ഉയർന്ന വാടകയും മെയിന്റനൻസ് ചാർജും നൽകുന്ന താമസക്കാർക്ക് അതിനനുസരിച്ചുള്ള സൗകര്യങ്ങളാണോ ലഭിക്കുന്നത് എന്നാണ് ആഞ്ചൽ സിം​ഗ് ചോദിക്കുന്നത്.

താമസിക്കുന്നത് കോടികൾ വില വരുന്ന പ്രീമിയം റെസിഡൻഷ്യൽ സൊസൈറ്റികളിൽ. എന്നാൽ, അവസ്ഥയോ വളരെ പരിതാപകരവും. അതുപോലെ, നോയിഡയിൽ നിന്നുള്ള ഒരു യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കനത്ത മഴയെത്തുടർന്ന് താൻ താമസിക്കുന്ന കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ ഉണ്ടായ വെള്ളക്കെട്ടിന്റെ ദൃശ്യങ്ങളാണ് ആഞ്ചൽ സിംഗ് എന്ന യുവതി പങ്കുവച്ചിരിക്കുന്നത്. ഉയർന്ന വാടകയും മെയിന്റനൻസ് ചാർജും നൽകുന്ന താമസക്കാർക്ക് അതിനനുസരിച്ചുള്ള സൗകര്യങ്ങളാണോ ലഭിക്കുന്നത് എന്നാണ് ആഞ്ചൽ സിം​ഗ് ചോദിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, വെള്ളം കെട്ടിക്കിടക്കുന്ന ബേസ്‌മെന്റ് കാണാം. 'കഴിഞ്ഞ ദിവസം മഴ പെയ്തു, ഞങ്ങളുടെ ഈ പറയപ്പെടുന്ന പ്രീമിയം സൊസൈറ്റിയുടെ ബേസ്‌മെന്റ് ഒന്ന് നോക്കൂ... 30,000 -ൽ അധികം വാടക, 3,000 മുതൽ 4,000 വരെ മെയിന്റനൻസ്, കറന്റ് ബിൽ വേറെ. കഷ്ടം തന്നെ, ബേസ്‌മെന്റിനൊപ്പം കോംപ്ലിമെന്ററിയായി ഒരു സ്വിമ്മിംഗ് പൂൾ കൂടെ കിട്ടിയിട്ടുണ്ട്! ഇവിടെ 2 കോടി രൂപ വിലയുള്ള ഫ്ലാറ്റുകളും കാറുകളുമുണ്ട്. ആളുകൾ തങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന സമ്പാദ്യമാണ് ഇതിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കായി നിക്ഷേപിക്കുന്നത്. എന്നിട്ടും ഇതാണോ നിലവാരം' എന്നാണ് അവൾ ചോദിക്കുന്നത്.

View post on Instagram

അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ അധികൃതർ 'ഞങ്ങൾ സൊസൈറ്റിയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയാണ്' എന്ന മറുപടിയാണ് നൽകുന്നത്. കഴിഞ്ഞ 6 വർഷമായി താൻ ഈ വാക്ക് കേൾക്കുന്നുണ്ട്, എന്നാൽ അതിന്റെ ഫലം ഇതുവരെ ബേസ്‌മെന്റിൽ എത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇത്രയും പണം നൽകിയാൽ നിങ്ങൾക്ക് ഒരു വീടാണോ ലഭിക്കുന്നത്, അതോ വെറുമൊരു വിലകൂടിയ വിലാസം മാത്രമാണോ എന്ന് അവർ ചോദിച്ചു. 'നോയിഡയിലെ താമസക്കാരേ, നമ്മൾ കൊടുക്കുന്ന പണത്തിനുള്ള ജീവിതനിലവാരം നമുക്ക് ശരിക്കും ലഭിക്കുന്നുണ്ടോ' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിക്കുന്നത്. നിരവധിപ്പേരാണ് യുവതി പറഞ്ഞത് വളരെ ശരിയാണ് എന്ന് പറഞ്ഞ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.