
ഏത് ലഹരിയാണെങ്കിലും ഉപയോഗിച്ച് അമിതമായാല്‍ ബോധം നഷ്ടപ്പെടുമെന്ന് നമ്മുക്കെല്ലാം അറിയാം. പക്ഷേ, ലഹരി ഉപയോഗിക്കുമ്പോൾ ബോധം പോകണമെന്ന ആഗ്രഹത്തോടെയാണ് പലരും ലഹരി ഉപയോഗിക്കുന്നതെന്ന് തോന്നും ചില കാഴ്ചകൾ കാണുമ്പോൾ. അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പെറുവിന്‍റെ തലസ്ഥാനമായ ലിമയില്‍ നിന്നാണ് ഞെട്ടിക്കുന്ന വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പ്രാദേശിക അധികാരികൾ സംഭവം സ്ഥിരീകരിച്ചെന്ന് ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തു.
വീഡിയോയില്‍ റോഡില്‍ ഒരു വാഹനം നിർത്തിയിട്ടിരിക്കുന്നത് കാണാം. അതിന് തൊട്ടടുത്തുള്ള റെയില്‍വേ ട്രാക്കില്‍ തലവച്ച്, കൈകൾ രണ്ടും നെഞ്ചില്‍ പിണച്ച് വച്ച് ഒരാൾ സുഖമായി ഉറങ്ങുന്നതും കാണാം അല്പ നിമിഷത്തിനുള്ളില്‍ ഒരു ഗുഡ്സ് ട്രെയിൽ പതുക്കെ വരികയും ട്രാക്കില്‍ തലവച്ച് കിടക്കുന്നയാളെ കടന്ന് പോവുകയും ചെയ്യുന്നു. വലിയൊരു അപകടകാഴ്ചയ്ക്ക് പകരം അത്ഭുതകരമായി രക്ഷപ്പെട്ട യുവാവ് റെയില്‍വേ ട്രാക്കില്‍ നിന്നും ഉരുണ്ട് താഴെ റോഡിലേക്ക് വീഴുകയും എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകാതെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
ഇയാൾ മദ്യപിച്ച അവസ്ഥയിലായിരുന്നെന്ന് പ്രദേശിക ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു. മദ്യ ലഹരിയില്‍ ആയിരുന്നതിനാല്‍ ട്രെയിന്‍ അടുത്തെത്തിയിട്ടും ഇയാൾ അറിഞ്ഞിരുന്നില്ല. ഇയാളുടെ ഇടത് കൈക്ക് ചെറിയ പോറല്‍ മാത്രമേ ഏറ്റിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവം നടന്നതിന് പിന്നാലെ അടിയന്തര രക്ഷാപ്രവര്‍ത്തകർ സ്ഥലത്ത് എത്തുകയും ഇയാളെ ആശുപത്രിയിലാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.