ഇന്ത്യൻ യുവതിയെ വിവാഹം കഴിച്ച ന്യൂസിലാൻഡുകാരനായ വ്ലോഗറോട് പാകിസ്ഥാനിയുടെ ചോദ്യം ഇങ്ങനെ. ആ ചോദ്യം കേട്ട് ഞെട്ടിയെന്ന് വ്ലോഗറായ കാള്‍ റോക്ക്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ വിമര്‍ശനം.
ഇന്ത്യൻ യുവതിയെ വിവാഹം കഴിച്ച ന്യൂസിലാൻഡുകാരനായ വ്ലോഗറോട് ഒരു പാകിസ്ഥാനി സ്വദേശി നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് ഇടയാകുന്നത്. ഇന്ത്യക്കാരിയായ യുവതിയുടെ നിറത്തെ അധിക്ഷേപിക്കുകയും ചെയ്തു ഈ പാകിസ്ഥാൻകാരൻ. ഇതിനോട് പ്രതികരിക്കാതെ അവഗണിച്ച് വിട്ടുവെങ്കിലും ന്യൂസിലാൻഡുകാരനായ വ്ലോഗർ ഇത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയായിരുന്നു. അതോടെ വലിയ ചർച്ചകൾക്കാണ് ഇത് തുടക്കം കുറിച്ചത്. 'എന്റെ ഭാര്യയെ കുറിച്ചുള്ള അയാളുടെ ചോദ്യം എന്നെ ഞെട്ടിച്ചുകളഞ്ഞു' എന്നും പറഞ്ഞാണ് വ്ലോഗറായ കാൾ റോക്ക് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
'അയാളെന്നോട് എന്താണ് ചോദിച്ചത് എന്ന് കേൾക്കുന്നതുവരെ കാത്തിരിക്കൂ' എന്ന വാചകത്തോടെയാണ് വീഡിയോ തുടങ്ങുന്നത് തന്നെ. 'നിങ്ങളുടെ ഭാര്യ ഇന്ത്യക്കാരിയാണോ' എന്നാണ് പാകിസ്ഥാനി യുവാവ് ആദ്യം കാൾ റോക്കിനോട് ചോദിക്കുന്നത്. 'ഇന്ത്യക്കാർ ഇരുണ്ട നിറമുള്ളവരാണ്, നിങ്ങൾ വെളുത്തയാളും' എന്നും ഇയാൾ പറയുന്നത് കേൾക്കാം. 'എനിക്ക് മനസിലായില്ല' എന്ന് പറഞ്ഞുകൊണ്ട് റോക്ക് ഇയാളെ അവഗണിക്കുന്നത് കാണാം. അപ്പോഴും പാകിസ്ഥാനി യുവാവ് എന്തൊക്കെയോ പറയുന്നു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി വന്നത്. ഇപ്പോഴും ആളുകൾ നിറത്തിന്റെ പേരിൽ മറ്റുള്ളവരെ മോശമായി പറയുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിനെതിരെ നിരവധിപ്പേരാണ് പ്രതികരിച്ചിരിക്കുന്നത്. അതേസമയം, പാകിസ്ഥാനിൽ നിന്നുള്ളവർ തന്നെയാണ് ഏറെയും പാകിസ്ഥാനി യുവാവിന്റെ പരാമർശങ്ങൾക്കെതിരെ പ്രതികരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 'ഇപ്പോഴും തങ്ങളുടെ നാട്ടുകാർ ഇത്തരം ചിന്താഗതികളുമായി നടക്കുന്നുവെന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്' എന്ന് പ്രതികരിച്ചിരിക്കുന്നവരും ഉണ്ട്. അതുപോലെ, കൂടുതൽ സംസാരിച്ച് അയാളെ പ്രോത്സാഹിപ്പിക്കാത്തതും നന്നായി, ഇത്തരം സംഭാഷണങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്ന് കമന്റുകൾ നൽകിയവരും ഉണ്ട്.


