പ്രണയ ദിനത്തിൽ ഭർത്താവിനെക്കൊണ്ട് പുതിയ 'ജീവിത കരാർ' ഒപ്പിടുവിച്ച് ഭാര്യ; കരാർ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
പ്രണയദിനത്തിൽ പരസ്പര സ്നേഹവും സമാധാനവും നിലനിർത്തുന്നതിനായി ഭാര്യയും ഭര്‍ത്താവും ഒരു പുതിയ കരാർ എഴുതിയുണ്ടാക്കി. ദാമ്പത്യത്തിൽ നഷ്ടമായ പ്രണയം പുനരുജ്ജീവിപ്പിക്കാനാണ് കരാറെന്ന് ഭർത്താവ് സമൂഹ മാധ്യമങ്ങളില്‍ എഴുതി.

പ്രണയ ദിനത്തിൽ പരസ്പര സ്നേഹം പ്രകടിപ്പിക്കാൻ, അല്ലെങ്കില്‍ പലതരത്തിലുള്ള സ്നേഹ സമ്മാനങ്ങൾ പരസ്പരം നൽകുന്ന പ്രണയ ജോഡികളെയും ദമ്പതികളെയും നാം കണ്ടിട്ടുണ്ടാവും. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രണയദിനത്തിൽ പരസ്പര സ്നേഹവും സമാധാനവും നിലനിർത്തുന്നതിനായി ഒരു കരാർ എഴുതിയുണ്ടാക്കി അതിൽ ഒപ്പു വച്ചിരിക്കുകയാണ് ഒരു ദമ്പതികൾ. ഖർ കെ കലേഷ് എന്ന ജനപ്രിയ എക്സ് പേജിൽ പങ്കുവെച്ച മുദ്ര പത്രത്തിൽ എഴുതിയുണ്ടാക്കിയ ഈ കരാർ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാവുകയാണ്.
വിവാഹം ഇത്രമാത്രം ബുദ്ധിമുട്ടാണെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം തന്‍റെ ഭാര്യ ഈ വിവാഹ ഉടമ്പടിയിൽ ഒപ്പുവെക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്നും സൂചിപ്പിച്ചു കൊണ്ടാണ് ഈ പ്രണയദിന കരാർ ഉടമ്പടിയുടെ ചിത്രം ഭർത്താവ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
കരാറിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്; വാലന്‍റൈൻസ് വേളയിൽ, പതിവ് തർക്കങ്ങൾ ഒഴിവാക്കാനും പാർട്ടി 1 -ന്‍റെ ട്രേഡിംങ് അഭിനിവേശം കാരണം വളരെക്കാലമായി ദാമ്പത്യത്തിൽ നഷ്ടമായ പ്രണയം പുനരുജ്ജീവിപ്പിക്കാനും ഇരു കക്ഷികൾക്കും ചില ഗൃഹ നിയമങ്ങൾ ശുഭം (പാർട്ടി 1), അനയ (പാർട്ടി 2) എന്നിവർ തമ്മിൽ എഴുതി ഉറപ്പാക്കുന്നു. താഴെപ്പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ കരാർ അവസാനിക്കുകയും ഉത്തരവാദിത്തപ്പെട്ട കക്ഷി വസ്ത്രങ്ങൾ കഴുകൽ, ടോയ്‌ലറ്റ് വൃത്തിയാക്കൽ, പലചരക്ക് ഷോപ്പിംഗ് എന്നു തുടങ്ങി 3 മാസത്തെ വീട്ടുജോലികളിൽ ചെയ്ത് പ്രശ്നപരിഹാരം നടത്തേണ്ടതുമാണ്.
Read More: ഏറ്റവും കുടുതല്‍ സ്ത്രീകൾ മദ്യപിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം; ചില കണക്കുകൾ അറിയാം
കരാറിൽ രണ്ട് പാർട്ടികളും പാലിക്കേണ്ട കാര്യങ്ങൾ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. അത് ഇങ്ങനെയാണ്;
പാർട്ടി 1 ചെയ്യേണ്ടവ:
1. ഡൈനിംഗ് ടേബിളിൽ കുടുംബകാര്യങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുക, ട്രേഡിംഗ് ചർച്ചകൾ നിരോധിച്ചിരിക്കുന്നു.
2. കിടപ്പുമുറിയുടെ വൃത്തി പരിപാലിക്കുക, സ്വകാര്യ നിമിഷങ്ങളിൽ മൂലധന നേട്ടം / നഷ്ടം എന്നിവയെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കുക.
3. 'മൈ ബ്യൂട്ടികോയിൻ', 'മൈ ക്രിപ്റ്റിപൈ' തുടങ്ങിയ പേരുകളിൽ അനയയെ വിളിക്കുന്നത് അവസാനിപ്പിക്കുക.
4. CoinDCX പോലുള്ള ട്രേഡിംഗ് ആപ്പുകൾ ഉപയോഗിക്കുന്നതും, രാത്രി 9 മണിക്ക് ശേഷം നാണയ ഗവേഷണത്തിനായി യൂട്യൂബ് വീഡിയോകൾ കാണുന്നതും ഒഴിവാക്കുക.
പാർട്ടി 2 ചെയ്യേണ്ടവ:
1. ശുഭത്തിനെ കുറിച്ച് അമ്മയോട് പരാതിപ്പെടുന്നത് നിർത്തുക.
2. ശുഭത്തിന്‍റെ മുൻ പങ്കാളിയെ തർക്കത്തിൽ കൊണ്ടുവരുന്നത് ഒഴിവാക്കുക.
3. വിലകൂടിയ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുന്നതിന് സ്വയം നിയന്ത്രണം ഏർപ്പെടുത്തുക.
4. രാത്രി വൈകി ഭക്ഷണം ഓർഡർ ചെയ്യുന്നത് അവസാനിപ്പിക്കുക.
രസകരമായ ഈ കരാർ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മിക്കവാറും ശുഭം കരാറിൽ ഒപ്പു വച്ചിട്ടുണ്ടാകില്ലെന്നാണ് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടത്.
