
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ നൂറ് കണക്കിന് കഥകൾ ലോകമെങ്ങുമുള്ള സമൂഹങ്ങളില്‍ നിന്നും കണ്ടെത്താന്‍ കഴിയും. അക്കൂട്ടത്തിലേക്ക് മറ്റൊരു കഥ കൂടി കണ്ണിചേര്‍ക്കപ്പെടുകയാണ്. സംഭവം അങ്ങ് ചൈനയിലാണ്. ഏഴ് വര്‍ഷം പ്രായമുള്ള ഒരു വെള്ളക്കുതിരയാണ് താരം. 'വെള്ള ഡ്രാഗണ്‍' (White Dragon) എന്നര്‍ത്ഥം വരുന്ന 'ബെയ്‍ലോംഗ്' (Bailong) എന്ന് പേരുള്ള കുതിര, അതിന്‍റെ ഉടമ യിലിബായ് പറഞ്ഞതനുസരിച്ച് ആദ്യമായി ഒരു നദിയില്‍ ഇറങ്ങി ഒരു മനുഷ്യന്‍റെ ജീവന്‍ രക്ഷിച്ചു. പക്ഷേ, ആ പ്രവര്‍ത്തിക്ക് ശേഷം യിലിബായ്ക്ക് തന്‍റെ കുതിരയുടെ ജീവന്‍ തന്നെ നഷ്ടമായെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
'ബെയ്‍ലോംഗും ഞാനും ഒരുമിച്ച് എന്തൊക്കെ കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ട്. പക്ഷേ. ഇത് മാത്രം നിങ്ങൾ എന്‍റെ മുന്നില്‍ വച്ച് സംസാരിക്കരുത്. അതെന്നെ കരയിക്കും' യിലിബായ് മാധ്യമങ്ങൾക്ക് മുന്നില്‍ മറയില്ലാതെ പറഞ്ഞു. അസാധാരണമായ ആ രക്ഷപ്പെടുത്തലിന് ആറ് ദിവസങ്ങൾക്ക് ശേഷം ബെയ്‍ലോംഗ് പെട്ടെന്ന് ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. ഒപ്പം മലമൂത്ര വിസര്‍ജ്ജനവും. പിന്നാലെ അവനെ കടുത്ത പനി ബാധിച്ചു. യിലിബായ് പ്രാദേശിക മൃഗ ഡോക്ടര്‍മാരെ സമീപിച്ചു. അവര്‍ പരിശോധിച്ചെങ്കിലും ബെയ്‍ലോംഗിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 11 -ഓടെ ആ കുതിര ജീവന്‍ വെടിഞ്ഞു. 'ഞാന്‍ ആവശ്യപ്പെട്ടപ്പോൾ അവന്‍ ഒരു മടിയും കൂടാതെ അത് അനുസരിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ബെയ്‍ലോംഗിന്‍റെ പങ്ക് ഏറെ വലുതാണെന്നും യിലിബായ് പറയുന്നു.
Watch Video: അവൾ കുട്ടിക്കാലം അർഹിക്കുന്നു; ഹോംവർക്ക് ബുക്ക് ഓടയിലേക്കിട്ട് തുള്ളിച്ചാടി പോകുന്ന കുട്ടിയുടെ വീഡിയോ വൈറൽ
Watch Video: വളര്‍ത്തുനായയുമായി മഹാകുംഭമേളയ്ക്ക്; 'അവന്‍ നമ്മുക്ക് മുന്നേ മോഷം നേടി'യെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍
കഴിഞ്ഞ ഫെബ്രുവരി നാലിന് മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിലെ സിയാന്‍റാവോ നഗരത്തിലെ പാലത്തിൽ നിന്ന് ഒരാൾ നദിയിലേക്ക് വീണപ്പോൾ സമീപത്ത് പരിശീലനത്തിലായിരുന്നു ബെയ്‍ലോംഗും യിലിബായും. നദിയില്‍ വീണയാളുടെ മകൾ സഹായത്തിനായി നിലവിളിച്ചപ്പോൾ യിലിബായുടെ നിര്‍ദ്ദേശപ്രകാരം യിലിബായൊടൊപ്പം ബെയ്‍ലോംഗും കുത്തിയൊഴുകുന്ന നദിയിലേക്ക് ഇറങ്ങുകയും അദ്ദേഹത്തെ രക്ഷപ്പെടുത്തി കൊണ്ട് കരയിലേക്ക് വരികയായിരുന്നു. ഇതിന്‍റെ വീഡിയോകൾ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 'ഒരു ജീവന്‍ രക്ഷിക്കുകയല്ലാതെ അപ്പോൾ ഞാന്‍ മറ്റൊന്നും ചിന്തിച്ചില്ല.' സംഭവത്തിന് ശേഷം യിലിബായ് മാധ്യമങ്ങളോട് പറഞ്ഞു.
ബെയ്‍ലോംഗ് ഏറെ മിടുക്കനായ കുതിരയാണ്. ഞാനവന് ഒരു ചാട്ടയടി നല്‍കിയപ്പോൾ അത് വെള്ളത്തിലേക്ക് പോയി അദ്ദേഹത്തെ രക്ഷിക്കാനാണെന്ന് അവന് അറിയാമായിരുന്നു. ഞാനും എന്‍റെ കുതിരയും ഒരു കുടുംബത്തെ പോലെയാണ്. അവനെന്നെയും എനിക്ക് അവനെയും വിശ്വാസമാണെന്നും യിലിബായ് കൂട്ടിചേര്‍ത്തു. നദിയിലൂടെ നാല്പത് മീറ്ററോളം നീന്തിയാണ് ബെയ്‍ലോംഗ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സിയാന്‍റാവോ സിറ്റി സർക്കാർ യിലിബായിക്കും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മറ്റുള്ളവർക്കും ധീരത അവാർഡും ഒപ്പം 35,600 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ബെയ്‍ലോംഗിനോടുള്ള ബഹുമാനാര്‍ത്ഥം നദിക്ക് സമീപം കുതിരയുടെ ഒരു പ്രതിമ നിർമ്മിക്കാനും പ്രാദേശിക ഭരണകൂടം തീരുമാനിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.