
തായ്‍ലൻഡിൽ പാരാസെയിലിംഗിനിടെ ആകാശത്ത് നിന്നും കടലിലേക്ക് വീണ പാരാസെയിലിംഗ് ഗെയ്ഡ് മരിച്ചു. സംഭവത്തിന്‍റെ ഭയപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഫൂക്കറ്റിലെ കാരോൺ ബീച്ചിൽ വച്ച് ടൂറിസ്റ്റുമായി പാരാസെയിലിംഗ് നടത്തുന്നതിനിടെയാണ് ഗെയ്ഡിന് ദാരുണാന്ത്യം. വീഡിയോ വൈറലായതിന് പിന്നാലെ സാഹസീക വിനോദരംഗത്തെ സുരക്ഷയെ കുറിച്ച് വലിയ ചർച്ചയാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. 2025 -ൽ നടന്ന സംഭവത്തിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
പാതോംപോഗ് എന്ന പാരാസെയിലിംഗ് ഗെയ്ഡ് ടൂറിസ്റ്റിനെ സഹായിക്കുന്നതിനിടെ പിടി വിട്ട് താഴേയ്ക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകൾ. അപകടകരമായ ഉയരത്തിൽ നിന്നും കടലിലേക്ക് വീണ പാതോംപോഗ് വീഴ്ചയുടെ ആഘാതത്തിൽ അപ്പോൾ തന്നെ മരിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പാതോംപോഗ് താഴേക്ക് വീണതിന് ശേഷവും വിനോദസഞ്ചാരി വായുവിൽ തൂങ്ങിക്കിടക്കുന്നത് വീഡിയോയിൽ കാണാം. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, ബോട്ട് ഓപ്പറേറ്റർ പാരാസെയിലിംഗുമായി ബന്ധിപ്പിച്ചിരിക്കുന്ന കയർ മുറിച്ചുമാറ്റി. പിന്നാലെ വിനോദ സഞ്ചാരിയും കടലിൽ വീണു. ബോട്ട് ഓപ്പറേറ്റർ പിന്നാലെ ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
പാരാസെയിലിംഗിന്‍റെ സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതിനാൽ അധികൃതർ പിന്നീട് ബോട്ട് ഓപ്പറേറ്ററിനെതിരെ കുറ്റം ചുമത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. വീഡിയോ വൈറലായതിന് ശേഷവും തായ്‌ലൻഡിലെ വാട്ടർ സ്‌പോർട്‌സ് പ്രവർത്തനങ്ങളിൽ പാലിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളെ നിരവധി പേർ ചോദ്യം ചെയ്തു. തായ്‌ലൻഡിലെ വാട്ടർ സ്‌പോർട്‌സിനും മറ്റുള്ളവയ്ക്കും സുരക്ഷ ഭയാനകമാണ്, അവർ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുന്നില്ല, നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ അത് ചെയ്യുകയെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. ഇത്തരം പരിപാടികൾക്ക് കയറാതിരിക്കുന്നതാണ് ഏറ്റവും നല്ലതെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്.