കാട്ടാന പിന്തിരിയുമ്പോഴൊക്കെ യുവാവ് ആനയുടെ പിന്നാലെ ചെന്ന് അതിനെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
മഞ്ഞ് കാലം കഴിഞ്ഞ് വേനല്‍ക്കാലത്തിലേക്ക് കടക്കുകയാണ് പ്രകൃതി. ഇതോടെ നാടും നഗരവും വനവും ചൂട് പിടിക്കും. കാടുകളിലേത് ഉൾപ്പെടെ ജലാശയങ്ങളും വറ്റിത്തുടങ്ങും. ഏറ്റവും കുടുതല്‍ ജലം ആവശ്യമുള്ള കരയിലെ ഏറ്റവും വലിയ ജീവിയായ ആനയടക്കമുള്ള മൃഗങ്ങൾ ഭക്ഷണത്തിനും വെള്ളത്തിനുമായി വനാതിര്‍ത്തിയിലെ ഗ്രാമങ്ങളിലേക്കും ഇക്കാലത്ത് ഇറങ്ങും. സ്വാഭാവികമായും മനുഷ്യ മൃഗ സംഘർഷങ്ങള്‍ ഇക്കാലത്ത് വർദ്ധിക്കും. എന്നാല്‍, പലരും ഇത്തരം കാര്യങ്ങളില്‍ തീരെ ശ്രദ്ധയില്ലാത്തവരാണ്. പലപ്പോഴും കാട്ടിലൂടെയുള്ള യാത്രകളില്‍ മൃഗങ്ങളെ കാണുമ്പോൾ അവര്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു. അത് പലപ്പോഴും വലിയ അപകടങ്ങൾക്കും കാരണമാകും. അത്തരമൊരു വീഡിയോ പങ്കുവച്ച് കൊണ്ട് എഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന്‍ ഈ വീഡിയോയില്‍ ആരാണ് മൃഗം എന്ന് ചോദിച്ചപ്പോൾ സമൂഹ മാധ്യമ ഉപയോക്താക്കൾ ഒന്നടങ്കം പറഞ്ഞത് മനുഷ്യനാണെന്നായിരുന്നു.
'ഒരുപക്ഷേ നിങ്ങൾ ചെറുപ്പമായിരിക്കാം, നിങ്ങൾക്ക് ആനകളെ മറികടക്കാൻ കഴിയും. എന്നാൽ, പ്രകോപിതരായ ഈ മൃഗങ്ങൾ അടുത്ത കുറച്ച് ദിവസത്തേക്ക് മറ്റ് മനുഷ്യരെ കണ്ടാൽ സമാധാനപരമായി പെരുമാറില്ല. നിങ്ങളുടെ വിനോദത്തിനായി വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുത്.' വീഡിയോ പങ്കുവച്ച് കൊണ്ട് പ്രവീണ്‍ എഴുതി. വീഡിയോയില്‍ ഒരു തെയിലത്തോട്ടത്തിന് ഇടയിലൂടെ പോകുന്ന റോഡ് മുറിച്ച് കടക്കാനായി ഒരു ആനയെത്തുമ്പോൾ വാഹനങ്ങള്‍ ഇരുവശത്തുമായി ദൂരെ പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം. ഇതിനിടെ ഒരു യുവാവ് ആനയുടെ അടുത്ത് പോയി അതിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു. ആന പിന്തിരിയുമ്പോഴൊക്കെ യുവാവ് ആനയുടെ പിന്നാലെ പോകുകയും വീണ്ടും വീണ്ടും അതിനെ ശല്യം ചെയ്യുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ മറ്റ് ചില ആനകളും റോഡ് മുറിച്ച് കടക്കാനെത്തുകയും അവ റോഡ് മുറിച്ച് കടന്നതിന് പിന്നാലെ ആദ്യത്തെ ആനയും റോഡ് മുറിച്ച് കടന്ന് അപ്പുറം പോകുന്നു. ഇതിനിടെ യുവാവ് ആനകളുടെ പിന്നാലെ പോകുന്നതും വീഡിയോയില്‍ കാണാം.
200 വര്‍ഷം പഴക്കമുള്ള പൌരാണിക ക്ഷേത്രത്തില്‍ വിവാഹം; പിന്നാലെ സംഘര്‍ഷം, സംഭവം മധ്യപ്രദേശിൽ
മറ്റൊരു കുറിപ്പില്‍ ആനകളെ കുറിച്ച് ഗവേഷണം ചെയ്യുന്ന പ്രവീണ്‍ കസ്വാന്‍, ആനകൾ ഏറെ ബുദ്ധിയുള്ള മൃഗങ്ങളാണെന്നും മനുഷ്യരുമായുള്ള ഇടപെടല്‍ അവയുടെ പെരുമാറ്റത്തെ ഗണ്യമായി സ്വാധീനിക്കുമെന്നും ചൂണ്ടിക്കാട്ടി. 'മനുഷ്യരുടെ ഉപദ്രവമോ പ്രകോപനമോ പിന്നീടുള്ള ദിവസങ്ങളിൽ ആനകളിൽ വലിയ തോതിലുള്ള പെരുമാറ്റ മാറ്റങ്ങൾക്ക് കാരണമാകും. ആനകളെ ഉപദ്രവിക്കുന്നത് അധാർമ്മികമാണെന്ന് മാത്രമല്ല, അവയുടെ ക്ഷേമത്തിലും പെരുമാറ്റത്തിലും വ്യക്തമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നു, ഇത് മൃഗങ്ങൾക്കും മനുഷ്യർക്കും അപകടകരമാണ്," പ്രവീണ്‍ കസ്വാന്‍ ഐഎഫ്എഫ് മുന്നറിയിപ്പ് നല്‍കി.
