'അസ്ഥികൾ പോലും മരവിക്കും'; ഇടിഞ്ഞ് താഴുന്ന കൂറ്റൻ മലയോടൊപ്പം ബൈക്ക് യാത്രക്കാരനും നദിയിലേക്ക്... വീഡിയോ

Published : Jun 29, 2026, 03:35 PM IST
 Massive Landslide In Arunachal Pradesh

Synopsis

അരുണാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ മലയുടെ ഒരു ഭാഗം നദിയിലേക്ക് ഇടിഞ്ഞു വീണു. ഈ സമയം റോഡിലൂടെ വരികയായിരുന്ന ഒരു ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ സംഭവത്തിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

 

കേരളത്തിൽ മൺസൂൺ ശക്തി പ്രാപിക്കേണ്ടിയിരുന്ന ജൂൺ മാസമാണ് മഴ പോലുമില്ലാതെ കടന്ന് പോയത്. ഇവിടെ മഴ പെയ്യുന്നില്ലെങ്കിലും അങ്ങ് അരുണാചൽപ്രദേശിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിശക്തമായ മഴയ്ക്ക് പിന്നാലെ വൻനാശം വിതച്ചുള്ള ഉരുൾപൊട്ടലും മലയിടിച്ചിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഏറ്റവും ഒടുവിലായി നദിയിലേക്ക് ഇടിഞ്ഞ് നൂർന്ന ഒരു മലയും ആ മലയിലെ റോഡിലൂടെ വരികയായിരുന്ന ബൈക്ക് യാത്രക്കാരന്‍റെ അത്ഭുതകരമായ രക്ഷപ്പെടലും കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

മല ഇടിഞ്ഞ് നദിയിലേക്ക്

ഇന്നലെ (28.6.'26) പെയ്ത അതിശക്തമായ മഴയ്ക്ക് പിന്നാലെ അരുണാചൽപ്രദേശിലെ ലോവർ സിയാങ് ജില്ലയിലെ സിജി ഗ്രാമത്തിലാണ് സംഭവം. കനത്ത മഴയിൽ നന‌ഞ്ഞ് കിടന്നിരുന്ന മലഞ്ചെരുവിലെ റോഡ് ബൈക്കിൽ മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അസാധാരണമായ സംഭവം. കൂറ്റൻ മലഞ്ചെരുവിലെ റോഡിനൊപ്പം ബൈക്കും ബൈക്ക് യാത്രക്കാരനും താഴെ നദിയിലേക്ക് താഴ്ന്നിറങ്ങി. ഭയപ്പെടുത്തുന്ന ആ ദൃശ്യത്തിൽ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെടുന്നതും കാണാം. തുടർച്ചയായ മഴക്കാലത്ത് വടക്കുകിഴക്കൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലിനും റോഡുകൾ ദുർബലമാകുന്നതും ഇന്ന് പതിവാണ്.

 

 

അമ്പരപ്പിക്കുന്ന കാഴ്ച

ഒരു കുന്ന് മുറിച്ച് പണിത ഇടുങ്ങിയതും ചെളി നിറഞ്ഞതുമായ റോഡിലൂടെ ഒരു ബൈക്ക് യാത്രക്കാരൻ വരുന്നത് വീഡിയോയിൽ കാണാം. പെട്ടെന്ന് റോഡോടോപ്പം മല അങ്ങനെ തന്നെ ഇടിഞ്ഞ് താഴേയ്ക്ക് ഇരുന്നു. നിമിഷങ്ങൾക്കുള്ളിൽ, മണ്ണും പാറകളും അവശിഷ്ടങ്ങളും നിറഞ്ഞ മലയുടെ ഒരു വലിയ ഭാഗം താഴേക്ക് ഇരുന്നു. കാഴ്ചയിൽ അത്യന്തം ഭയാനകമായിരുന്നെങ്കിലും ബൈക്ക് യാത്രക്കാരൻ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ജീവിതത്തിലേക്ക് രണ്ടാം അവസരം

വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. കമന്‍റ് ബോക്സുകളിൽ നിറയെ 'ജീവിതത്തിലേക്കുള്ള രണ്ടാം അവസരം' എന്നായിരുന്നു കുറിക്കപ്പെട്ടതും. മണ്ണിടിച്ചിലിന്‍റെ തീവ്രത കണ്ട് പല കാഴ്ചക്കാരും ബൈക്ക് യാത്രക്കാരന്‍റെ അതിജീവിതത്തിൽ അമ്പരപ്പ് പ്രകടിപ്പിച്ചു. മറ്റ് ചിലർ അദ്ദേഹം മഹാഭാഗ്യവാനാണെന്ന തരത്തിൽ, ഒരു ലോട്ടറി കൂടി എടുക്കുന്നത് നന്നായിരിക്കുമെന്ന് കുറിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ജപ്പാനിൽ ശരിക്കും ഞെട്ടിച്ച കാര്യം! വീഡിയോയ്ക്ക് കാഴ്ച്ചക്കാർ 35 മില്ല്യൺ!
കാണുമ്പോൾ തന്നെ അറപ്പ് തോന്നുന്നു; ട്രെയിൻ സീറ്റിലിരുന്ന് കൈകഴുകി വെള്ളം നിലത്തൊഴിച്ചും കടലത്തോട് വലിച്ചെറിഞ്ഞും സ്ത്രീ