
കുട്ടികളെ പ്രത്യേകിച്ചും ഇന്നത്തെ കാലത്ത് ഏറെ ശ്രദ്ധയോടെ വേണം വളർത്താൻ. അതൊരു ജോലി എന്നതിനപ്പുറത്ത് നല്ലൊരു പൗരനെ സൃഷ്ടിക്കുന്ന ഉത്തരവാദിത്വം കൂടിയാണ്. എന്നാൽ, പലപ്പോഴും ഇന്ത്യൻ കുടുംബാന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾ പലവിധ പീഡനങ്ങൾക്കും ഇരയാകുന്നു. പലപ്പോഴും ഇത്തരം പീഡനങ്ങൾ സ്വന്തം വീടുകളിൽ നിന്ന് പോലും കുട്ടികൾക്ക് നേരിടേണ്ടിവരുന്നു. ഇത് കുട്ടികളുടെ മാനസീക വളർച്ചയെ ദോഷകരമായി ബാധിച്ചേക്കാമെന്ന് മനശാസ്ത്ര വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഇന്നും ഇത്തരം കാര്യങ്ങളിൽ ഇന്ത്യൻ കുടുംബങ്ങൾ അറിഞ്ഞോ അറിയാതെയോ അലംഭാവമാണ് കാണിക്കുന്നത്. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടപ്പോൾ അമ്മയ്ക്കെതിരെ നടപടി എടുക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ഒന്നടങ്കം ആവശ്യപ്പെട്ടു.
ഖർ കേ കലേഷ് എന്ന ജനപ്രീയ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരു ഫ്ലാറ്റ് സമുച്ചയത്തിന്‍റെ പടികൾ ഉള്ള ഭാഗത്ത് നിന്നും ഒരു സ്ത്രീ ഫോണ്‍ ചെയ്യുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അവരുടെ അടുത്തായി ഒരു പെണ്‍കുട്ടിയും രണ്ട് ആൺ കുട്ടികളുമുണ്ട്. യുവതിയുടെ തൊട്ടുമുന്നിലായി ഒരു കൊച്ച് കുട്ടിയാണ് നിൽക്കുന്നത്. ഫോണിൽ സംസാരിക്കുന്നതിനിടെ പ്രകോപിതയായ യുവതി തന്‍റെ മുന്നിലുള്ള കൊച്ച് കുട്ടിയെ ആഞ്ഞ് ചവിട്ടുന്നു. കുട്ടി തെറിച്ച് വീഴുന്നു. അവൻ വീണ്ടും എഴുന്നേൽക്കുമ്പോൾ യുവതി കുഞ്ഞിനെ വീണ്ടും ചവിട്ടുന്നതും വീഡിയോയിൽ കാണാം. 'ഒരു അമ്മയ്ക്കും അവളുടെ കുഞ്ഞിനും ഇടയിലുള്ള ഒരു നിമിഷത്തെ കാണിക്കുന്നു, ഇതിനെ പലരും മനുഷ്യത്വരഹിതവും ഭയാനകവുമാണെന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്ന് കുറിപ്പോടെയാണ് വീഡിയോ എക്സിൽ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. കുട്ടികളുടെ പരിചരണത്തെ കുറിച്ചും വീട്ടുകളിൽ അവർക്ക് ലഭ്യമാകുന്ന സുരക്ഷയെ കുറിച്ചും നിരവധി പേരാണ് പ്രതികരിക്കാനെത്തിയത്.
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാഴ്ചക്കാരിൽ വലിയ അസ്വസ്ഥതയാണ് സൃഷ്ടിച്ചത്. ആ സ്ത്രീയെ ഇനി ആരും അമ്മയെന്ന് വിളിക്കരുതെന്ന് ചിലർ എഴുതി. സ്വന്തം കുട്ടികളോട് സ്നേഹത്തോടെ പെരുമാറാൻ അറിയാത്ത സ്ത്രീകൾ എന്തിനാണ് കുട്ടികളെ പ്രസവിക്കുന്നതെന്ന് ചിലർ ചോദിച്ചു. ഐവിഎഫ് സെന്‍റുകളിൽ കുട്ടികൾക്ക് വേണ്ടി ക്യൂ നിൽക്കുന്നവരുടെ എണ്ണം കൂടുകയാണ്. അപ്പോൾ അർഹതയില്ലാത്തവർക്ക് ദൈവം എന്തിനാണ് കുട്ടികളെ കൊടുക്കുന്നതെന്ന് മറ്റൊരു കാഴ്ചക്കാരൻ അസ്വസ്ഥതയോടെ ചോദിച്ചു. അതേ സമയം ആ സ്ത്രീ കുട്ടികളുടെ അമ്മയല്ലെന്നും ആയയോ അതല്ലെങ്കിൽ തൊട്ടടുത്ത ഫ്ലാറ്റിലെ യുവതിയോ ആയിരിക്കാമെന്നും ഒരു അമ്മയ്ക്ക് ഇതുപോലെ ചെയ്യാൻ കഴിയില്ലെന്നും ചിലരെഴുതി. ഏഷ്യാനെറ്റ് ഓണ്‍ലൈനിന് വീഡിയോയുടെ ഉറവിടം കണ്ടെത്താനോ കുട്ടികളുടെ അമ്മ തന്നെയാണോ അതെന്ന് സ്ഥിരീകരിക്കാനോ കഴിഞ്ഞിട്ടില്ല.