ് യാത്രകൾ ദുരിതത്തിലാക്കുന്നത് എന്നും എത്രയും പെട്ടെന്ന് ഉചിതമായ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ അത് അനേകം ജീവനുകൾ തന്നെ അപകടത്തിൽ ആക്കിയേക്കാമെന്നും പലരും കമന്റിൽ സൂചിപ്പിച്ചു.
അതേസമയം തന്നെ ആ സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് ആശങ്കപ്പെട്ടവരും ഇതുപോലെ എത്രപേർ ഇങ്ങനെ യാത്ര ചെയ്യുന്നുണ്ടാകും എന്നും സൂചിപ്പിച്ചവരും ഉണ്ട്. മിക്കവാറും ഇത്തരം യാത്രകൾക്ക് സാക്ഷിയാകാറുണ്ട് എന്നും ആളുകളഅ സൂചിപ്പിച്ചിട്ടുണ്ട്.