കഴിഞ്ഞ 8 വർഷമായി ബെംഗളൂരുവിൽ താമസിക്കുന്ന കനേഡിയൻ യുവാവാണ് കാലേബ് ഫ്രൈസൻ. എന്തുകൊണ്ടാണ് താൻ ജീവിക്കാന്‍ ഇന്ത്യ തിരഞ്ഞെടുത്തതെന്ന് വിശദീകരിക്കുന്നുഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. 

കഴിഞ്ഞ 8 വർഷമായി ഇന്ത്യയിൽ കഴിയുന്ന കനേഡിയൻ യുവാവാണ് കാലേബ് ഫ്രൈസൻ. കാലേബ് പങ്കുവച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. ബെംഗളൂരുവിൽ താമസിച്ച് നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ബോധവൽക്കരണ വീഡിയോകൾ ചെയ്യാറുണ്ട് സാധാരണയായി കാലേബ്. എന്തുകൊണ്ടാണ് താൻ താമസിക്കാൻ ഇന്ത്യ തിരഞ്ഞെടുത്തത് എന്നതിനെ കുറിച്ചാണ് കാലേബ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വീഡിയോയിൽ പങ്കുവയ്ക്കുന്നത്.

മൾട്ടിനാഷണൽ കമ്പനികളിലെ ജോലിയുമായി ബന്ധപ്പെട്ടോ ടൂറിസ്റ്റായിട്ടോ അല്ലാതെ, ഒരു സാധാരണക്കാരനായി 8 വർഷം ഇന്ത്യയിൽ ജീവിക്കുക എന്നതിനെ പലരും അത്ഭുതത്തോടെയാണ് കാണുന്നതെന്നാണ് കാലേബ് പറയുന്നത്. താൻ എന്തുകൊണ്ട് ഇന്ത്യ തിരഞ്ഞെടുത്തു എന്നും കാലേബ് വിശദീകരിക്കുന്നു. ഇന്ത്യയിൽ ജനിച്ചു വളർന്ന പലരിലും തങ്ങളുടെ രാജ്യത്തെയും ഇവിടുത്തെ ഉത്പ്പന്നങ്ങളെയും എല്ലാം പുച്ഛത്തോടെ കാണുന്ന ഒരു പ്രവണതയുണ്ട്. എന്നാൽ താൻ അങ്ങനെയൊരു മുൻവിധിയോടെയല്ല ഇവിടെ കഴിയുന്നതെന്ന് കാലേബ് പറയുന്നു.

കാനഡയായാലും അമേരിക്കയായാലും സിംഗപ്പൂരായാലും എല്ലാത്തിനും നല്ല വശങ്ങളും ചീത്ത വശങ്ങളുമുണ്ട്. ഇന്ത്യയിലെ ഒരു കുഴിയുള്ള റോഡിനോട് എനിക്ക് തോന്നുന്ന അതേ ദേഷ്യം തന്നെയാണ് ഒരു നെതർലൻഡ്‌സുകാരന് അവിടുത്തെ റോഡിലെ ചെറിയൊരു വിള്ളൽ കാണുമ്പോൾ തോന്നുന്നതും എന്നും യുവാവ് പറഞ്ഞു. മറ്റുള്ള രാജ്യങ്ങളുമായി നമ്മുടെ രാജ്യത്തെ താരതമ്യം ചെയ്യുന്നത് നമ്മുടെ സന്തോഷം ഇല്ലാതാക്കും. എവിടെയായിരുന്നാലും ശുഭാപ്തിവിശ്വാസത്തോടെ ജീവിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും കാലേബ് സമ്മതിക്കുന്നു.

View post on Instagram

വളരെ പെട്ടെന്ന് തന്നെ കാലേബ് പങ്കുവച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. കാലേബിന്റെ നിലപാടിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ പോസ്റ്റിന് കമന്റ് നൽകി. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് തിരികെ എത്തിയവരും ഇന്ത്യയിൽ താമസിക്കുന്ന മറ്റ് വിദേശികളുമെല്ലാം തന്നെ കാലേബ് പറഞ്ഞത് അം​ഗീകരിച്ചു.