
ലക്ഷങ്ങൾ ശമ്പളമുള്ള ആഗോള ടെക് ഭീമനായ 'മെറ്റാ'യിലെ (Meta) സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജോലി ഉപേക്ഷിച്ച്, തെരുവിൽ നൂഡിൽസ് സ്റ്റാൾ ആരംഭിച്ച് യുവാവ്. സിംഗപ്പൂർ സ്വദേശിയായ ആൽവിൻ താൻ എന്ന യുവാവാണ് കോർപ്പറേറ്റ് ജീവിതത്തിന്‍റെ മടുപ്പുകളിൽ നിന്നും സമ്മർദ്ദങ്ങളിൽ നിന്നും മാറി. സ്വന്തം മനസിന് സന്തോഷം തരുന്ന പാചക രംഗത്തേക്ക് ചുവടുവെച്ചത്. മെറ്റായിൽ ജോലി ചെയ്തിരുന്നപ്പോൾ ലഭിച്ചിരുന്ന വരുമാനത്തിന്‍റെ മൂന്നിലൊന്ന് മാത്രമാണ് ഇപ്പോൾ ലഭിക്കുന്നതെങ്കിലും, പണത്തേക്കാൾ ഉപരി ജീവിതത്തിലെ സംതൃപ്തിക്കാണ് താൻ മുൻഗണന നൽകുന്നതെന്ന് ആൽവിൻ പറയുന്നു. പ്രശസ്ത ധനകാര്യ ഉപദേശകയായ ലൂയിസ ടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ആൽവിന്‍റെ വീഡിയോയിലൂടെയാണ് ഈ അദ്ഭുതകരമായ മാറ്റത്തിന്‍റെ കഥ പുറംലോകം അറിഞ്ഞത്.
മെറ്റയെ പോലുള്ള ഒരു സ്വപ്ന കമ്പനിയിലെ ജോലി എന്തുകൊണ്ട് ഉപേക്ഷിച്ചു എന്ന ചോദ്യത്തിന്, "സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് വളരെ വിരസമായി തോന്നി" എന്നായിരുന്നു ആൽവിന്‍റെ ലളിതമായ എന്നാൽ ശക്തമായ മറുപടി. വൻകിട കമ്പനികളിൽ നിലനിൽക്കുന്ന ലേ-ഓഫുകളും ടീം പുനഃസംഘടനകളും തന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നും, ജീവിതത്തിൽ മറ്റെന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന ചിന്തയാണ് തന്നെ ഈ തീരുമാനത്തിൽ എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിംഗപ്പൂരിലെ ഗെയ്‌ലാങ് ജില്ലയിലുള്ള ഒരു ചെറിയ ഹോക്കർ സെന്‍ററിൽ 'ഉമാമി ബോംബ്' (Umami Bomb) എന്ന പേരിൽ ഒരു ഹോക്കിൻ മീ (Hokkien Mee - ഒരുതരം മഞ്ഞ നൂഡിൽസ് വിഭവം) സ്റ്റാൾ ആണ് ആൽവിൻ നടത്തുന്നത്. നിലവിൽ പരിമിതമായ ബഡ്ജറ്റ് ആയതിനാൽ ജീവനക്കാരെ വെക്കാൻ സാധിക്കാത്തതിനാൽ കാമുകിയുടെ സഹായത്തോടെയാണ് കടയുടെ പ്രവർത്തനം.
"എസി മുറിയിലിരുന്ന് മാത്രം ജോലി ചെയ്ത നിനക്ക് ഈ അടുപ്പിലെ ചൂട് താങ്ങാൻ കഴിയില്ലെന്നും, മൂന്ന് മാസത്തിനകം ഈ പണി നിർത്തിപ്പോരുമെന്നും" പറഞ്ഞ മാതാപിതാക്കൾക്ക് മുന്നിൽ ഒരു വർഷത്തിലേറെയായി ആൽവിൻ ഈ സ്ഥാപനം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു. എങ്കിലും പുതിയ ബിസിനസ്സിലേക്ക് മാറിയതോടെ തന്‍റെ ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നതായി ആൽവിൻ സമ്മതിക്കുന്നു. "വരുമാനം കുറഞ്ഞതോടെ ആഡംബരങ്ങൾ ഒഴിവാക്കി ജീവിതച്ചെലവ് ചുരുക്കി. ഇപ്പോൾ പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി കുറച്ച്, വീട്ടിൽ തന്നെ പാകം ചെയ്യുകയാണ് പതിവ്. എല്ലാ ദിവസവും അധ്വാനിക്കേണ്ടി വരുന്നതിനാൽ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ചെലവഴിക്കാൻ സമയം കിട്ടാറില്ല. ഒരു ദിവസം അവധിയെടുത്താൽ അന്നത്തെ വരുമാനം പൂർണ്ണമായും നഷ്ടപ്പെടും."
സ്വന്തം താല്പര്യങ്ങൾക്ക് മുൻഗണന നൽകിയ ആൽവിന് സമൂഹ മാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. "AI-ക്ക് വേണമെങ്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെ ജോലി ഇല്ലാതാക്കാം, പക്ഷേ, രുചികരമായ നൂഡിൽസ് ഉണ്ടാക്കുന്ന ഹോട്ടലുടമകളെ പരാജയപ്പെടുത്താൻ കഴിയില്ല" എന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന ഒരു ശ്രദ്ധേയമായ കുറിപ്പ്. ആൽവിന്‍റെ ഭക്ഷണശാലയിലെ വിഭവം കഴിച്ചവർ അദ്ദേഹത്തിന്‍റെ ആത്മാർത്ഥതയെയും ഭക്ഷണത്തിന്‍റെ രുചിയെയും പ്രശംസിച്ച് കൊണ്ട് രംഗത്തെത്തി. സ്വപ്നങ്ങൾക്ക് പുറകെ പോകുന്നവർക്ക് നൽകാൻ ആൽവിൻ ഒരു ഉപദേശമുണ്ട്, "പെട്ടെന്നൊന്നും ഒന്നിനും തളർന്നുപോകരുത്. നമ്മൾ വിചാരിക്കുന്ന രീതിയിൽ കാര്യങ്ങൾ നടന്നില്ലെങ്കിൽ പോലും, നമുക്ക് മുന്നിൽ എപ്പോഴും പുതിയ വാതിലുകൾ തുറക്കപ്പെടും." ജോലിക്കൊപ്പം സ്വന്തം ആരോഗ്യത്തിനും വിശ്രമത്തിനും പ്രാധാന്യം നൽകണമെന്നും ഈ മുൻ ഐടി ജീവനക്കാരൻ ഓർമ്മിപ്പിക്കുന്നു.