
അഴിമതിപ്പണം തുല്യമായി വീതംവയ്ക്കുമെന്ന് ഗംഗാജലം കൈയിലെടുത്ത് സത്യപ്രതിജ്ഞ ചെയ്യുന്ന ഉത്തർപ്രദേശിലെ കൗൺസിലർമാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ വലിയ വിവാദം തന്നെ ഉയർന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപുർ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർമാരുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. “കൈക്കൂലി കിട്ടിയാൽ 60 പേർക്കും തുല്യമായി വീതിക്കും” എന്ന തരത്തിലുള്ള വാക്കുകൾ കൗൺസിലർമാർ വീഡിയോയിൽ ഏറ്റുപറയുന്നത് കേൾക്കാം. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ മുനിസിപ്പൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.
മുനിസിപ്പൽ സ്ഥാപനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന കൈക്കൂലി തുല്യമായും നീതിപൂർവമായും പങ്കിടുമെന്ന തരത്തിലുള്ള വാക്കുകളാണ് വീഡിയോയിൽ പറയുന്നതെന്നാണ് റിപ്പോർട്ട്. ഏകദേശം 60 കൗൺസിലർമാർക്കിടയിൽ പണം പങ്കിടുന്നതിനെക്കുറിച്ചാണ് പ്രതിജ്ഞയെന്നാണ് ഉയരുന്ന ആരോപണം. വൈറലായ ദൃശ്യങ്ങളിൽ ചില കൗൺസിലർമാർ ഗംഗാജലം കൈയിലെടുത്ത് കോർപ്പറേഷനും ലഭിക്കുന്ന കൈക്കൂലിപ്പണം 60 കൗൺസിലർമാർക്കിടയിൽ തുല്യമായി പങ്കിടുമെന്ന് പ്രതിജ്ഞ ചെയ്യുന്നതായി കാണാം. എന്നാൽ വീഡിയോയുടെ ആധികാരികതയെ കുറിച്ചോ അതിലുൾപ്പെട്ടിട്ടുള്ള വ്യക്തികളെ കുറിച്ചോ ഇതുവരെ സ്വതന്ത്രമോ ഔദ്ധ്യോഗികമോയായി സ്ഥിരീകരിച്ചിട്ടില്ല.
A Shahjahanpur municipal councillor is seen holding a Gangajal vessel and allegedly taking an oath to “honestly” share bribe proceeds. The alleged civic body earnings, he says, will be divided equally among 60 people. pic.twitter.com/6Q2BR9qhAU
— TOI Lucknow (@TOILucknow) August 25, 2026
വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ശക്തമായി. ബിജെപിയുടെ ഷാജഹാൻപുർ മഹാനഗർ അധ്യക്ഷ ശിൽപി ഗുപ്ത, വീഡിയോയിൽ കാണപ്പെടുന്ന പത്തിലധികം കൗൺസിലർമാർക്ക് നോട്ടീസ് നൽകി. വീഡിയോ എപ്പോൾ, എവിടെ വച്ച് ചിത്രീകരിച്ചതാണ്, സത്യപ്രതിജ്ഞയുടെ ഉദ്ദേശ്യം എന്തായിരുന്നു, സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഭാഷ എന്തുകൊണ്ട് ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളിൽ മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഷാജഹാൻപുർ മേയർ അർച്ചന വർമ്മയും ബന്ധപ്പെട്ട കൗൺസിലർമാർക്ക് നോട്ടീസ് നൽകി. മുനിസിപ്പൽ കമ്മീഷണർ സൗമ്യ ഗുരുരാണി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. വീഡിയോ 2025 നവംബറിൽ ചിത്രീകരിച്ചതായാണ് പ്രാഥമിക വിവരം; അന്ന് മറ്റൊരു മുനിസിപ്പൽ കമ്മീഷണറായിരുന്നു ചുമതലയിലുണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ ബിജെപിയുമായി ബന്ധമുള്ള നാമനിർദേശ കൗൺസിലർ പൂനം മെഹ്‌റോത്ര രാജിവെച്ചു. വീഡിയോ നഗരസഭയ്ക്കും മറ്റ് കൗൺസിലർമാർക്കും അപകീർത്തിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. അതേസമയം ജില്ലാ മജിസ്‌ട്രേറ്റിന് വീഡിയോ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും അറിയിച്ചു.