
ബീഹാറിലെ ദർഭംഗയിൽ ചരക്ക് തീവണ്ടിയുടെ മേൽക്കൂരയിൽ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ചരക്ക് തീവണ്ടിയുടെ മേലെ കയറി യുവാവിനോട് താഴെ ഇറങ്ങാന്‍ കണ്ടുനിന്നവർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കാൻ തയ്യാറായില്ല. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ചരക്ക് തീവണ്ടി ബീഹാറിലെ ദർഭംഗി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട സമയത്തായിരുന്നു സംഭവം. ചരക്ക് തീവണ്ടിക്ക് മുകളിൽ അജ്ഞാത ഒരു യുവാവ് ഇരിക്കുന്നതായി കണ്ടപ്പോഴാണ് സംഭവം. പിന്നാലെ ആ സമയം സ്റ്റേഷനിലുണ്ടായിരുന്നവർ യുവാവിനോട് താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനിടെ ചിലർ ദൃശ്യങ്ങൾ തങ്ങളുടെ മൊബൈലുകളിൽ ചിത്രീകരിച്ചു. ആളുകൾ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയതോടെ ഇയാൾ ഇരുന്നിടത്ത് നിന്നും എഴുന്നേൽക്കുകയും ഗുഡ്സ് ട്രെയിനിന്‍റെ കോച്ചുകൾക്ക് മുകളിലൂടെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുകയും ചെയ്തു. ഇങ്ങനെ നടക്കുന്നതിനിടെ ഇയാൾ തന്‍റെ കൈ അപകടകരമായ രീതിയിൽ ഉയർത്തി. ഇതോടെ ഓവർഹെഡ് ഇലക്ട്രിക് ലൈനിൽ കൈ തട്ടുകയും ഉയർന്ന വോൾട്ടേജ് പ്രവഹിക്കുകയുമായിരുന്നു.
ഈ സമയം വലിയൊരു തീപ്പൊരിയും സ്ഫോടനം പോലെ ശബ്ദവും ഉയർന്നു. പിന്നാലെ ഉയർന്ന പുക അടങ്ങിയപ്പോൾ യുവാവ് അനക്കമില്ലാതെ ഗുഡ്സ് ട്രെയിനിന്‍റെ ബോഗിക്ക് മുകളിൽ വീണ് കിടക്കുന്നതും കാണാം. ഈ സമയം സമീപത്ത് നിന്നവർ നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഗുരുതരമായ വൈദ്യുതാഘാതമേറ്റ ഇയാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു, സമൂഹ മാധ്യമ ഉപയോക്താക്കളിൽ നിന്ന് രൂക്ഷമായ പ്രതികരണങ്ങളാണ് ഉയർന്നത്. നിരവധി പേർ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. മറ്റ് ചിലർ യുവാവിന് മാനസികമായി അസ്വസ്ഥത ഉള്ളതായി സംശയം പ്രകടിപ്പിച്ചു. അതേസമയം ഇന്ത്യൻ റെയിവേയിൽ നിന്നും സംഭവത്തിൽ ഔദ്ധ്യോഗിക പ്രതികരണങ്ങളൊന്നും ഉയർന്നില്ല.