ഇരുകൈയ്യിലും കൂറ്റൻ പെരുമ്പാമ്പുകളുമായി യുവാക്കളുടെ പ്രകടനം; പിന്നാലെ കേസുമായി പോലീസും വനംവകുപ്പും, വീഡിയോ

Published : Oct 19, 2026, 01:06 PM IST
UP Men Performing Risky Stunts With Giant Pythons

Synopsis

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കൂറ്റൻ പെരുമ്പാമ്പുകളുമായി അപകടകരമായ അഭ്യാസം നടത്തുന്ന യുവാക്കളുടെ വിഡിയോ വൈറലായതോടെ പൊലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു. സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെടുന്ന പാമ്പുകളെ പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചതിന് ഇവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കൂറ്റൻ പെരുമ്പാമ്പുകളുമായി അപകടകരമായ അഭ്യാസം നടത്തുന്ന യുവാക്കളുടെ വിഡിയോ വൈറലാകുന്നു. പിന്നാലെ, സംഭവത്തിൽ പൊലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു. പാമ്പുകളുടെ വാലിൽ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും അവയെ കഴുത്തിൽ ചുറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഗംഗാ കനാലിന്‍റെ കരയോട് ചേർന്നുള്ള വയൽപ്രദേശത്തെ ടാർ ചെയ്ത റോഡിലാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് സൂചന.

‍സംരക്ഷിത വന്യജീവി വിഭാഗം, കരുതൽ വേണം

ഇഴഞ്ഞുമാറാൻ ശ്രമിക്കുന്ന പെരുമ്പാമ്പുകളെ റോഡിന് നടുവിൽ തടഞ്ഞ് വെച്ച് യുവാക്കൾ രസിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പാമ്പുകളെ രക്ഷപ്പെടുത്തിയതാണെന്നാണ് യുവാക്കളുടെ അവകാശവാദം. എന്നാൽ, സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെടുന്നവയാണ് പെരുമ്പാമ്പുകളെന്നും അവയെ പിടികൂടി പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നത് ഗൗരവകരമായ വിഷയമാണെന്നും ജില്ലാ ഫോറസ്റ്റ് ഓഫീസർ ഡോ. ഹരേന്ദ്ര സിങ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുന്നതിനായി പൊലീസും സൈബർ സംഘവും പ്രവർത്തിച്ചുവരികയാണെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും സിറ്റി സി.ഒ. പ്രഖർ പാണ്ഡെ അറിയിച്ചു.

സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോയിൽ യുവാക്കൾ പെരുമ്പാമ്പുകളെ കൈകളിൽ പിടിച്ചിരിക്കുന്നതും അവയെ കഴുത്തിൽ ചുറ്റാൻ ശ്രമിക്കുന്നതും കാണാം. വിഡിയോ ചിത്രീകരിച്ച കൃത്യമായ തീയതി വ്യക്തമല്ല. അതേസയം ദൃശ്യങ്ങളിലുള്ള യുവാക്കളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ആവശ്യമായ അറിവും സുരക്ഷാനടപടികളും ഇല്ലാതെ പാമ്പുകളെ കൈകാര്യം ചെയ്യുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാം.

വന്യജീവികളെ ശ്രദ്ധയേടെ കൈകാര്യം ചെയ്യണം

ഏതാനും വർഷങ്ങൾക്ക് മുമ്പ് കർണാടക സ്വദേശിയായ മാഅസ് സയ്യിദ് മൂർഖൻ പാമ്പുകളുടെ വാലിൽ പിടിച്ചുവലിക്കുന്ന വിഡിയോ ചിത്രീകരിച്ചിരുന്നു. പിന്നാലെ പാമ്പുകൾ ആക്രമണാത്മകമായി പ്രതികരിക്കുകയും ഇയാളെ കടിക്കുകയുമായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ അന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതിൽ ഒരു പാമ്പ് ഇയാളുടെ നേരെ കുതിച്ചുചാടി കാൽ മുട്ടിൽ കടിക്കുന്നതും കാണാം. പരിഭ്രാന്തനായ ഇയാൾ പാമ്പിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അത് കടിവിടാൻ തയ്യാറായില്ല. ഇത്തരത്തിൽ വന്യജീവികളോട് പെരുമാറുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. വന്യജീവികളെ രക്ഷിക്കുകയെന്നത്, അവയെ അപകടകരമായി കൈകാര്യം ചെയ്യുകയോ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുകയോ ചെയ്യുന്നതിന് അനുമതിയാകുന്നില്ല. മതിയായ അറിവും പരിശീലനവും കൂടാതെ പാമ്പുകളെ കൈകാര്യം ചെയ്യുന്നത് മനുഷ്യർക്കും ജീവികൾക്കും ഒരുപോലെ അപകടമുണ്ടാക്കാം. വന്യജീവികളെ കണ്ടാൽ സ്വയം ഇടപെടാതെ ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടുകയാണ് വേണ്ടതെന്നും അധികൃതർ വീണ്ടും ഓർമ്മപ്പെടുത്തി.

PREV
Read more Articles on
click me!

Recommended Stories

ജനിച്ച് മിനിറ്റുകൾ മാത്രം, കുഞ്ഞിന്‍റെ ‘രാജകീയ വിശ്രമം'! തലയ്ക്ക് പിന്നിൽ കൈകൾ പിണച്ച് വച്ച്, കാലിൻമേൽ കാൽ കയറ്റി...; ചിരിയടക്കാനാകാതെ നെറ്റിസെൺസ്
അപ്രതീക്ഷിതമായി ഉറ്റസുഹൃത്തിനെ കാണാനെത്തി; കണ്ട മാത്രയിൽ പൊട്ടിക്കരഞ്ഞ് സുഹൃത്ത്, ഹൃദയം തൊട്ടുന്ന വീഡിയോ!