
സോഷ്യൽ മീഡിയ സജീവമായതോടെ എന്തെല്ലാം എന്തെല്ലാം വീഡിയോകളാണ് ഓരോ ദിവസവും നമ്മുടെ കൺമുന്നിലെത്തുന്നത് അല്ലേ? നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത ലോകമാണ് മൃഗങ്ങളുടേതും അതുപോലെ മറ്റുള്ള ജീവികളുടേതും. അവിടെ നിന്നുള്ള വീഡിയോകളും ഇപ്പോൾ നമുക്ക് മുന്നിലെത്താറുണ്ട്. ഇരയെ പിടിക്കാനുള്ള വ്യഗ്രതയും, വേട്ടക്കാരനിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമങ്ങളുമെന്ന് വേണ്ട ഒരുപാട് കാഴ്ചകൾ നമുക്ക് മുന്നിൽ ഇതുപോലെ എത്താറുണ്ട്.
അതുപോലെ ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് നേച്ചർ ഈസ് അമേസിംഗ് എന്ന അക്കൗണ്ടിൽ നിന്നാണ്. ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ ഈ പേജിൽ നിന്നും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
വീഡിയോയിൽ കാണുന്നത് കുറേയേറെ മുതലകൾക്കിടയിൽ പെട്ടുപോകുന്ന ഒരു സീബ്രയേയാണ്. സീബ്രയെ ഒരു മുതല എങ്ങനെയും കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതും കാണാം. ഒരു മുതല സീബ്രയുടെ തല വായിലാക്കാൻ ശ്രമിക്കുന്നുമുണ്ട്. എന്നാൽ, തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് പിന്നെ സംഭവിക്കുന്നത്.
സീബ്ര അതിലൊരു മുതലയുടെ തല തന്റെ വായിലാക്കുന്നത് കാണാം. അതോടെ മറ്റ് മുതലകളും സീബ്രയെ അക്രമിക്കാൻ വരുന്നുണ്ട്. എന്നാൽ, സീബ്ര തന്റെ പരമാവധി കരുത്തും പ്രയോഗിച്ചു കൊണ്ട് ഈ മുതലകളിൽ നിന്നും രക്ഷപ്പെടുന്നതും ഒടുവിൽ കരയിലേക്ക് കേറിപ്പോകുന്നതും കാണാം. നെഞ്ചിടിപ്പോട് കൂടിയല്ലാതെ നമുക്ക് ഈ വീഡിയോ കാണാനാവില്ല.
15 മില്ല്യൺ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയതും. സീബ്രയുടെ ധൈര്യത്തെ സമ്മതിക്കണം എന്നും സ്വന്തം ജീവൻ രക്ഷിക്കാൻ സീബ്ര നടത്തിയ പോരാട്ടം സമ്മതിക്കണമെന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. അതേസമയം ഇതിലൊന്നും ഇടപെടാതെ ഒരു ഹിപ്പോയും വെള്ളത്തിലുണ്ടായിരുന്നു. അതും പലരും ചൂണ്ടിക്കാട്ടി.