പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിൽ ഭക്ഷണം തേടുന്ന കാട്ടാന; നാണക്കേട് മനുഷ്യന് തന്നെയെന്ന് നെറ്റിസെൺസ്, വീഡിയോ

Published : Jun 19, 2026, 01:31 PM IST
Elephant Searches Food In Plastic Dump

Synopsis

കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ മാലെ മഹാദേശ്വര ക്ഷേത്രത്തിന് സമീപം ഭക്തർ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിൽ നിന്ന് കാട്ടാന ഭക്ഷണം തേടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായി. മനുഷ്യൻ പ്രകൃതിയോടും വന്യജീവികളോടും ചെയ്യുന്ന ക്രൂരതയുടെ നേർക്കാഴ്ചയായി ഈ സംഭവം മാറി. 

 

കാടിന്‍റെ ഉടമ മനുഷ്യനോ അതോ മൃഗങ്ങളോ എന്ന തർക്കത്തിന് അന്ത്യമില്ല. അതുപോലെ തന്നെ വന്യജീവികളുടെ ഭക്ഷണം നിഷേധിക്കാൻ മനുഷ്യന് അധികാരമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരവും ഇല്ല. മനുഷ്യൻ സൃഷ്ടിക്കുന്ന മാലിന്യത്തിൽ ഭക്ഷണം തേടേണ്ട അവസ്ഥയിലാണ് മൃഗങ്ങൾ. നഗരങ്ങളും ഗ്രാമങ്ങളും കഴിഞ്ഞ് ഇന്ന് കാടുകൾ പോലും മനുഷ്യൻ നിർമ്മിത മാലിന്യത്തിൽ ശ്വാസം മുട്ടുകയാണ്. കഴിഞ്ഞ ദിവസം കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഹനൂർ താലൂക്കിലെ മാലെ മഹാദേശ്വര ക്ഷേത്രത്തിന് സമീപത്ത് നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയാണ് ഈ ചോദ്യങ്ങൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ഉയർത്തിയത്. ക്ഷേത്രത്തിന് സമീപത്ത് ഭക്തർ ഉപേക്ഷിച്ച പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യക്കൂമ്പാരത്തിൽ ഭക്ഷണം തേടിയെത്തിയ കാട്ടാനകളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളിൽ വലിയ പ്രതിഷേധത്തിനാണ് തുടക്കം കുറിച്ചത്. പ്രതിഷേധം ശക്തമായതോടെ നടപടിയുമായി അധികൃതരും രംഗത്തെത്തി.

മാലിന്യക്കൂമ്പാരത്തിൽ ഭക്ഷണം തേടി കാട്ടാന

അമാവാസി നാളിൽ വിശ്വാസികൾ ഏറെ എത്തുന്ന മെസൂരിന് സമീപത്തെ പ്രശസ്തമായ മാലെ മഹാദേശ്വര ക്ഷേത്രം ഏറെ പ്രശസ്തമാണ്. എംഎം ഹിൽസ് എന്ന് അറിയപ്പെടുന്ന കർണാടകയിലെ മാലെ മഹാദേശ്വര കുന്നുകളിൽ തള്ളിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യക്കൂമ്പാരത്തിലൂടെ ഒരു കാട്ടാന ഭക്ഷണം തേടി അലയുന്നത് കാണാം. വീഡിയോ വൈറലായതിന് പിന്നാലെ പരിസ്ഥിതി ലോല മേഖലയിലെ മാലിന്യ സംസ്കരണത്തെയും വന്യജീവി സംരക്ഷണത്തെയും കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചോദ്യങ്ങളുയർന്നു. അമാവാസി നാളിലെ ഭക്തരുടെ ഒഴുക്കിന് ശേഷം അവശേഷിച്ചത് പ്ലാസ്റ്റിക് ബാഗുകൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ, ഭക്ഷണപ്പൊതികൾ, കുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവ അടക്കമുള്ള വലിയൊരു മാലിന്യക്കൂമ്പാരം. അതിനിടെയിൽ രുചിയുള്ള ഭക്ഷണം തേടി തുമ്പിക്കൈ കൊണ്ട് മാലിന്യം വലിച്ചിളക്കുന്ന ഒരു കാട്ടാനയെയും കാണാം.

 

 

'നാണക്കേട് മനുഷ്യന്'

“ഹൃദയഭേദകം. കർണാടകയിലെ ഒരു കാട്ടാന എംഎം ഹിൽസിൽ ഭക്ഷണത്തിനായി പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ അലയുന്നത് കാണാം. മനുഷ്യർ നിങ്ങളുടെ ആവാസവ്യവസ്ഥയെ ഒരു മാലിന്യക്കൂമ്പാരമാക്കി മാറ്റിയതിനാൽ മാലിന്യങ്ങൾ തിന്ന് അതിജീവിക്കുന്നത് സങ്കൽപ്പിക്കുക. ആനയല്ല ദുരന്തം. അതിന്‍റെ വീടിനോട് നമ്മൾ ചെയ്തതാണ് ദുരന്തം,” വീഡിയോ പങ്കുവച്ച് കൊണ്ട് ഹരീഷ് ഉപാദ്ധ്യായ എഴുതി. പിന്നാലെ നിരവധി പേരാണ് മനുഷ്യൻ സൃഷ്ടിക്കുന്ന ദുരന്തങ്ങളെ കുറിച്ച് എഴുതിയത്. സംരക്ഷിത വനമേഖലയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി എടുക്കാത്ത വനംവകുപ്പിനും ഭരണകൂടത്തിതിനുമെതിരെ ചിലർ രോഷം പ്രകടിപ്പിച്ചു. മറ്റ് ചിലർ ഭക്തരുടെ നിരുത്തരവാദമായ പ്രവർ‍ത്തിയെയായിരുന്നു വിമ‍ർശിച്ചത്. കൂടുതൽ ടൂറിസം, കൂടുതൽ അശ്രദ്ധരായ മനുഷ്യർ, കൂടുതൽ വനനശീകരണം, കൂടുതൽ ഉപഭോഗം, പ്ലാസ്റ്റിക്, മറ്റ് ജീവിവർഗങ്ങളോടുള്ള സഹാനുഭൂതിയുടെ അഭാവം, നമ്മളൊഴികെ മറ്റെല്ലാ ജീവിവർഗങ്ങൾക്കും ഒരു ദുരന്തമെന്നായിരുന്നു ഒരു കുറിപ്പ്.

നടപടിയുമായി അധികൃതർ

പ്രതിഷേധം ശക്തമായതിന് പിന്നാലെ നടപടിയുമായി അധികൃതർ രംഗത്തെത്തി. എന്നാൽ ഇതിനെതിരെയും വിമർശനങ്ങളുയർന്നു. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പകരം കുഴിയെടുത്ത് മൂടിയെന്നും ബാക്കിയായവ പൊതു സ്ഥലത്ത് വച്ച് കത്തിക്കുകയായിരുന്നെന്നും പോസ്റ്റിൽ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

കോടികൾ മുടക്കിയിട്ടും ചെളിവെള്ളം; പുണെയിലെ വാട്ടർ ടാങ്കർ മാഫിയക്കെതിരെ മലയാളി വ്യവസായിയുടെ പ്രതികരണം വൈറൽ
ബോട്ട് യാത്രയ്ക്കിടെ അമ്മയുടെ ഐഫോൺ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് മകൻ; അവന്‍റെ ലൈഫ് ജാക്കറ്റ് എവിടെയെന്ന് ചോദ്യം, വീഡിയോ