
ഇഡാഹോയിലെ മൗണ്ടൻ ഹോം എയർഫോഴ്‌സ് ബേസിൽ നടന്ന വ്യോമ പ്രദർശനത്തിനിടെ രണ്ട് യുഎസ് നേവി ഇഎ-18ജി ഗ്രൗളർ വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് കത്തിയമർന്നു. ഇന്നലെ നടന്ന അപകടത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അപകടത്തിന് പിന്നാലെ നാല് പൈലറ്റുമാരും പാരച്യൂട്ടുകൾ ഉപയോഗിച്ച് രക്ഷുപ്പെടുന്നതും വീഡിയോയിൽ കാണാം. കൂട്ടിയിടിയുടെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പടിഞ്ഞാറൻ ഇഡാഹോയിലെ മൗണ്ടൻ ഹോം എയർഫോഴ്‌സ് ബേസിൽ നടന്ന വ്യോമ പ്രകടനത്തിനിടെയാണ് അപകടം സംഭവിച്ചത്. വ്യോമ പ്രകടനം കാണാനെത്തിയ ആയിരക്കണക്കിന് ആളുകൾക്ക് മുന്നിലായിരുന്നു അപകടം. യുഎസ് നേവി ഇഎ-18 ജി ഗ്രൗളർ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ അപകടത്തിന്‍റെ ഭയാനക ദൃശ്യങ്ങൾ കാണാം. രണ്ട് വിമാനങ്ങളും ആകാശത്ത് വെച്ച് അടത്ത് വരികയും പിന്നാലെ വിമാന ഭാഗങ്ങൾ തകർന്ന് വീഴുന്നതും വീമാനങ്ങളിൽ നിന്നും തീ ഉയരുന്നതും കാണാം. ഇതിനിടെ പൈലറ്റുമാർ പാരച്യൂട്ടുകളിൽ രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം.
വാഷിംഗ്ടൺ സ്റ്റേറ്റിലെ വിഡ്‌ബി ദ്വീപിൽ ആസ്ഥാനമായുള്ള ഇലക്ട്രോണിക് അറ്റാക്ക് സ്ക്വാഡ്രൺ 129-ൽ പെട്ടതാണ് വിമാനങ്ങളെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ബോയിംഗ് എഫ്/എ-18ഇ/എഫ് സൂപ്പർ ഹോർനെറ്റ് പ്ലാറ്റ്‌ഫോമിൽ നിന്നും രൂപപ്പെടുത്തിയ നൂതന ഇലക്ട്രോണിക് യുദ്ധ വിമാനമായ ഇഎ-18ജി ഗ്രൗളറാണ് സ്ക്വാഡ്രൺ പ്രവർത്തിപ്പിക്കുന്നത്. അപകടത്തിന് പിന്നാലെ എയർ ബേസ് പൂട്ടുകയും എയർ ഷോയുടെ ശേഷിക്കുന്ന പരിപാടികൾ റദ്ദാക്കുകയും ചെയ്തു. യുഎസ് നാവികസേനയുടെ ആദ്യ ഇലക്ട്രോണിക് യുദ്ധ വിമാനങ്ങളിൽ ഒന്നാണ് EA-18G ഗ്രൗളർ. യുദ്ധ ദൗത്യങ്ങളിൽ ശത്രു റഡാറുകളെയും ആശയവിനിമയ സംവിധാനങ്ങളെയും തടസ്സപ്പെടുത്തുന്നതിനായിട്ടാണ് ഇവയുടെ രൂപകൽപ്പന.