ഇന്ത്യയിലെ നീറ്റ് പ്രതിഷേധത്തിൽ പ്രതികരിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കി വിദേശ വ്ലോഗർമാർ. രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയാൻ നിയമപരമായ നിയന്ത്രണങ്ങളുണ്ടെന്നും, വിസ റദ്ദാക്കൽ, നാടുകടത്തൽ പോലുള്ള പ്രത്യാഘാതങ്ങൾ ഭയന്നാണ് മൗനം പാലിക്കുന്നതെന്നും അവർ വിശദീകരിച്ചു.
ഇന്ത്യയിൽ താമസിച്ച് രാജ്യത്തെ ജീവിതരീതിയും സംസ്കാരവും യാത്രാ വിശേഷങ്ങളും എന്ന് വേണ്ട് ദൈനം ദിന ജീവിതത്തിലെ ഏതൊരു കുഞ്ഞ് കാര്യവുമെടുത്ത് വീഡിയോയും വ്ളോഗും ചെയ്ത് വിവിധ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് പ്രശസ്തരാണ ഇന്ത്യയിൽ താമസിക്കുന്ന പല വിദേശ പൗരന്മാരും. എന്നാൽ, കഴിഞ്ഞ മൂന്ന ആഴ്ചയിലേറെയായി രാജ്യ തലസ്ഥാനത്ത് നടക്കുന്ന സിജെപിയുടെ നീറ്റ് പ്രതിഷേധത്തിനെ സൂചിപ്പിച്ച് കൊണ്ട് ഒരു വീഡിയോ പോലും ഇവർ ചെയ്തിരുന്നില്ലെന്ന് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ തങ്ങളുടെ നിലപാട് വ്യക്തമാക്കി രാജ്യത്ത് താമിസിക്കുന്ന പല വിദേശ വ്ളാഗർമാരും വീഡിയോകൾ പങ്കുവച്ചു.
'ഒപ്പം ഞങ്ങളുമുണ്ട് പക്ഷേ, നിയന്ത്രണങ്ങളുണ്ട്'
അമേരിക്കൻ വ്ലോഗറായ ലിസ്, ഇന്ത്യൻ പങ്കാളിയായ ശിവിനൊപ്പം നടത്തുന്ന 'Liz and Shiv' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തന്‍റെ വിശദീകരണം നൽകിയത്. ഇന്ത്യ തനിക്ക് രണ്ടാമത്തെ വീടുപോലെയാണെന്നും രാജ്യത്തെയും ജനങ്ങളെയും ഏറെ സ്നേഹിക്കുന്നുവെന്നും ലിസ് വീഡിയോയിൽ അവകാശപ്പെട്ടു. എന്നാൽ ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങളെയോ പ്രതിഷേധങ്ങളെയോ കുറിച്ച് അഭിപ്രായം പറയാൻ വിദേശ പൗരന്മാർക്ക് നിയമപരമായ നിയന്ത്രണങ്ങളുണ്ടെന്ന് ലിസ് ചൂണ്ടിക്കാട്ടി.
'നാടുകടത്തപ്പെട്ടേക്കാം'
ഇന്ത്യയിലെ കുടിയേറ്റ-വിദേശപൗര നിയമങ്ങൾ പ്രകാരം രാഷ്ട്രീയ പ്രവർത്തനങ്ങളിലോ പ്രതിഷേധങ്ങളിലോ വിദേശികൾ ഇടപെടുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ലിസ് പറയുന്നു. അത്തരം സാഹചര്യങ്ങളിൽ വിസ റദ്ദാക്കപ്പെടാനും രാജ്യത്ത് നിന്ന് നാടുകടത്തപ്പെടാനും ഭാവിയിൽ ഇന്ത്യയിൽ പ്രവേശിക്കുന്നതിന് വിലക്ക് നേരിടാനും നിയമനടപടികൾ നേരിടാനും സാധ്യതയുണ്ടെന്ന് അവർ വിശദീകരിച്ചു. അതിനാലാണ് ഇത്തരത്തിലുള്ള വിഷയങ്ങളിൽ പ്രതികരിക്കാതിരിക്കുന്നതെന്നും ലിസ് വ്യക്തമാക്കി.
വിമർശനം
ഓസ്ട്രേലിയൻ വ്ലോഗറായ ആൻഡി ഇവാൻസും സമാനമായ നിലപാടാണ് പങ്കുവെച്ചത്. ഇന്ത്യയിൽ കഴിയുന്ന വിദേശിയായതിനാൽ ഇത്തരം രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയാൻ തനിക്ക് കഴിയില്ലെന്നും ഇന്ത്യയിൽ താമസിക്കുന്ന മറ്റ് വിദേശ വ്ളോഗർമാരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ആൻഡി ഇവാൻസ് വീഡിയോയിൽ മുന്നറിയിപ്പ് നൽകി. വിദേശ വ്ലോഗർമാരുടെ ഈ വിശദീകരണം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. ചിലർ അവരുടെ നിലപാടിനെ നിയമപരമായ മുൻകരുതലായി വിലയിരുത്തിയപ്പോൾ, മറ്റുചിലർ പൊതുജന പ്രാധാന്യമുള്ള വിഷയങ്ങളിൽ മൗനം പാലിക്കുന്നതിനെ വിമർശിക്കുകയും ചെയ്തു. അതേസമയം, രാജ്യത്ത് തുടരുന്നതിനും വിസ സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഇത്തരമൊരു സമീപനം സ്വീകരിക്കുന്നതെന്ന് വ്ലോഗർമാർ ആവർത്തിച്ച് വ്യക്തമാക്കി.


