
ഹൈദരാബാദിലെ സന്തോഷ് നഗറിൽ, സ്റ്റീൽ പാലം നിർമ്മിക്കുന്നതിനിടെ തൊഴിലാളികൾ ഭാരമേറിയ ഇരുമ്പ് ദണ്ഡുകൾ യാതൊരു സുരക്ഷ മുന്‍കരുതലുമില്ലാതെ കൈകാര്യം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. പാലത്തിലൂടെ ചെറുതും വലുതുമായ വാഹനങ്ങൾ ചീറിപ്പായുമ്പോഴാണ് തികച്ചും നിരുത്തരവാദമായ ഈ നടപടി. അടിസ്ഥാന സുരക്ഷാ മുന്‍കരുതലില്ലാതെ എങ്ങനെയാണ് ഇത്തരം ജോലികൾ നടക്കുന്നതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും ചോദിക്കുന്നു. തൊഴിലാളികളുടെ സുരക്ഷയെയും പൊതു അപകടങ്ങളെയും കുറിച്ചുള്ളമുള്ള ചൂടേറിയ ചർച്ചകൾക്ക് വീഡിയോകൾ തുടക്കമിട്ടു.
പാലത്തിന് മുകളിൽ കൂറ്റന്‍ ഇരുമ്പ് കമ്പി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തൊഴിലാളികൾ. ഇതിനായി തങ്ങളുടെ ചുമലിൽ അമിതഭാരമുള്ള ഇരുമ്പുമായി രണ്ട് തൊഴിലാളികൾ പാലത്തിന് മുകളിലെ ബീമിലൂടെ അതിസാഹസികമായി നടക്കുന്നത് വീഡിയോയിൽ കാണാം. ഇതോടെ സമയം താഴെ പാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുന്നതും കാണാം. ചെറിയൊരു അശ്രദ്ധയോ ഒരു തെന്നലോ ഇരുമ്പ് ദണ്ഡ് പാലത്തിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുകളിൽ വീഴാൻ കാരണമാകും. അത് പോലെ തന്നെ തൊഴിലാളികളുടെ ജീവനും അപകടത്തിലാകും.
പാലത്തിന്‍റെ അറ്റകുറ്റപണികൾ ഏറ്റെടുത്ത കമ്പനി യാതൊരു സുരക്ഷയും ഒരുക്കാതെ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നത് വലിയ പ്രതിഷേധമാണ് ഉയർത്തിയത്. സുരക്ഷാ കേബിളുകൾ ഇല്ല. തൊഴിലാളികൾ ഹെൽമെറ്റ് പോലുമില്ല. അവർക്ക് ശരിയായ ഷൂസും ഇല്ല. അത്രയും ഉയരത്തിൽ ഇത്രയും ഭാരമുള്ള വസ്തുക്കൾ കൊണ്ടുപോകുമ്പോൾ ബാലൻസ് നഷ്ടപ്പെട്ടാൽ, അവരും താഴേയ്ക്ക് വീഴാനുള്ള സാധ്യത ഏറെയാണ്.
"മുകളിൽ സ്റ്റീൽ പാലം പണി, താഴെ തത്സമയ ഗതാഗതം, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ജനാലയിലൂടെ പുറത്തേക്ക് എറിയുന്നു. ഒരു സ്ലിപ്പ്, ഒരാൾക്ക് നാല് ലക്ഷം രൂപയുടെ നഷ്ടപരിഹാരം ലഭിക്കും. സന്തോഷ് നഗർ, ഹൈദരാബാദ്" എന്ന കുറിപ്പോടെയാണ് വീഡിയോ എക്സിൽ പങ്കുവയ്ക്കപ്പെട്ടത്. ഹെൽമറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരെ പിടികൂടി പിഴയുടന്ന സർക്കാർ ഇതൊന്നും കാണുന്നില്ലേയെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ ചേദിച്ചത്. പാലത്തിലെ തൊഴിലാളികളെ മാത്രമല്ല, പാലത്തിനടിയിലൂടെ കടന്നുപോകുന്ന യാത്രക്കാരെയും ഇത് അപകടത്തിലാക്കുന്നുവെന്ന് നിരവധി കാഴ്ചക്കാർ ചൂണ്ടിക്കാട്ടി.ചിലർ കോണ്‍ട്രാക്റ്റർക്ക് പിഴ ചുമത്തണമെന്ന് ആവശ്യപ്പെട്ടു. ആരാണ് ഇത്തരം അപകടകരമായ പ്രവർത്തനങ്ങൾ അനുവദിക്കുന്നത്? താഴെയുള്ള വാഹനങ്ങൾ മാത്രമല്ല, തൊഴിലാളികളുടെ സുരക്ഷയും അപകടത്തിലാണെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി.