
വിമാന യാത്രക്കാർക്ക് പൈലറ്റുമാരുടെ കോക്ക്പിറ്റിലേക്ക് പ്രവേശനമില്ല. എന്നാൽ. നിരസിക്കപ്പെടുമെന്ന ആശങ്കയോടെയാണെങ്കിലും ന്യൂയോർക്കുകാരി തന്‍റെ ആഗ്രഹം പറഞ്ഞപ്പോൾ ലഭിച്ചത് സ്വപ്നതുല്യമായത്, അതെ ഡെൽറ്റ എയറിന്‍റെ കോക്ക്പിറ്റിൽ നിന്നും പൈലറ്റുമാരുടെ തൊപ്പി വച്ച് അവർ ഒരു വീഡിയോ തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. മാരൂഖ് എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റിലിൽ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
താൻ വിമാനത്തിലാണെന്നും നിരസിക്കപ്പെടുമെന്ന ഭയം ഉണ്ടെന്നുമുള്ള മുന്നറിയിപ്പോടെയാണ് യുവതി തന്‍റെ വീഡിയോ ആരംഭിക്കുന്നത്. ആശങ്കയുണ്ടെങ്കിലും തന്‍റെ ആഗ്രഹം ചോദിക്കാൻ തന്നെ യുവതി തീരുമാനിക്കുന്നു. തുടർന്ന് അവർ വിമാനത്തിലെ ക്രൂ അംഗത്തോട് പൈലറ്റിനൊപ്പം ഒരു ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിക്കുന്നു. യുവതിയുടെ ആഗ്രഹത്തിനൊപ്പമായിരുന്നു ക്രൂവും അവർ അപ്പോൾ തന്നെ അതിന് സമ്മതിക്കുന്നു. പിന്നാലെ മരൂഖ് കോക്ക്പിറ്റിലേക്ക് കടക്കുന്നു. അവിടെ വച്ച് അവർ പൈലറ്റുമാരോട്, അവരുടെ ജോലിയെ ബഹുമാനിക്കുന്നെന്നും അഭിനന്ദിക്കുന്നെന്നും ആ വിമാനത്തിൽ കയറാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്നും അവർ പൈലറ്റുമാരോട് പറയുന്നു.
ഒപ്പം അവരോടൊപ്പം ഒരു ചിത്രം എടുക്കാൻ ആഗ്രഹിക്കുന്നെന്നും അവൾ കൂട്ടിച്ചേർത്തു. പിന്നാലെ പൈലറ്റുമാർ മരൂഖിന്‍റെ ആവശ്യം അംഗീകരിക്കുന്നു. കോപൈലറ്റുമാരിലൊരാൾ തന്‍റെ സീറ്റിലേക്ക് യുവതിയെ ക്ഷണിക്കുകയും ഒപ്പം തന്‍റെ തൊപ്പി വച്ച് ചിത്രത്തിന് പോസ് ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു. കോക്ക്പിറ്റിലേക്ക് കടക്കാൻ കഴിയുമോയെന്ന ആശങ്കയോടെ നിന്ന യുവതി തനിക്ക് കിട്ടിയ അവസരം കൃത്യമായി ഉപയോഹിക്കുന്നു. ഒടുവിൽ അത്തരമൊരു അവസരം തന്നതിന് ഡെൽറ്റ എയറിനോടും പൈലറ്റുമാരോടും അവൾ നന്ദി പറയുന്നു.
വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോയ്ക്ക് ആദ്യ മറുപടിയുമായി എത്തിയത് പൈലറ്റ് പിങ്കിയായിരുന്നു. അദ്ദേഹം ഡെൽറ്റ പൈലറ്റുമാർക്ക് യാത്രക്കാരെ പരിപാലിക്കാൻ വളരെ ഇഷ്ടമാണെന്ന് കുറിച്ചു. വീഡിയോ ഇഷ്ടമായെന്ന് നിരവധി പേരാണ് കുറിച്ചത്. നിരസിക്കപ്പെടുമെന്ന് ആശങ്കയുണ്ടായിട്ടും ചോദിക്കാൻ മുതിർന്ന മരൂഖിനെ നിരവധി പേർ അഭിനന്ദിച്ചു. ക്രു അംഗങ്ങളോട് മരൂഖി സംസാരിച്ച രീതി വളരെ ഏറെ ഇഷ്ടപ്പെട്ടെന്ന് ചിലർ കുറിച്ചു. മറ്റ് ചിലർ, യാത്രക്കാരോട് വളരെ സൗമ്യമായി പെരുമാറിയ ഡെൽറ്റാ പൈലറ്റുമാരെയും അഭിനന്ദിച്ചു. മറ്റ് ചിലർ ഇനി ഡെൽറ്റയിൽ കയറുമ്പോൾ ഒരു കോക്ക്പിറ്റ് സെൽഫിക്ക് ശ്രമിക്കുമെന്ന് കുറിച്ചു.