
ഇന്ന് ഇന്ത്യയിൽ നിന്നുള്ള അനേകം യുവാക്കൾ വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും ഒക്കെയായി പോകുന്നുണ്ട്. വലിയൊരു ഒഴുക്ക് തന്നെ ഇക്കാര്യത്തിലുണ്ട് എന്ന് വേണമെങ്കിൽ പറയാം. അവിടെ നിന്നുള്ള വീഡിയോകളും പോസ്റ്റുകളും ഒക്കെ കാണുമ്പോൾ വിദേശജീവിതം വളരെ മനോഹരമാണ് എന്ന് പലരും കരുതാറുണ്ട്. ഇപ്പോഴിതാ സ്വീഡനിൽ താമസിക്കുന്ന ഒരു യുവതി ഇന്ത്യയേയും സ്വീഡനേയും താരതമ്യപ്പെടുത്തിക്കൊണ്ട് പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.
സ്വീഡനിൽ താമസിക്കുന്ന യുവതി പറയുന്നത് അവിടുത്തെ ജീവിതം നല്ലതൊക്കെ തന്നെയാണ്, എന്നാൽ ഇന്ത്യയിലെ ജീവിതമാണ് കൂടുതൽ സൗകര്യപ്രദം എന്നാണ്. അതിന് ചില കാരണങ്ങൾ കൂടി യുവതി പറയുന്നുണ്ട്. ഇന്ത്യയിൽ 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തും. എന്നാൽ, സ്വീഡനിൽ അത് വാങ്ങാൻ പോകാനായി ബസ് സ്റ്റോപ്പിലേക്ക് തന്നെ 10 മിനിറ്റ് നേരം നടക്കണം എന്നാണ് യുവതി പറയുന്നത്.
അതുപോലെ, ഇന്ത്യയിൽ മരുന്നുകൾ വീട്ടിലെത്തും. എന്നാൽ, സ്വീഡനിൽ വൈകുന്നേരം ആറ് മണി ആകുമ്പോഴേക്കും ഫാർമസികൾ അടച്ചിടും എന്നും യുവതി പറയുന്നു. ഇത്തരം ചെറിയ കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര ചർച്ച ചെയ്യുന്നില്ലെന്നാണ് തനിക്ക് തോന്നുന്നത്. വിദേശത്ത് ജീവിക്കുന്നതിനെ നിങ്ങൾ റൊമാന്റിസൈസ് ചെയ്യരുത്. സോഷ്യൽ മീഡിയയിൽ കാണുന്നത് പോലെയല്ല കാര്യങ്ങൾ. അത് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണ് എന്നാണ് യുവതിയുടെ അഭിപ്രായം.
'എന്നെ തെറ്റിദ്ധരിക്കരുത്, സ്വീഡനിൽ ജീവിക്കുന്നത് എനിക്ക് ഇഷ്ടമാണ്' എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്നാണ് ഇന്ത്യയിലേക്ക് മടങ്ങി വരുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം. മറ്റൊരാൾ പറഞ്ഞത്, ഇന്ത്യയിൽ മിഡിൽ ക്ലാസ് ആളുകൾക്കും നന്നായി ജീവിക്കാം എന്നാണ്. എന്നാൽ, ഇന്ത്യയിൽ ജീവിക്കുന്നത് വളരെ സൗകര്യപ്രദമാണ്. അതേസമയം വിദേശത്ത് ജീവിക്കുന്നതിനും അതിന്റേതായ ഗുണങ്ങളുണ്ട് എന്നും ആളുകൾ വീഡിയോയ്ക്ക് കമന്റ് നൽകിയിട്ടുണ്ട്.