1,000 ഡോളർ വിലയുള്ള മരുന്ന് ഇന്ത്യയിൽ നിന്ന് വെറും 25 ഡോളറിന്! യുഎസ് ആരോഗ്യരംഗം വൻ 'തട്ടിപ്പെന്ന്' യുവതി, വീഡിയോ

Published : Jun 13, 2026, 11:59 AM IST
 US Healthcare System Scam

Synopsis

അമേരിക്കയിൽ 1000 ഡോളർ വിലയുള്ള മരുന്ന് ഇന്ത്യയിൽ നിന്ന് വെറും 25 ഡോളറിന് വാങ്ങിയ അനുഭവം പങ്കുവെച്ച് യുഎസ് യുവതി. അമേരിക്കയിലെ ഉയർന്ന മരുന്ന് വിലയെയും ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തെയും വിമർശിക്കുന്ന യുവതിയുടെ വീഡിയോ വൈറലായി. ഈ വലിയ വിലവ്യത്യാസം അമേരിക്കൻ ആരോഗ്യ സംവിധാനത്തിലെ ചൂഷണമാണ് കാണിക്കുന്നതെന്നും അവർ ആരോപിക്കുന്നു.

 

അമേരിക്കയിലെ ഉയർന്ന മരുന്ന് വിലയെയും ആരോഗ്യ ഇൻഷുറൻസ് സംവിധാനങ്ങളെയും രൂക്ഷമായി വിമർശിച്ച് യുഎസ് സ്വദേശിനിയായ യുവതി. അമേരിക്കയിൽ 1,000 ഡോളർ (ഏകദേശം 84,000 രൂപയിലധികം) വിലയുള്ള ഒരു മരുന്ന് ഇന്ത്യയിൽ നിന്ന് വെറും 25 ഡോളറിന് (ഏകദേശം 2,100 രൂപ) വാങ്ങാൻ കഴിഞ്ഞെന്ന് വിക്ടോറിയ എന്ന യുവതിയുടെ വെളിപ്പെടുത്തൽ. ഇൻസ്റ്റാഗ്രാമിൽ ഇവർ പങ്കുവെച്ച വീഡിയോ വൈറലായി.

'യുഎസിൽ 1,000 ഡോളർ, ഇന്ത്യയിൽ 10 ഡോളർ'

യുഎസിൽ വച്ച് ഡോക്ടർ എഴുതിത്തന്ന മരുന്നിന്‍റെ ചിലവ് വഹിക്കാൻ ഇൻഷുറൻസ് കമ്പനി തയ്യാറാകാതിരുന്നതോടെയാണ് വിക്ടോറിയ പ്രതിസന്ധിയിലായത്. ആകെ ആറ് ഗുളികകൾ മാത്രമുള്ള ഈ മരുന്നിനായി കയ്യിൽ നിന്ന് വൻ തുക നൽകേണ്ടി വരുമെന്ന സാഹചര്യത്തിൽ ഡോക്ടർ തന്നെ വിക്ടോറിയയോട് ഒരു കനേഡിയൻ ഫാർമസിയെ സമീപിക്കാൻ നിർദേശിച്ചു. ഈ ഫാർമസി മരുന്ന് നേരിട്ട് ഇന്ത്യൻ നിർമ്മാതാക്കളിൽ നിന്ന് ഓർഡർ ചെയ്ത് വിക്ടോറിയയ്ക്ക് കൈമാറി. "അമേരിക്കയിൽ എനിക്ക് 1,000 ഡോളർ ചിലവ് വരുമായിരുന്ന മരുന്നാണ് ഞാൻ വെറും 25 ഡോളറിന് വാങ്ങിയത്. അതും വെറും ആറ് ചെറിയ ഗുളികകൾക്ക്! എന്‍റെ ഇൻഷുറൻസ് ഇത് കവർ ചെയ്യാത്തത് കൊണ്ടാണ് ഇത്രയും വലിയ തുക നൽകേണ്ടി വരുമായിരുന്നത്," വിക്ടോറിയ വീഡിയോയിൽ പറയുന്നു.

 

 

'ബാക്കിത്തുക ആർക്കാണ് പോകുന്നത്?'

കനേഡിയൻ ഫാർമസി വഴി ഓർഡർ ചെയ്തപ്പോൾ വലിയ തുകയാകുമെന്നാണ് വിക്ടോറിയ കരുതിയത്. എന്നാൽ, യഥാർത്ഥ വില കേട്ട് അവർ അത്ഭുതപ്പെട്ടു. "അവർ എന്നോട് പറഞ്ഞത് വെറും 25 ഡോളർ മാത്രമാണ്. മരുന്നിന് 10 ഡോളറും, ഇന്ത്യയിലെ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് എന്‍റെ കൈകളിൽ എത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര ഷിപ്പിംഗ് ചാർജ് 15 ഡോളറും. അങ്ങനെ ആകെ 25 ഡോളർ!" വിക്ടോറിയ പറയുന്നു. അമേരിക്കയിലെ സാധാരണക്കാരായ ജനങ്ങൾ അവിടുത്തെ ആരോഗ്യ സംവിധാനങ്ങളാൽ ക്രൂരമായി വഞ്ചിക്കപ്പെടുകയാണെന്ന് വിക്ടോറിയ ആരോപിച്ചു. ഇത്രയും വലിയ തുക ഈടാക്കുമ്പോൾ ബാക്കി പണം ആരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നും അവർ ചോദിക്കുന്നു. "അമേരിക്കയിലെ നമ്മുടെ ആരോഗ്യസംവിധാനം ഒരു തമാശയാണ്. നമ്മൾ പൂർണ്ണമായും വഞ്ചിക്കപ്പെടുകയാണ്. ഈ മരുന്നിന് ഇവിടെ എങ്ങനെയാണ് 1,000 ഡോളർ വില വരുന്നത്? അതേ മരുന്ന് എനിക്ക് വെറും 10 ഡോളറിന് (ഷിപ്പിംഗ് ഒഴികെ) വാങ്ങാൻ കഴിഞ്ഞു. അങ്ങനെയെങ്കിൽ അമേരിക്കയിൽ ഞാൻ കൊടുക്കേണ്ടി വരുമായിരുന്ന ആ 1,000 ഡോളർ ആർക്കാണ് പോകുന്നത്? അതൊരു ചോദ്യം മാത്രമാണ്, ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും," വിക്ടോറിയ കൂട്ടിച്ചേർത്തു.

'ഇന്ത്യയിലേക്ക് വരൂ, ജീവിതം ആസ്വദിക്കൂ'

വീഡിയോ വൈറലായതോടെ അമേരിക്കൻ ആരോഗ്യരംഗത്തെ ചൂഷണങ്ങളെ വിമർശിച്ചും, ഇന്ത്യയിലെ കുറഞ്ഞ നിരക്കിലുള്ള മരുന്നുകളെ പ്രകീർത്തിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. വീഡിയോയ്ക്ക് താഴെ വന്ന ചില പ്രധാന പ്രതികരണങ്ങൾ ഇങ്ങനെയാണ്, "ഞാൻ പ്രിസ്ക്രിപ്ഷൻ പോലുമില്ലാതെ ഇന്ത്യയിൽ നിന്ന് നേരിട്ട് മരുന്നുകൾ ഓർഡർ ചെയ്യാറുണ്ട്." എന്നായിരുന്നു ഒരു കുറിപ്പ്. "ഇന്ത്യയിൽ ഇതിന് പരമാവധി 100 രൂപയേ വരൂ, അതായത് ഒരു ഡോളറിൽ താഴെ മാത്രം!" മറ്റൊരാൾ അഭിപ്രായപ്പെട്ടു. മൂന്നാമതൊരു വ്യക്തിയുടെ നിർദ്ദേശം ഇങ്ങനെയായിരുന്നു: "ഇന്ത്യയിലേക്ക് ഒരു വിമാനം കയറുക, അവിടെ ഒരാഴ്ച അടിച്ചുപൊളിച്ച് വിനോദ യാത്ര നടത്തുക, ഫാർമസിയിൽ പോയി ആവശ്യമുള്ള മരുന്നുകളെല്ലാം വാങ്ങുക, എന്നിട്ട് അമേരിക്കയിലേക്ക് തിരികെ വരിക. എന്നാൽ പോലും നിങ്ങൾക്ക് 1,000 ഡോളറിൽ താഴെയേ ചിലവ് വരൂ!"

 

PREV
Read more Articles on
click me!

Recommended Stories

'അത്രക്ക് സങ്കുചിത മനസ്സുള്ളവർ ഇന്ത്യയിലേക്ക് വരേണ്ടതില്ല'; സോഷ്യൽ മീഡിയയിലെ 'ഇന്ത്യാ വിരുദ്ധ' പ്രചരണങ്ങൾക്കെതിരെ ബ്രിട്ടീഷ് സഞ്ചാരി
ഒന്നും രണ്ടുമല്ല, കേന്ദ്രസർക്കാറിന്‍റെ 19 പരീക്ഷകൾ വിജയച്ചു; 'എന്തേ ഒരിടത്തും കേറാത്ത'തെന്ന് ചോദിച്ച് സോഷ്യൽ മീഡിയ