
സാങ്കേതിക വിദ്യയുടെ അതിപ്രസരം യാഥാര്‍ത്ഥ്യത്തെയും മിഥ്യയെയും തിരിച്ചറിയുന്നതില്‍ വലിയ സങ്കീർണതകളാണ് ഉയര്‍ത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിലായി ആമസോണ്‍ മഴക്കാടുകളിലെ ഒരു നദിയില്‍ നീന്തുന്ന കൂറ്റന്‍ അനാകോണ്ടയുടെ വീഡിയോയാണ് ആളുകളില്‍ സംശയത്തിന്‍റെ വിത്ത് മുളപ്പിച്ചത്. ഈ ദൃശ്യങ്ങൾ വൈറലായതോടെയാണ് അത് എഐയാണെന്ന സംശയവുമായി നിരവധി പേരാണെത്തിയത്. ഒരു ഹെലികോപ്റ്ററിൽ നിന്ന് ചിത്രീകരിച്ച വീഡിയോയില്‍ കനത്ത പച്ചപ്പ് നിറഞ്ഞ പ്രദേശത്തിന് നടുവിലൂടെ ഒഴുകുന്ന ഒരു നദിയില്‍ കൂറ്റനൊരു അനാക്കോണ്ട നീന്തിപ്പോകുന്നതായിരുന്നു ഉണ്ടായിരുന്നത്. ആമസോണില്‍ നിന്നും കൂറ്റനൊരു അനാക്കോണ്ടയെ കണ്ടെത്തി എന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതായിരുന്നു വീഡിയോ. മണിക്കൂറുകൾക്കുള്ളില്‍ നിരവധി സമൂഹ മാധ്യമങ്ങളിലേക്ക് വീഡിയോ പങ്കുവയ്ക്കപ്പെട്ടു.
ആമസോണിയൻ വനങ്ങൾക്കുള്ളിലാണ് അനാക്കോണ്ടകളെ സാധാരണയായി കാണപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ പാമ്പുകളാണ് അനാകോണ്ടകൾ. 90 കിലോഗ്രാമിൽ കൂടുതൽ ഭാരം ഇവയ്ക്കുണ്ടാകും. എന്നാല്‍ അവയ്ക്ക് വിഷമില്ല. അതേസമയം 20 അടിയിൽ കൂടുതൽ നീളമുണ്ടായിരിക്കും. ഇരയെ തന്‍റെ കൂറ്റന്‍ ശരീരം ഉപയോഗിച്ച് വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയാണ് ഇവ ഭക്ഷിക്കുക. ചതുപ്പുനിലങ്ങളിലും, അവയ്ക്ക് സമീപത്തുള്ള നദികളിലുമാണ് ഇവയെ സാധാരണ കാണപ്പെടുക. അതേസമയം മനുഷ്യസമ്പര്‍ക്കം ഇവ ഒഴിവാക്കുന്നു.
കഴിഞ്ഞ വര്‍ഷം ആണസോണില്‍ നിന്നും ഗവേഷകര്‍ കൂറ്റനൊരു അനാക്കോണ്ടയെ കണ്ടെത്തിയിരുന്നു. വെള്ളത്തിലൂടെ നീന്തുന്ന അനാക്കോണ്ടയുടെ ദൃശ്യങ്ങൾ അന്ന് വൈറലായിരുന്നു. ഏതാനും ആഴ്ചകൾക്ക് ശേഷം ആ അനാക്കോണ്ട വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതും വലിയ വാര്‍ത്താപ്രാധാന്യം നേടി. ഇതിന് പിന്നാലെ കഴിഞ്ഞ മാര്‍ച്ചില്‍ ബ്രസീലില്‍ വച്ച് വിനോദ സഞ്ചാരികൾ കൂറ്റനൊരു അനാക്കോണ്ടയെ കണ്ടെത്തിയിരുന്നു. ഇതിന്‍റെ വീഡിയോകൾ ഇൻസൈഡ് ഹിസ്റ്ററി എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവയ്ക്കപ്പെട്ടപ്പോഴും വൈറലായിരുന്നു. അതേസമയം പുതിയ അനാക്കോണ്ടയെ എവിടെ വച്ച് എപ്പോൾ കണ്ടെത്തിയെന്നതിന് സ്ഥിരീകരണമില്ല.