ദുരിതം ഭക്ഷിച്ച്, ട്രാക്ടർ ടയർ കഴുത്തിൽ കുടുങ്ങിയ കാട്ടാന; ഒടുവിൽ രക്ഷപ്പെടൽ, വീഡിയോ

Published : Sep 12, 2026, 04:06 PM IST
Wild elephant suffering with a tractor tire stuck around its neck

Synopsis

അസമിലെ ഗൊലാഘട്ട് ജില്ലയിൽ കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങി ദുരിതത്തിലായ കാട്ടാനയെ വനവകുപ്പും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഭക്ഷണം കഴിക്കാനും സഞ്ചരിക്കാനും ബുദ്ധിമുട്ടിയ ആനയുടെ കഴുത്തിൽ നിന്ന് വിജയകരമായി ടയർ നീക്കം ചെയ്തു. മനുഷ്യർ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ വന്യജീവികൾക്ക് ഉയർത്തുന്ന ഭീഷണിയാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്.

ഴുത്തിൽ ട്രാക്ടറിന്‍റെ വലിയ ടയർ കുടുങ്ങിയതിനെ തുടർന്ന് ദുരിതത്തിലായ കാട്ടാനയെ രക്ഷപ്പെടുത്തി. അസമിലെ ഗൊലാഘട്ട് ജില്ലയിലെ നുമാലിഗഢ് – മൊറോംഗി മേഖലയിലാണ് സംഭവം. കഴുത്തിൽ ടയർ കുടുങ്ങിയ നിലയിൽ ആന സഞ്ചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി.

കാട്ടനയുടെ കഴുത്തിൽ കുടുങ്ങിയ ട്രാക്ടർ ടയർ

ടയർ കഴുത്തിൽ മുറുകിയതോടെ ആനയ്ക്ക് സ്വാഭാവികമായി സഞ്ചരിക്കുന്നതിനും ഭക്ഷണം തേടുന്നതിനും വലിയ ബുദ്ധിമുട്ട് നേരിട്ടു. കഴുത്തിൽ വലിയ ഭാരമുള്ള കൂറ്റൻ ടയർ കുടുങ്ങി ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടി അസ്വസ്ഥതയോടെ നിൽക്കുന്ന കാട്ടാനയുടെ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആനയുടെ കഴുത്തിൽ നിന്നും ടയർ നീക്കം ചെയ്യാൻ കഴിയാതെ പോയിരുന്നെങ്കിൽ ഭക്ഷണം കഴിക്കാൻ കഴിയാതെ ആനയ്ക്ക് ഗുരുതരമായ പരിക്കുകൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള സാധ്യത ഏറെയായിരുന്നു. ഇതോടെ വനവകുപ്പ് അധികൃതർ അടിയന്തരമായി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

സംയുക്ത രക്ഷാപ്രവർത്തനം

കസിരംഗയിലെ വന്യജീവി പുനരധിവാസ - സംരക്ഷണ കേന്ദ്രം (CWRC), ഗൊലാഘട്ട് ഫോറസ്റ്റ് ഡിവിഷൻ, പ്രദേശവാസികൾ എന്നിവരുടെ ഏകോപിത ശ്രമത്തിലൂടെയാണ് രക്ഷാപ്രവർത്തനം നടന്നത്. ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഒടുവിൽ കഴുത്തിൽ മുറുകിക്കിടന്ന ടയർ വിജയകരമായി നീക്കം ചെയ്യുകയും ആനയെ അപകടാവസ്ഥയിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.

വന്യമൃഗങ്ങൾക്ക് ഭീഷണി

അതേസമയം കാട്ടാനയുടെ കഴുത്തിൽ ട്രാക്ടറിന്‍റെ ടയർ കുടുങ്ങിയതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ട്രാക്ടർ ടയർ ആന കൗതുകത്തോടെ തുമ്പിക്കൈ ഉപയോഗിച്ച് എടുത്തതിനെ തുടർന്ന് അത് കഴുത്തിലേക്ക് വഴുതി വീണതാകാമെന്നാണ് വനപാലകരുടെ പ്രാഥമിക നിഗമനം. മനുഷ്യർ വനത്തിൽ ഉപേക്ഷിക്കുന്ന ടയറുകളും പ്ലാസ്റ്റിക്കുകളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വന്യജീവികൾക്ക് എത്രമാത്രം അപകടകരമാണെന്നതിന്‍റെ മുന്നറിയിപ്പ് കൂടിയാണ് സംഭവം. അസമിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. ആനയെ രക്ഷപ്പെടുത്തി വീണ്ടും കൂട്ടത്തിലേക്ക് മടങ്ങാൻ സാധിച്ചതായും അദ്ദേഹം അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

അമേരിക്കയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ നാല് ചക്രങ്ങളും അഴിച്ചുകൊണ്ടുപോയി; നടുക്കം മാറാതെ യുവതി
അമ്പമ്പോ ശരിക്കും ഞെട്ടിച്ചു, ഓസ്ട്രേലിയയിൽ അമ്പരപ്പിച്ച 5 കാര്യങ്ങളുമായി ഇന്ത്യക്കാരി