സിംഗപ്പൂരിൽ കുഞ്ഞുമായി മെട്രോയിൽ യാത്ര ചെയ്യുകയായിരുന്ന സാക്ഷി എന്ന ഇന്ത്യൻ യുവതിക്കുണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഇന്ത്യക്കാരി തന്നോട് പെരുമാറിയത് എങ്ങനെയെന്നും എന്നാല്‍ മറ്റൊരു സ്ത്രീ എങ്ങനെ തന്നെ സഹായിച്ചു എന്നുമാണ് പോസ്റ്റില്‍ പറയുന്നത്. 

ഒരു ദിവസം നമ്മുടെ ജീവിതത്തിലുണ്ടാകുന്ന എന്തെങ്കിലും കുഞ്ഞുകുഞ്ഞു കാര്യങ്ങൾ. അത് നമ്മുടെ ആ ദിവസം മാത്രമല്ല, ചിലപ്പോൾ ജീവിതകാലം മുഴുവനും ഓർത്തുവയ്ക്കാവുന്ന മനോഹരമായ ഓർമ്മയായി മാറാറുണ്ട്. അങ്ങനെ ഒരു അനുഭവത്തെ കുറിച്ചാണ് സാക്ഷി എന്ന ഇന്ത്യൻ യുവതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. സിം​ഗപ്പൂരിൽ താമസിക്കുന്ന സാക്ഷിക്ക് മെട്രോ യാത്രയിലുണ്ടായ അനുഭവമാണിത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യൂണിവേഴ്സൽ സ്റ്റുഡിയോസിൽ നിന്ന് തന്റെ കുഞ്ഞുമായി പുറത്തിറങ്ങിയപ്പോഴാണ് ഈ സംഭവമുണ്ടായതെന്ന് സാക്ഷി വീഡിയോയിൽ പറയുന്നത് കാണാം. 'സിംഗപ്പൂരിൽ വച്ച് ഞങ്ങൾ യൂണിവേഴ്സൽ സ്റ്റുഡിയോസിൽ നിന്ന് പുറത്തിറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് അവിടെ കൊടും ചൂടായിരുന്നു. കുഞ്ഞ് എൻ്റെ തോളിൽ കിടന്ന് ഉറങ്ങുകയായിരുന്നു, ഞങ്ങൾ രണ്ടുപേരും നന്നായി വിയർക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് മെട്രോ വന്നത്, ഞങ്ങൾ അതിൽ കയറി. പതിവുപോലെ മെട്രോയിൽ നല്ല തിരക്കുണ്ടായിരുന്നു' സാക്ഷി പറയുന്നു.

മെട്രോയിൽ കയറിയപ്പോൾ അഞ്ചാറുപേർ തനിക്ക് ഇരിക്കാൻ സീറ്റൊഴി‍്ഞ് തരാൻ സന്നദ്ധരായി എഴുന്നേറ്റ് നിന്നു. എന്നാൽ, അതിൽ ഒരു സീറ്റിലിരിക്കാൻ വേണ്ടി കുഞ്ഞുമായി ചെന്നപ്പോഴേക്കും മറ്റൊരു സ്ത്രീ ഓടിവന്ന് ആ സീറ്റിലിരിക്കാൻ ശ്രമിച്ചു. അതൊരു ഇന്ത്യക്കാരിയായിരുന്നു, 35 - 40 വയസ്സേ ഉണ്ടായിരുന്നുള്ളൂ , അവർക്ക് ശാരീരികമായി എന്തെങ്കിലും പ്രശ്നമുള്ളതായും തോന്നിയില്ല എന്നും സാക്ഷി പറയുന്നു.

തുടർന്ന് മറ്റൊരു സ്ത്രീ സാക്ഷിക്കിരിക്കാൻ തന്റെ സീറ്റ് നൽകി. മാത്രമല്ല, ആ യാത്രയിലെ മുഴുവൻ സമയവും, അതായത് ഏകദേശം 15 മിനിറ്റോളം അവർ സാക്ഷിക്കും കുഞ്ഞിനും തുടർച്ചയായി വീശിക്കൊടുത്തു. ജീവിതത്തിൽ ഒരിക്കലും താനീ സംഭവം മറക്കില്ല എന്നും സാക്ഷി പറയുന്നു. 'അതൊന്നും സാരമില്ല, ഇത് എന്റെ കടമയാണ്. കാരണം നിങ്ങൾ വളർത്തുന്നത് ഈ നാടിന്റെ ഭാവി തലമുറയെയാണ്, ഒരു കുഞ്ഞുമായി ഇങ്ങനെ യാത്ര ചെയ്യുന്നതും നടക്കുന്നതുമൊക്കെ എത്ര ബുദ്ധിമുട്ടാണെന്ന് എനിക്ക് നന്നായി അറിയാം' എന്നാണത്രെ ആ യുവതി സാക്ഷിയോട് പറഞ്ഞത്. 'ഒരാൾ തന്നെ തള്ളിമാറ്റി, മറ്റൊരാൾ സഹായിച്ചു, അതുകൊണ്ടാണ് താനൊരിക്കലും സിം​ഗപ്പൂരിനെ മറക്കാത്തത്' എന്നാണ് സാക്ഷി കുറിച്ചിരിക്കുന്നത്.

View post on Instagram

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. സാക്ഷിയെ തള്ളിമാറ്റി ആ സീറ്റിലിരുന്ന ഇന്ത്യക്കാരിക്കെതിരെ രൂക്ഷവിമർശനമാണ് കമന്റുകളിലുയരുന്നത്.