
മുൻ പിൻ തോക്കാതെ അഭിപ്രായങ്ങൾ പറയുകയും പിന്നീട് അത് മാറ്റിപ്പറയുകയും ചെയ്യുന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടുത്ത വിവാദ പ്രസ്ഥാവനയുമായി രംഗത്തെത്തി. ഇറാൻ യുദ്ധം കഴിഞ്ഞ് യുഎസ് പ്രസിഡന്‍റ് സ്ഥാനമൊഴിയുമ്പോൾ താൻ വെനിസ്വേലൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നും വലിയ വിജയം തേടുമെന്നും ഒരു പ്രസ് കോണ്‍ഫ്രൻസിനിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.
ഇറാനിൽ തകർന്നുവീണ വ്യോമസേനാ പൈലറ്റിനെ രക്ഷപ്പെടുത്തുന്നതിനുള്ള രക്ഷാദൗത്യം സംബന്ധിച്ച വൈറ്റ് ഹൗസ് പത്രസമ്മേളനത്തിനിടെയാണ് ട്രംപ് വെനിസ്വേലയൻ പ്രസിഡന്‍റ് ആകുമെന്ന് അവകാശപ്പെട്ടത്. അതിനായി താൻ സ്പാനിഷ് പഠിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. വെനിസ്വേലൽ ഇതുവരെ ആർക്കും നേടാൻ കഴിയാത്ത അത്രയും വോട്ട് നേടി താൻ ജയിക്കുമെന്നും ട്രംപ് അവകാശവാദമുന്നയിച്ചു.
ജനുവരി 3 ന് അർദ്ധരാത്രിയിൽ വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ യുഎസ് തട്ടിക്കൊണ്ട് പോയതിന് പിന്നാലെ വൈസ് പ്രസിഡന്‍റ് ആയിരുന്ന ഡെൽസി റോഡ്രിഗസ് പ്രസിഡന്‍റ് പദവി ഏറ്റെടുത്തിരുന്നു. ഡെൽസി റോഡ്രിഗസിനെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നാണ് ട്രംപിന്‍റെ അവകാശവാദം. നിലവിൽ യുഎസ് ഭരണഘടന അനുസരിച്ച് തന്‍റെ അവസാന യുഎസ് പ്രസിഡന്‍റ് സ്ഥാനമാണ് ട്രംപ് വഹിക്കുന്നത്. "വെനിസ്വേലയിലെ ജനങ്ങൾ പറയുന്നത്, ഞാൻ വെനിസ്വേലയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചാൽ, വെനിസ്വേലയിൽ ഇതുവരെ ആരും പോൾ ചെയ്തതിനേക്കാൾ ഉയർന്ന വോട്ടാണ് എനിക്ക് ലഭിക്കുന്നതെന്നാണ്, അതിനാൽ ഇത് പൂർത്തിയാക്കിയ ശേഷം എനിക്ക് വെനിസ്വേലയിലേക്ക് പോകാം," ട്രംപ് പത്രസമ്മേളനത്തിനിടെ അവകാശപ്പെട്ടു.
നേരത്തെ ലാറ്റിൻ അമേരിക്കൻ നേതാക്കളുടെ ഉച്ചകോടിയിൽ, താൻ ഒരു ലാറ്റിൻ അമേരിക്കൻ ഭാഷ പഠിക്കാൻ താത്പര്യപ്പെടുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. തനിക്ക് അതിന് സമയമില്ലെന്നായിരുന്നു അന്ന് ട്രംപ് പറഞ്ഞത്. എന്നാൽ ഇന്ന് തനിക്ക് സ്പാനിഷ് ഭാഷ പെട്ടെന്ന് പഠിക്കാൻ കഴിയുമെന്നും ട്രംപ് അവകാശവാദമുന്നയിച്ചു. പത്രസമ്മേളനത്തിനിടെ, വെനിസ്വേലയുമായുള്ള സംഘർഷം "45 മിനിറ്റിനുള്ളിൽ അവസാനിച്ചു" എന്ന് ട്രംപ് അവകാശപ്പെട്ടു. ഒപ്പം വെനിസ്വേലയിൽ നിന്നും കോടിക്കണക്കിന് ബാരൽ എണ്ണ എടുക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. അതേസമയം വെനിസ്വേലയിലെ എണ്ണ ശുദ്ധീകരണ ശാല വിദേശ കുത്തകൾക്കായി തുറന്നെങ്കിലും ഇപ്പോഴും കാര്യമായ ഉത്പാദനം ആരംഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.