Viral video : തൈര് വാങ്ങാന്‍ ട്രെയിന്‍ നിര്‍ത്തി; ലോക്കോപൈലറ്റിന് പണികിട്ടി!

By Web TeamFirst Published Dec 9, 2021, 4:02 PM IST
Highlights

റെയില്‍വേ സ്റ്റേഷനു സമീപമെത്തിയപ്പോഴാണ് ഡ്രൈവര്‍ക്ക് തൈര് കഴിക്കാന്‍ മോഹം തോന്നിയത്. അപ്പോള്‍ തന്നെ ട്രെയിന്‍ നിര്‍ത്തി, അയാള്‍ സഹായിയെ പറഞ്ഞ് വിട്ടു. എന്നാല്‍ ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രികര്‍ക്ക് ഇത് അത്ര പിടിച്ചില്ല

ദീര്‍ഘദൂരം യാത്രചെയ്യുന്ന ട്രെയിനുകള്‍  (trains) ചിലപ്പോള്‍ സാങ്കേതിക കാരണങ്ങളാല്‍ ഇടയ്ക്ക് വച്ച് നിര്‍ത്തിയിടാറുണ്ട്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച് പാകിസ്ഥാനിലെ  (pakistan) ഒരു ലോക്കോപൈലറ്റ് (Loco pilot)  വണ്ടി യാത്രാമധ്യേ നിര്‍ത്തിയത് വലിയ പുകിലായി. കാരണം അയാള്‍ ട്രെയിന്‍ നിര്‍ത്തിയത് സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടല്ല, മറിച്ച് ഒരു പാക്കറ്റ് തൈര് ( Curd) വാങ്ങാനായിരുന്നു. സംഭവം ലോകമറിഞ്ഞതോടെ, ലോക്കോപൈലറ്റിനെയും, സഹായിയെയും അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. തൈര് വാങ്ങാനായി ട്രെയിന്‍ നിര്‍ത്തിയ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Inter-city train driver in Lahore gets suspended after making unscheduled stop to pick up some yoghurt. pic.twitter.com/n6csvNXksQ

— Naila Tanveer🦋 (@nailatanveer)

ലാഹോറില്‍ നിന്ന് യാത്ര ആരംഭിച്ച ട്രെയിന്‍ കറാച്ചിയിലേക്ക് നീങ്ങുകയായിരുന്നു. കാന റെയില്‍വേ സ്റ്റേഷനു സമീപമെത്തിയപ്പോഴാണ് ഡ്രൈവര്‍ക്ക് തൈര് കഴിക്കാന്‍ മോഹം തോന്നിയത്. അപ്പോള്‍ തന്നെ ട്രെയിന്‍ നിര്‍ത്തി, അയാള്‍ സഹായിയെ പറഞ്ഞ് വിട്ടു. എന്നാല്‍ ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രികര്‍ക്ക് ഇത് അത്ര പിടിച്ചില്ല. അവര്‍ അതിന്റെ വീഡിയോ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഡ്രൈവറുടെ സഹായി വഴിയരികിലെ ഒരു കടയില്‍ നിന്ന് തൈര് വാങ്ങി ട്രെയിനിലേക്ക് കയറുന്നത് വീഡിയോയില്‍ കാണാം.

വീഡിയോ വൈറലായതോടെ പാക് റെയില്‍വേ മന്ത്രി അഅ്‌സം ഖാന്‍ സ്വാതി ഡ്രൈവര്‍ റാണാ മുഹമ്മദ് ഷെഹ്സാദിനെയും സഹായി ഇഫ്തിഖര്‍ ഹുസൈനെയും സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും, പൊതുമുതല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. 

കടുത്ത വിമര്‍ശനമാണ് ഈ വിഡിയോക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. അതേസമയം, ഇത്തരം സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ പതിവാണെന്നും, അധികാരികളുടെ അവഗണയാണ് ഇതിന് കാരണമെന്നും ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. കെടുകാര്യസ്ഥതയും അവഗണനയും മൂലം അപകടങ്ങള്‍ രാജ്യത്ത് പതിവാകുമ്പോള്‍ റെയില്‍വേയുടെ സുരക്ഷയെയും നിയന്ത്രണത്തെയും കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.  

click me!