പ്രയാഗ്‍രാജിലെ മഹാകുഭമേളയ്ക്കെത്തിയ യുവാവ്, വളര്‍ത്തുനായയെ ത്രിവേണി സ്നാനത്തിന് സഹായിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ മതപരമായ തീർത്ഥാടനമാണ് പ്രയാഗ്‍രാജില്‍ നടക്കുന്ന മഹാ കുംഭമേള. ഇതിനകം ദശലക്ഷക്കണക്കിന് ആളുകളാണ് വിശുദ്ധ ത്രിവേണി സംഗമത്തില്‍ വിശുദ്ധ സ്നാനത്തിനായി എത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം ആബാലവൃദ്ധം ജനങ്ങൾ ത്രിവേണി സ്നാനം നടത്തി. എന്നാൽ അപ്രതീക്ഷിതമായി ത്രിവേണി സ്നാനത്തിനെത്തിയ ഒരു അതിഥി എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റി. അതൊരു നായയായിരുന്നു പേര് സൊറാവർ. സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും ക്യൂട്ടായിട്ടുള്ള ഭക്തനാണ് ഇന്ന് സൊറാവർ,
വന്‍ഷ് ഛബ്രയാണ് സൊറാവറിന്‍റെ ഉടമ. സൊറാവറിന്‍റെ പ്രയാഗ്‍രാജ് യാത്ര ഒരിക്കലും നേരത്തെ പ്ലാന്‍ ചെയ്തതല്ലെന്ന് വന്‍ഷ് പറയുന്നു. കുടുംബാംഗങ്ങൾ മഹാകുംഭമേളയ്ക്ക് പോകാനൊരുങ്ങിയപ്പോൾ. സൊറാവർ വീട്ടില്‍ തനിച്ചായി. അങ്ങനെ പുറപ്പെടാന്‍ നേരത്ത് അവനും കാറില്‍ കയറുകയായിരുന്നെന്ന് വന്‍ഷ് ഛബ്ര പറയുന്നു. സമൂഹ മാധ്യമത്തില്‍ വൈറലായ വീഡിയോയില്‍ സൊറാവറിനെയും കൊണ്ട് പുണ്യ സ്നാനം ചെയ്യാനായി ഛബ്ര നദിയിലേക്ക് ഇറങ്ങുന്നത് കാണാം. നദിയില്‍ മുങ്ങുന്നതിന് മുമ്പ് ഛബ്ര അല്പം ജലമെടുത്ത് അവന്‍റെ തലയില്‍ തടവുന്നു. പിന്നാലെ സൊറാവറിനെ നദിയില്‍ മുക്കിയെടുക്കുന്നു. സൊറാവര്‍ കാര്യമായ അസ്വസ്ഥതകളൊന്നും പ്രകടിപ്പിക്കുന്നില്ല. വളരെ ശാന്തനായ അവന്‍റെ ഇരുപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു.
Watch Video:ന്യൂയോർക്ക് നഗരത്തിലെ സബ്‍വേയിൽ പ്രസവിച്ച് 25 -കാരി; സഹയാത്രികരുടെ കരുതലിൽ അമ്മയും കുഞ്ഞും സുരക്ഷിതർ, വീഡിയോ
വീഡിയോയുടെ രണ്ടാം ഭാഗത്ത് മഹാകുംഭമേളയ്ക്കിടയിലൂടെ നടക്കുന്ന സൊറാവറിനെ കാണാം. വഴിയില്‍ കാണുന്നവരെല്ലാം അവനെ ലാളിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കൾ ഛബ്രയെ അഭിനന്ദിച്ചു. 'ഇത് ഞാൻ ഇന്ന് കണ്ട ഏറ്റവും ആരോഗ്യകരമായ കാര്യമാണ്! തീർച്ചയായും ദിവ്യമായ കാര്യം' ഒരു കാഴ്ചക്കാരനെഴുതി. 'അവന്‍ നമുക്കെല്ലാവർക്കും മുമ്പേ മോക്ഷം നേടി' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. വീഡിയോ ഇതിനകം 75 ലക്ഷത്തിന് മേലെ ആളുകൾ കണ്ടു കഴിഞ്ഞു.
