നടപ്പാതകളിലെ തടസ്സങ്ങൾ കാരണം ഒടുവിൽ കാൽനടയാത്രക്കാർ ജീവൻ പണയം വെച്ച് റോഡിലൂടെ നടക്കേണ്ടി വരുന്ന അവസ്ഥയാണ്. 'കാൽനടയാത്രക്കാർക്ക് ഒടുവിൽ റോഡിലൂടെ തന്നെ നടക്കേണ്ടി വരുകയാണെങ്കിൽ പിന്നെ എന്തിനാണ് ഫുട്പാത്തുകൾ' എന്ന് രജത് ചോദിക്കുന്നു.

ബെംഗളൂരുവിലെ റോഡുകളുടെയും ഫൂട്പാത്തുകളുടെയും ഒക്കെ അവസ്ഥ ദയനീയമാണ് എന്ന് വിവരിച്ചുകൊണ്ട് അനേകങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. അതുപോലെ, ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. @ouramericandream.vlogs എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ബെംഗളൂരുവിലെ റോഡുകളിലൂടെയും നടപ്പാതകളിലൂടെയും നടന്നുകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തകർന്നു തരിപ്പണമായതും നടക്കാനാവാത്തതുമായ ഫുട്പാത്തുകളാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. വീൽചെയർ ഉപയോഗിക്കുന്നവരും കുഞ്ഞുങ്ങളുടെ സ്രോളറുകളുമായി പോകുന്ന മാതാപിതാക്കളും ഇത്തരം നടപ്പാതകളിൽ എങ്ങനെ സഞ്ചരിക്കുമെന്നാണ് യുവാവ് ചോദിക്കുന്നത്.

വലിയ കല്ലുകൾ നടപ്പാതയ്ക്ക് കുറുകെ കിടക്കുന്നതും, ഫുട്പാത്തിനോട് ചേർന്നുള്ള കടകളും, നിർമ്മാണ പ്രവർത്തനങ്ങളും കാരണം നടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയാണ് ദൃശ്യങ്ങളിൽ ഉള്ളത്. നടപ്പാതകളിലെ തടസ്സങ്ങൾ കാരണം ഒടുവിൽ കാൽനടയാത്രക്കാർ ജീവൻ പണയം വെച്ച് റോഡിലൂടെ നടക്കേണ്ടി വരുന്ന അവസ്ഥയാണ്. 'കാൽനടയാത്രക്കാർക്ക് ഒടുവിൽ റോഡിലൂടെ തന്നെ നടക്കേണ്ടി വരുകയാണെങ്കിൽ പിന്നെ എന്തിനാണ് ഫുട്പാത്തുകൾ' എന്ന് രജത് ചോദിക്കുന്നു.

കാൽനടയാത്രക്കാരുടെ ഇടയിലൂടെ ഫുട്പാത്തിലേക്ക് കയറുന്ന മോട്ടോർസൈക്കിളുകളെയും മറ്റ് വാഹനങ്ങളെയും രജത് ക്യാമറയിൽ പകർത്തുന്നുണ്ട്. 'ഓഹോ, ഫുട്പാത്തിലും വന്നു ഒരു ബൈക്ക്! അങ്ങ് ആദ്യം പോകൂ, ഞങ്ങള്‍ കാൽനടയാത്രക്കാർ പിന്നാലെ വന്നോളാം' എന്നും യുവാവ് പരിഹസിക്കുന്നുണ്ട്. 'ഇന്ത്യയിലെ നടപ്പാതകളുടെ ഡാർക്ക് റിയാലിറ്റി' എന്ന ക്യാപ്ഷനോടെയാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

View post on Instagram

വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയ ഈ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. കാൽനടയാത്രക്കാർ മികച്ച നടപ്പാതകൾ തന്നെ വേണ്ടതുണ്ട് എന്ന് അനേകങ്ങളാണ് അഭിപ്രായപ്പെട്ടത്. ബെംഗളൂരുവിൽ മാത്രമല്ല, ഭൂരിഭാഗം ഇന്ത്യൻ നഗരങ്ങളിലും നടപ്പാതയുടെ അവസ്ഥ ഇതാണ് എന്നും പലരും ചൂണ്ടിക്കാട്ടി.