
മനുഷ്യ മൃഗ സംഘര്‍ഷങ്ങളുടെ കാലത്ത് മൃഗങ്ങൾ കാടിറങ്ങി മനുഷ്യവാസ പ്രദേശങ്ങളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വാര്‍ത്തയാണ് എല്ലായിടത്ത് നിന്നും പുറത്ത് വരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ കാഴ്ചക്കാരെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു. എന്നാല്‍ യാഥാര്‍ത്ഥ്യമെന്ത് എന്ന് തിരിച്ചറിഞ്ഞപ്പോൾ മനുഷ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലെ ധാര്‍മ്മികതയെ കുറിച്ചായി ചര്‍ച്ച.
ഗുജറാത്തിലെ ഒരു ചെറു പട്ടണത്തിലെ വീഡിയോ എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കപ്പെട്ടത്. ഗീര്‍ വനത്തിന്‍റെ സാമീപ്യം പടിഞ്ഞാറന്‍ ഗുജറാത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും സിംഹത്തിന്‍റെ സാന്നിധ്യത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാക്കിയത്. രാത്രിയില്‍ അടച്ചിട്ട ഒരു കടയ്ക്ക് മുന്നിലായി കിടന്നുറങ്ങുന്ന ഒരാളിലാണ് വീഡിയോ ആരംഭിക്കുന്നത് സമയം രാത്രി 2.39 തെന്ന് വീഡിയോയില്‍ എഴുതിയിരിക്കുന്നു. പെട്ടെന്ന് ഇരുട്ടത്ത് നിന്നും ഒരു പെണ്‍ സിംഹം നടന്ന് വരികയും കിടക്കുന്ന ആളുടെ അടുത്ത് കൂടി കടന്ന് പോകുന്നു. സിംഹം കിടക്കുന്ന ആളെ കണ്ടില്ലെന്ന ആശ്വസത്തില്‍ കാഴ്ചക്കാരനിരിക്കും.
അല്പ സമയത്തിന് ശേഷം സിംഹം തിരിച്ച് വന്ന് കിടക്കുന്ന ആളെ മണത്ത് നോക്കുന്നു. കാഴ്ചക്കാരന്‍ ഭയം ഉള്ളിലൊതുക്കി ഇരിക്കുമ്പോൾ തന്‍റെ ഇരയെ ഉപേക്ഷിച്ച് സിംഹം കടന്ന് പോകുന്നു. വളരെ പെട്ടെന്ന് തന്നെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കോടിക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. സിംഹത്തിന്‍റെ വായില്‍ നിന്നും രക്ഷപ്പെട്ട മനുഷ്യന്‍റെ ഭാഗ്യത്തെ കുറിച്ച് നിരവധി പേരെഴുതി. എന്നാല്‍, വീഡിയോ ബ്രസിലില്‍ നിന്നും അപ്പ് ചെയ്ത ഒരു എഐ ജനറേറ്റഡ് വീഡിയോയാണെന്ന് പിന്നീട് വ്യക്തമായി. ഡി ഇന്‍റന്‍റ് ഡാറ്റ എന്ന എക്സ് അക്കൗണ്ടാണ് വീഡിയോയുടെ ആധികാരികയെ കുറിച്ച് അന്വേഷിച്ചത്. വീഡിയോ സ്ഥിരമായി എഐ ജനറേറ്റഡ് ഉള്ളടക്കങ്ങൾ പങ്കുവയ്ക്കുന്ന ഒരു യൂട്യൂബ് ചാനലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടതാണെന്നും കൃത്യമായ ആസൂത്രണത്തോടെ നിര്‍മ്മിക്കപ്പെട്ടതാണെന്നും ഡി ഇന്‍റന്‍റ് ഡാറ്റ സമര്‍ത്ഥിക്കുന്നു. വീഡിയോയില്‍ കടയുടെ ബോര്‍ഡ് മറച്ച് വച്ചതും കിടക്കുന്നയാളുടെ കാലിന്‍റെ ചലനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഒപ്പം ദി വേൾഡ് ഓഫ് ബീസ്റ്റ്സ് എന്ന യൂട്യൂബ് ചാനല്‍ പങ്കുവച്ച വീഡിയോയും പങ്കുവച്ചു.