
നിധി കണ്ടെത്തുന്ന വീഡിയോ റീലുകൾക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ കാഴ്ചക്കാരാണ് ഉള്ളത്. അത്തരത്തിലുള്ള നിരവധി വീഡിയോകൾ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍, ചില കള്ളനാണയങ്ങളും അതിനിടെ നിധി ലഭിച്ചെന്ന തരത്തിലുള്ള വീഡിയോകൾ പങ്കുവയ്ക്കാറുണ്ടെങ്കിലും സോഷ്യല്‍ മീഡിയ ഉപയോക്താക്കൾ അവയുടെ ആധികാരികതയെ ചോദ്യം ചെയ്യുകയും തട്ടിപ്പാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. അത്തരമെരു വീഡിയോയെ ചൊല്ലി സമൂഹ മാധ്യമ ഉപയോക്താക്കൾ രണ്ട് തട്ടിലായി.
ആർക്കിയോളജി സര്‍വ്വീസ് എന്ന് സ്വയം വിശേഷിപ്പിച്ച ഫെലിസ്യാബ് സികോ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരു കുഴി കുത്തുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അല്പം നേരത്തിന് ശേഷം. ഒരു പെട്ടി കണ്ടെത്തുകയും അത് പുറത്തെടുക്കുകയും ചെയ്യുന്നു. പണ്ട് കാലത്ത് പട്ടാളക്കാര്‍ ഉപയോഗിച്ചിരുന്ന ഇരുമ്പിന്‍റെ ഒരു പഴയ ട്രങ്ക് പെട്ടി പോലുള്ള ഒന്നായിരുന്നു അത്. സാമാന്യം ഭാരം തോന്നിച്ച പെട്ടി ഒരു വിധത്തില്‍ പുറത്തെടുത്ത് തുറന്ന് നോക്കിയപ്പോള്‍ അതിനുള്ളിൽ നിറയെ സ്വർണ്ണത്തില്‍ തീര്‍ത്ത ആഭരണങ്ങളും സ്വര്‍ണ്ണ പ്രതിമകളും അടുക്കി വച്ചിരിക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ അവസാനിക്കുന്നു. .
'നിധി ഭൂപടം അനുസരിച്ച് ഒരു പുരാതന നിധി കണ്ടെത്തി' എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരുന്ന അടിക്കുറിപ്പ്. സമാനമായ നിരവധി വീഡിയോകൾ ഈ അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. പന്ത്രണ്ട് ലക്ഷത്തോളം പേരാണ് വീഡിയോ ഇതിനകം കണ്ടത്. എന്നാല്‍, സമൂഹ മാധ്യമ കാഴ്ചക്കാര്‍ വീഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്തു. ഒന്നുമില്ലെങ്കിലും ആ പെട്ടി ഒരു പൂട്ടിട്ടെങ്കിലും പൂട്ടാമായിരുന്നു എന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. മറ്റ് ചിലര്‍ വെടിമരുന്ന് പെട്ടിയിലാണോ നിധി നിറയ്ക്കുന്നത് എന്നായിരുന്നു ചോദിച്ചത്. അതേസമയം ലോക മഹായുദ്ധത്തിന് കൊണ്ട് വന്ന് കുഴിച്ചിട്ട നിധിയായിരിക്കും എന്ന് ഒരു കാഴ്ചക്കാരന്‍ കുറിച്ചു.