
രാത്രിയിൽ റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കുന്ന കാട്ടാന കൂട്ടവുമായുള്ള കൂട്ടിയിടി വിജയകരമായി തടഞ്ഞതിന് പിന്നാലെ 12424 രാജധാനി എക്സ്പ്രസിലെ രണ്ട് ലോക്കോ പൈലറ്റുമാർക്ക് അഭിനന്ദനം. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (എൻഎഫ്ആർ) സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ചതോടെ വൈറലായി. വീഡിയോയിൽ രാജധാനി എക്സ്പ്രസിന് തൊട്ട് മുന്നിലൂടെ കടന്ന് പോകുന്ന കാട്ടാന കൂട്ടത്തെ കാണാം. അതിൽ മുതിർന്ന ആനകളോടൊപ്പം കുട്ടിയാനകളെയും കാണാം.
മൂന്ന് - നാല് കുട്ടിയാനകളും രണ്ട് മുതിർന്ന ആനകളും അടങ്ങുന്ന കൂട്ടം രാജധാനി എക്സ്പ്രിസന്‍റെ ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തിൽ റെയിവേ ട്രാക്ക് മുറിച്ച് കടക്കുന്നത് കാണാം. വളരെ സാവധാനത്തിലാണ് കാട്ടാനക്കൂട്ടം റെയിവേ ട്രാക്ക് മുറിച്ച് കടക്കുന്നത്. ജോർഹട്ട് ജില്ലയിലെ ടിറ്റബാറിനും മരിയാനിക്കും ഇടയിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കാട്ടാന കൂട്ടത്തെ കണ്ടതിന് പിന്നാലെ അടിയന്തര ബ്രേക്കുകൾ പ്രയോഗിച്ച് 12424 രാജധാനി എക്സ്പ്രസിലെ ലോക്കോ പൈലറ്റുമാർ കാട്ടാനകളുമായുള്ള കൂട്ടയിടി ഒഴിവാക്കി. രാത്രിയിൽ ആനകൾ സുരക്ഷിതമായി പാളങ്ങൾ മുറിച്ചുകടക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. റെയിൽവേ ജാഗ്രതയും ആന ഇടനാഴികളെക്കുറിച്ചുള്ള നിലവിലുള്ള ആശങ്കകളും എടുത്തുകാണിക്കുന്ന ഈ സംഭവം ഓൺലൈനിൽ വ്യാപകമായി പ്രശംസിക്കപ്പെട്ടു.
Alert Loco Pilots Avert Collision, Protect Herd of Wild Elephants!
Demonstrating exceptional alertness, Loco Pilot S.N. Raju and Assistant Loco Pilot R. K. Singh of 12424 Rajdhani Express applied the emergency brake in time, averting a possible collision and ensuring the safe… pic.twitter.com/0E0iYnad62— Northeast Frontier Railway (@RailNf) June 23, 2026
“ജാഗ്രതയുള്ള ലോക്കോ പൈലറ്റുമാർ കൂട്ടിയിടി ഒഴിവാക്കി, കാട്ടാനക്കൂട്ടത്തെ സംരക്ഷിക്കുക!” വീഡിയോ ഓൺലൈനിൽ പങ്കുവെച്ചുകൊണ്ട് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ പറഞ്ഞു. “അസാധാരണമായ ജാഗ്രത പ്രകടിപ്പിച്ചുകൊണ്ട്, 12424 രാജധാനി എക്സ്പ്രസിലെ ലോക്കോ പൈലറ്റ് എസ്.എൻ. രാജുവും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആർ.കെ. സിംഗും കൃത്യസമയത്ത് അടിയന്തര ബ്രേക്ക് പ്രയോഗിച്ചു, ഇന്ന് പുലർച്ചെ ടിറ്റബാറിനും മരിയാനി സ്റ്റേഷനുകൾക്കുമിടയിൽ കാട്ടാനക്കൂട്ടത്തിന്‍റെ സുരക്ഷിതമായ കടന്നുപോകൽ ഉറപ്പാക്കി” വീഡിയോ പങ്കുവച്ച് കൊണ്ട് റെയിൽവേ അതോറിറ്റി കൂട്ടിച്ചേർത്തു.
നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളാണ് ക്രൂ അംഗങ്ങളുടെ ജാഗ്രതയ്ക്കും അനുകമ്പയ്ക്കും അഭിനന്ദനവുമായെത്തിയത്. വന്യജീവികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിൽ ലോക്കോ പൈലറ്റുമാരെ നിരവധി ഉപയോക്താക്കൾ ഹീറോകളായി വിശേഷിപ്പിച്ചു, ഒപ്പം ഇന്ത്യൻ റെയിവേയെയും ചിലർ അഭിനന്ദിച്ചു. അതേസമയം ഏഷ്യൻ ആനകളുടെ എറ്റവും കൂടുതൽ അംഗസംഖ്യയുള്ളത് അസമിലാണ്. വനത്തിലൂടെയുള്ള റെയിൽവേ ലൈൻ മുറിച്ച് കടക്കുന്ന നിരവധി ആനത്താരളും ഈ പ്രദേശത്തുണ്ട്. ഇത് പലപ്പോഴും ട്രെയിനുകൾക്കും കാട്ടാനകൾക്കും വലിയ അപകടമാണ് വിളിച്ച് വരുത്തുന്നത്. ഇത്തരം അപകടങ്ങൾ നിയന്ത്രിക്കുന്നതിന് ഇന്ത്യൻ റെയിൽവേയും വിവിധ സംസ്ഥാനങ്ങളിലെ വനം വകുപ്പും നിരവധി സെൻസിറ്റീവ് മേഖലകളിൽ ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. വേഗത നിയന്ത്രണങ്ങൾ, മെച്ചപ്പെട്ട നിരീക്ഷണം, മുന്നറിയിപ്പ് സംവിധാനങ്ങൾ, റെയിൽവേ ജീവനക്കാരും വന്യജീവി ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനം എന്നിവയും അതിൽ ഉൾപ്പെടുന്നു.