തെരുവിൽ, മനുഷ്യർക്ക് മുന്നിൽ ഇണയ്ക്ക് വേണ്ടി കൊമ്പുകോർത്ത് രണ്ട് ഒറ്റക്കൊമ്പൻ കാണ്ടാമ‍ൃഗങ്ങൾ, വീഡിയോ

Published : May 12, 2026, 01:33 PM IST
one horned rhinos fight

Synopsis

നേപ്പാളിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സൗരഹയിൽ രണ്ട് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ പൊതുനിരത്തിൽ ഏറ്റുമുട്ടിയത് ജനങ്ങളെയും വിനോദസഞ്ചാരികളെയും ഒരുപോലെ അമ്പരപ്പിച്ചു. ചിത്വാൻ നാഷണൽ പാർക്കിന് സമീപം നടന്ന ഈ ഉഗ്രൻ പോരാട്ടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ, വന്യമൃഗങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകി.

 

നേപ്പാളിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ സൗരഹയിൽ പൊതുനിരത്തിൽ രണ്ട് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ ഏറ്റുമുട്ടിയത് പ്രദേശവാസികളെയും വിദേശ വിനോദ സഞ്ചാരികളെയും ഒരുപോലെ അമ്പരപ്പിച്ചു. ചിത്വാൻ നാഷണൽ പാർക്കിന്‍റെ അതിർത്തിയിലുള്ള തുറസ്സായ ഒരു സ്ഥലത്ത് വച്ച് മനുഷ്യരുടെ സാന്നിധ്യത്തിലാണ് ഈ വമ്പൻ മൃഗങ്ങൾ പരസ്പരം ആക്രമിച്ചത്. ഇരുവരുടെയും പോരാട്ടം കണ്ട് നിന്നവർ ചിത്രീകരിച്ച ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

പേടി സ്വപ്നമായ പോരാട്ടം

ജംഗിൾ സഫാരിക്കും വന്യജീവി കാഴ്ചകൾക്കും പേരുകേട്ട ഇടമാണ് സൗരഹ. റോഡരികിൽ തടിച്ചുകൂടിയ ആളുകൾ നോക്കിനിൽക്കെയായിരുന്നു കാണ്ടാമൃഗങ്ങളുടെ ഈ ഉഗ്രൻ പോരാട്ടം. പരസ്പരം കുത്തി കരുത്ത് തെളിയിക്കാൻ ശ്രമിക്കുന്ന മൃഗങ്ങളെ കണ്ട് കാഴ്ചക്കാർ അല്പനേരം സ്തംഭിച്ചുപോയി. "ഞാൻ ചിത്വാനിൽ വന്നത് വന്യജീവികളെ കാണാനാണ്. എന്നാൽ, വന്യജീവികൾ എന്നെ തേടി വരുമെന്നും അതൊരു പോരാട്ടമായി മാറുമെന്നും കരുതിയില്ല. രണ്ട് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളാണ് നഗരത്തിലേക്ക് ഇരച്ചുകയറി തെരുവിൽ ഏറ്റുമുട്ടിയത്. ആർക്കും പരിക്കേറ്റിട്ടില്ല, എങ്കിലും ആ കാഴ്ച കണ്ട എല്ലാവരും നിശബ്ദരായിപ്പോയി," ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

 

 

അവർ പോരാടും പക്ഷേ, നമ്മൾ അകലം പാലിക്കണം

സംഭവം വൈറലായതോടെ, വന്യമൃഗങ്ങളെ കാണുമ്പോൾ അവയുടെ അടുത്തേക്ക് പോകുന്നതിനും ചിത്രങ്ങളും വീഡിയോകളും പകർത്താൻ ശ്രമിക്കുന്നതിനും എതിരെ വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ കർശന മുന്നറിയിപ്പ് നൽകി. വന്യജീവികൾ ഈ പ്രദേശത്തെ പ്രധാന ആകർഷണമാണെങ്കിലും, മനുഷ്യരുടെയും മൃഗങ്ങളുടെയും സുരക്ഷയ്ക്കായി കൃത്യമായ അകലം പാലിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഇത്തരം സന്ദർഭങ്ങളിൽ മൃഗങ്ങളെ പ്രകോപിപ്പിക്കുന്നത് അവയുടെ പെരുമാറ്റത്തിൽ പ്രവചനാതീതമായ മാറ്റങ്ങൾ വരുത്താൻ കാരണമാകുമെന്നും, അതിനാൽ സുരക്ഷാ നി‍‍ർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ടൂറിസ്റ്റുകൾക്ക് നിർദ്ദേശം നൽകി. തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനോ ഇണയെ സ്വന്തമാക്കാനോ വേണ്ടിയുള്ള അതിരൂക്ഷമായ 'അതിർത്തി തർക്ക'മാണ് ഈ പോരാട്ടത്തിന് പിന്നിലെന്ന് വന്യജീവി വിദഗ്ധർ അഭിപ്രായപ്പെട്ടുന്നു. കണ്ടാമൃഗങ്ങൾക്കിടയിൽ ഇത്തരം പോരാട്ടങ്ങൾ സ്വാഭാവികമാണെങ്കിലും മനുഷ്യർക്ക് ഇത്ര അടുത്ത് നിന്ന് അത് കാണാൻ സാധിക്കുന്നത് അപൂർവ്വമാണ്. ചില സന്ദർഭങ്ങളിൽ ഇത്തരം പോരാട്ടങ്ങൾ അങ്ങേയറ്റം മാരകമായേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഒരു കോടി, പിന്നൊരു ബിഎംഡബ്യുവും'; സ്ത്രീധനം നിരോധിച്ച ഇന്ത്യയിൽ കിട്ടിയ സ്ത്രീധനം വിളിച്ച് പറഞ്ഞൊരു വിവാഹം, വീഡിയോ
കുടിക്കാനായി വീട്ടിലേക്ക് വാങ്ങിക്കൊണ്ടു വന്ന തംസ് അപ്പ് കുപ്പിക്കുള്ളിൽ 'ചത്ത പല്ലി'; വീഡിയോ വൈറൽ