പുണെയിൽ ലക്ഷങ്ങൾ വിലയുള്ള ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് സ്വകാര്യ ടാങ്കറുകൾ വഴി ലഭിക്കുന്നത് മലിനജലമെന്ന് മലയാളി വ്യവസായി. പ്രതിവർഷം ലക്ഷങ്ങൾ മുടക്കിയിട്ടും ഉപയോഗശൂന്യമായ വെള്ളമാണ് ലഭിക്കുന്നതെന്നും ഇത് നഗരത്തിൽ വലിയ ആരോഗ്യപ്രതിസന്ധിക്ക് കാരണമാകുമെന്നും അദ്ദേഹം സമൂഹ മാധ്യമ കുറിപ്പിലൂടെ വെളിപ്പെടുത്തി.
ലക്ഷങ്ങൾ വിലയുള്ള ഫ്ലാറ്റുകൾ വാങ്ങിയിട്ടും നിത്യോപയോഗത്തിന് പോലും ശുദ്ധജലം ലഭിക്കാത്ത പുണെയിലെ ദുരവസ്ഥ വെളിപ്പെടുത്തിയ മലയാളി വ്യവസായിയുടെ സമൂഹ മാധ്യമ കുറിപ്പ് വൈറൽ. പുണെയിൽ താമസിക്കുന്ന സംരംഭകനായ വിനീത് കെ. തങ്ങളുടെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ സ്വകാര്യ ടാങ്കറുകൾ എത്തിച്ച ചെളി നിറഞ്ഞ തവിട്ട് നിറത്തിലുള്ള വെള്ളത്തിന്‍റെ ചിത്രം പങ്കുവെച്ചതോടെയാണ് നഗരത്തിലെ ജലവിതരണത്തിലെ ഗുണനിലവാരമില്ലായ്മ വീണ്ടും ചർച്ചയായത്. പ്രതിവർഷം ലക്ഷക്കണക്കിന് രൂപ ടാങ്കർ വെള്ളത്തിനായി മാത്രം ചിലവഴിക്കുന്ന ജനങ്ങൾക്ക് ലഭിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന മലിനജലമാണെന്ന് ചിത്രം സഹിതം ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ജനത്തിന് നൽകുന്നത് മലിന ജലം
"പ്രിസർവേറ്റീവുകൾ ഒന്നും ചേർത്തിട്ടില്ല, ടാങ്കറുകൾ ഞങ്ങൾക്ക് എത്തിച്ചുതന്ന വെള്ളത്തിന്‍റെ യഥാർത്ഥ നിറമാണിത്," വിനീത് തന്‍റെ പോസ്റ്റിൽ വെള്ളത്തിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചു. വിനീത് പറയുന്നതനുസരിച്ച്, അവർ താമസിക്കുന്ന ഹൗസിംഗ് സൊസൈറ്റി പ്രതിവർഷം ഏകദേശം 70 ലക്ഷം രൂപയാണ് വാട്ടർ ടാങ്കറുകൾക്കായി മാത്രം ചിലവഴിക്കുന്നത്. ഇത്രയും വലിയ തുക മുടക്കിയിട്ടും, നിത്യോപയോഗത്തിന് പോലും ഉപയോഗിക്കാൻ പറ്റാത്ത തരത്തിലുള്ള വെള്ളമാണ് താമസക്കാർക്ക് ലഭിക്കുന്നത്. "ഞങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ, നഗരത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഏത് തരത്തിലുള്ള വെള്ളമായിരിക്കും ലഭിക്കുന്നത്?" എന്ന് ചോദിച്ച അദ്ദേഹം, നഗരത്തിലെ ടാങ്കർ ഓപ്പറേറ്റർമാരുടെ ഗുണനിലവാര പരിശോധനകളെയും ചോദ്യം ചെയ്തു.
ആരോഗ്യ പ്രതിസന്ധി
ഈ പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കിൽ വലിയൊരു പൊതുജനാരോഗ്യ പ്രതിസന്ധിക്ക് നഗരം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് വിനീത് മുന്നറിയിപ്പ് നൽകുന്നു. വീട്ടുജോലികൾക്കും കുടിവെള്ളത്തിനുമായി ഇത്തരം മോശം വെള്ളം തുടർച്ചയായി ഉപയോഗിക്കുന്നത് ചർമ്മരോഗങ്ങൾക്കും ജലജന്യ രോഗങ്ങൾക്കും കാരണമാകുമെന്ന ഭീതിയിലാണ് താമസക്കാർ. "ഒരു നിശബ്ദ ആരോഗ്യ മഹാമാരി പുണെയെ കാത്തിരിക്കുന്നുണ്ട്," എന്ന് പോസ്റ്റിൽ പറയുന്നു. കോടികൾ മുടക്കി ഫ്ലാറ്റുകൾ വാങ്ങിയ ആളുകൾക്ക് പോലും അടിസ്ഥാന ആവശ്യത്തിന് നല്ല വെള്ളം കിട്ടാതെ ദുരിതമനുഭവിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രൂക്ഷമായ ജലക്ഷാമം
നഗരത്തിലെ പല ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമായതിനാൽ പുണെ നിവാസികൾ സ്വകാര്യ വാട്ടർ ടാങ്കറുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് നിരവധിയാളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ടാങ്കർ വിതരണത്തിൽ കർശനമായ മേൽനോട്ടം വേണമെന്നും, കൃത്യമായ ഇടവേളകളിൽ ജലപരിശോധന നടത്തണമെന്നും, വിതരണക്കാരും നഗരസഭാ അധികൃതരും ഇതിൽ മറുപടി പറയണമെന്നുമുള്ള ആവശ്യങ്ങൾ ഇതോടെ ശക്തമായി. എന്നാൽ, വിനീത് ഉന്നയിച്ച ചോദ്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും, പുണെയിലെ ജലവിതരണ സംവിധാനത്തിലെ പോരായ്മകളെയും അതുണ്ടാക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്കും ഈ പോസ്റ്റ് വഴിവെച്ചു.


