
ബീഹാറിലെ മോട്ടീഹാരി ജില്ലയിലുള്ള പഹാഡ്‌പൂർ ഗ്രാമം ഇപ്പോൾ ഒരു കൊച്ചു മിടുക്കന്‍റെ ധീരതയെയും സഹാനുഭൂതിയെയും കുറിച്ച് അഭിമാനിക്കുന്നു. ആഴമേറിയ കിണറ്റിലേക്ക് അബദ്ധത്തിൽ വീണുപോയ ഒരു ആട്ടിൻകുട്ടിയെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച ഒരു ആ കുട്ടി ഇന്ന് സമൂഹ മാധ്യമങ്ങളിൽ താരമാണ്.
ഗ്രാമത്തിലെ ഒരു കിണറിന് സമീപം കളിച്ചുകൊണ്ടിരുന്ന ആട്ടിൻകുട്ടി അപ്രതീക്ഷിതമായാണ് 40 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽ വഴുതി വീണത്. ആട്ടിൻകുട്ടിയുടെ കരച്ചിൽ കേട്ട് ഗ്രാമവാസികൾ ഓടിക്കൂടിയെങ്കിലും, കിണറിന്‍റെ ഭീകരമായ ആഴം കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായി മാറി. പലതവണ ശ്രമിച്ചിട്ടും ആടിനെ കുണറിന് പുറത്തെത്തിക്കാൻ ആർക്കും സാധിച്ചില്ല. വളരെ ആഴമുള്ള കിണറായതിനാൽ പലരും കിണറ്റലേക്ക് ഇറങ്ങാൻ മടിച്ചു.
മറ്റ് വഴികളില്ലാതെ വന്നപ്പോൾ, രക്ഷാപ്രവർത്തനത്തിനായി ഗ്രാമത്തിലെ ഒരു കുട്ടി സ്വയം സന്നദ്ധനായി മുന്നോട്ടുവന്നു. അപകട സാധ്യത ഏറെയായിരുന്നിട്ടും അവൻ പിന്മാറിയില്ല. പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ കുട്ടിയുടെ നിശ്ചയദാർഢ്യത്തിന് ഒടുവിൽ, ഗ്രാമവാസികൾ അവന്‍റെ അരയിൽ കയർ കെട്ടി വളരെ ശ്രദ്ധയോടെ കിണറ്റിലേക്ക് താഴ്ത്തി. അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ച കുട്ടി, കിണറ്റിലെ ഭയന്നുവിറച്ചിരുന്ന ആട്ടിൻകുട്ടിയെ മുറുകെ പിടിച്ചു. പിന്നാലെ ഗ്രാമവാസികൾ ഇരുവരെയും സുരക്ഷിതമായി മുകളിലേക്ക് വലിച്ചു കയറ്റി.
ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് കുട്ടിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഒരു നിസ്സഹായനായ ജീവിയെ രക്ഷിക്കാൻ കുട്ടി കാണിച്ച ആർജ്ജവത്തെയും ഗ്രാമവാസികളുടെ കൂട്ടായ പരിശ്രമത്തെയും സമൂഹ മാധ്യമ ഉപയോക്താക്കൾ പുകഴ്ത്തി. സ്വന്തം ജീവൻ പോലും വകവെക്കാതെ കാരുണ്യത്തിന്‍റെ മാതൃക കാണിച്ച ഈ കൊച്ചു മിടുക്കൻ ഇപ്പോൾ ഗ്രാമവാസികൾക്ക് ഹീറോ ആണ്. എന്നാൽ. കുട്ടികളെ ഇത്തരം പ്രവർത്തികൾക്ക് പ്രോത്സാഹിപ്പിക്കരുതെന്നും നിരവധിപ്പേർ കുറിച്ചു.