ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ ഒരു വീട്ടിലെ ബാത്ത്റൂമിൽ ഏഴടി നീളമുള്ള മുതലയെ കണ്ടെത്തി. വളർത്തുനായയുടെ അസാധാരണമായ കുര കേട്ട് ശ്രദ്ധിച്ചപ്പോഴാണ് വീട്ടുകാർ ഭീമൻ മുതലയെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് എത്തി ഒരു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തിനത്തിന് ശേഷം മുതലയെ പിടികൂടി.

ർദ്ധരാത്രിയിൽ വീട്ടിലെ ബാത്ത്റൂമിലെത്തിയ അതിഥിയെ കണ്ട് വീട്ടുകാർ ഞെട്ടി. ഏതാണ്ട് ഏഴടി നീളമുള്ള ഒത്തൊരു മുതല. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ മലാതജ് ഗ്രാമത്തിലാണ്, വീട്ടുകാരെയും ഗ്രാമവാസികളെയും ഒരു പോലെ ഭയപ്പെടുത്തിയ സംഭവം നടന്നത്. വീട്ടിലെ വളർത്തു പട്ടി ബാത്ത് റൂമിലേക്ക് നോക്കി അസാധാരണമായി കുരച്ച് കൊണ്ടിരുന്നപ്പോഴാണ് കുടുംബാംഗങ്ങൾ ബാത്ത് റൂമിലേക്ക് ശ്രദ്ധിച്ചത്. ഈ സമയത്താണ് ഉള്ളിൽ കൂറ്റനൊരു മുതലയെ കണ്ടെത്തിയത്.

പട്ടിയുടെ അസാധാരണമായ കുര

രാത്രിയിൽ കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് നായ തുടർച്ചയായി കുരയ്ക്കാൻ തുടങ്ങിയത്. ആദ്യം, വീടിന് പുറത്തുള്ള ബാത്ത് റൂമിൽ ആരെങ്കിലും കയറിയിരിക്കാമെന്നാണ് കരുതിയെങ്കിലും, മുന്നിൽ കണ്ട കാഴ്ച എല്ലാവരെയും അമ്പരപ്പിച്ചു. ശബ്ദം കേട്ട് വീട്ടുടമ പുറത്തിറങ്ങി പരിശോധിച്ചപ്പോൾ ബാത്ത്റൂമിനുള്ളിൽ ഭീമൻ മുതല. ഭയന്ന് പോയ കുടുംബാംഗങ്ങൾ പെട്ടെന്നുതന്നെ വനവകുപ്പിനെ വിവരമറിയിച്ചു.

Scroll to load tweet…

ഒരു മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനം

വിവരം ലഭിച്ചതിന് പിന്നാലെ വനവകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാദൗത്യം തുടങ്ങി. ഏകദേശം ഒരു മണിക്കൂർ നീണ്ട ശ്രമകരമായ രക്ഷാപ്രവർ‍ത്തനത്തിനൊടുവിൽ മുതലയെ സുരക്ഷിതമായി പിടികൂടി. രക്ഷാപ്രവർത്തനത്തിനിടെ മുതലയ്ക്കോ പ്രദേശവാസികൾക്കോ പരിക്കേൽക്കാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തിയതായി അധികൃതർ അറിയിച്ചു. പിന്നീട് മുതലയെ സമീപത്തെ ഒരു കുളത്തിൽ സുരക്ഷിതമായി വിട്ടയച്ചു.

'മഴ കനക്കുമ്പോൾ...'; മുന്നറിയിപ്പുമായി വനം വകുപ്പ്

മൺസൂൺ കാലത്ത് നദികൾ, കുളങ്ങൾ, കനാലുകൾ എന്നിവയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുതലകൾ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറത്തേക്ക് കടക്കുന്നത് പതിവായിരിക്കുകയാണെന്ന് വനവകുപ്പ് വ്യക്തമാക്കി. ഭക്ഷണം തേടിയോ പുതിയ ഇടങ്ങൾ അന്വേഷിച്ചോ ഇവ ജനവാസ മേഖലകളിലേക്കെത്താൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മലാതജ് ഗ്രാമത്തിന് സമീപത്തെ കുളത്തിൽ നൂറിലധികം മുതലകൾ ഉണ്ടെന്നും, വെള്ളപ്പൊക്കസമയത്ത് അവയിൽ ചിലത് പുറത്തേക്ക് എത്താൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. വന്യജീവികളെ കണ്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.