സ്വകാര്യ കാബിൽ യാത്ര ചെയ്യുകയായിരുന്ന മൂന്ന് യുവതികളോട്, യാത്രയ്ക്കിടെ തന്‍റെ സുഹൃത്തിനെ കൂടി കയറ്റണമെന്ന് ഡ്രൈവർ നിർബന്ധം പിടിച്ചു. യുവതികൾ വിസമ്മതിച്ചപ്പോൾ, ഡ്രൈവർ അവരോട് മറ്റൊരു കാബ് ബുക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. ഈ സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി.
മൂന്ന് യുവതികൾ ബുക്ക് ചെയ്ത് സഞ്ചരിക്കുകയായിരുന്ന സ്വകാര്യ കാബിൽ യാത്രയ്ക്കിടെ തന്‍റെ സുഹൃത്തിനെ കൂടി കയറ്റണമെന്ന് നിർബന്ധം പിടിച്ച് ഡ്രൈവർ. എന്നാൽ, യുവതികൾ ഇതിന് തയ്യാറാകാത്തെ വന്നതോടെ ഇയാൾ മറ്റൊരു കാബ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ യുവതികളോട് ആവശ്യപ്പെട്ടെന്ന് പരാതി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വിവാദമായി. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
സുഹൃത്തിനെ കയറ്റണമെന്ന് ഡ്രൈവറുടെ വാശി
കഴിഞ്ഞ ആഴ്ച പൂനെയിൽ ശക്തമായ മഴയുണ്ടായിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് സമൂഹ മാധ്യമങ്ങളിൽ പറയുന്നത്. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ഡ്രൈവർ വാഹനം നിർത്തി. തന്‍റെ സുഹൃത്തിനെ കൂടി വാഹനത്തിൽ കയറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, തങ്ങളെ ഇറക്കി വിട്ട ശേഷം സുഹൃത്തിനെ കൂട്ടി പോകാൻ യുവതികൾ ആവശ്യപ്പെട്ടു. ഈ സമയം തനിക്ക് ആവശ്യത്തിന് സിഎൻജി ഇല്ലെന്നും അതിനാൽ സുഹൃത്തിനെ പ്രത്യേകം ഇറക്കിവിടാൻ കഴിയില്ലെന്നും ഡ്രൈവർ. ഒപ്പം ഏതാണ്ട് ഒരു കിലോമീറ്റർ ദൂരമേ ബാക്കിയുള്ളൂവെന്നും അത് വരെ അയാളെ കൂടി യാത്ര ചെയ്യാൻ അനുവദിക്കണമെന്നും അയാൾ യുവതികളോട് ആവശ്യപ്പെട്ടു.
എന്നാൽ, യാത്ര തുടങ്ങുന്നതിന് മുമ്പ് ഇക്കാര്യം അറിയിക്കാതിരുന്നത് എന്ത് കൊണ്ടാണെന്നും അപരിചതനായ ഒരാളെ യുവതികൾ മാത്രം കയറിയ ഒരു സ്വകാര്യ കാബിൽ കയറ്റാൻ എന്തിന് സമ്മതിക്കണമെന്നും യുവതികൾ ചോദിച്ചു. ഇതിന് മറുപടിയായി, "ഒരു കിലോമീറ്റർ മാത്രമല്ലേ, ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ" എന്നാണ് ഡ്രൈവർ ആവർത്തിച്ച് ആവശ്യപ്പെട്ടത്. എന്നാൽ, യുവതികൾ ഡ്രൈവറുടെ ആവശ്യം നിരസിച്ചു. ഇതോടെ മറ്റൊരു കാബ് ബുക്ക് ചെയ്യാൻ ഡ്രൈവർ യുവതികളോട് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.
സുരക്ഷാ ആശങ്കയെന്ന് നെറ്റിസെൺസ്
വീഡിയോ വൈറലായതോടെ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ഡ്രൈവറുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തി. സ്വകാര്യമായി ബുക്ക് ചെയ്ത കാബിൽ യാത്രക്കാരുടെ സമ്മതമില്ലാതെ മറ്റൊരാളെ കയറ്റാൻ ഡ്രൈവർക്ക് അവകാശമില്ലെന്നും, പ്രത്യേകിച്ച് രാത്രി സമയത്ത് മൂന്ന് വനിതാ യാത്രക്കാരോടുള്ള ഡ്രൈവറുടെ സമീപനം സുരക്ഷാ ആശങ്ക ഉയർത്തുന്നെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. സംഭവം വിവാദമായെങ്കിലും കാബ് സർവീസ് കമ്പനിയോ ബന്ധപ്പെട്ട ഡ്രൈവറും ഇതുവരെ പ്രതികരിച്ചിട്ടില്ല.


