'ബ്രാൻഡ് മോദി'; കൃത്യമായി നടപ്പിലാക്കിയ ഒരു മാനേജ്‌മെന്റ് സ്ട്രാറ്റജിയുടെ വിജയം

By Web TeamFirst Published May 24, 2019, 2:15 PM IST
Highlights

തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ,  പ്രാദേശിക ചാനലുകളടക്കമുള്ള പ്രചാരണോപാധികളിലൂടെ അദ്ദേഹം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നത് ഒരേയൊരു കാര്യം മാത്രം. . " ഇത്തവണ മോദിക്ക് എതിരാളി മോദി തന്നെ.." 

മോദീ വിജയത്തിൽ യാതൊന്നും യാദൃച്ഛികമല്ലായിരുന്നു. വിജയങ്ങൾ അല്ലെങ്കിലും ഒരിക്കലും യാദൃച്ഛികമാവാറില്ലല്ലോ. എല്ലാ വിജയങ്ങൾക്കും പിന്നിൽ വളരെ കൃത്യമായ നയരൂപീകരണവും, അതിലേറെ സൂക്ഷ്മമായ അതിന്റെ പ്രാവർത്തീകരണവും കാണും. ഇവിടെയും അത് അങ്ങനെ തന്നെ. മോദി എന്ന രാഷ്ട്രീയ സർജിക്കൽ സ്‌ട്രൈക്കിന്റെ പിന്നിൽ സംഭവിച്ച പ്ലാനിങ്ങിന്റെ വിശദാംശങ്ങൾ ഒരിക്കലും പുറംലോകം അറിയാൻ പോകുന്നില്ലെന്നു മാത്രം. 

ഇക്കുറി ബിജെപി നയിച്ച എൻഡിഎയ്ക്ക് ഒരേയൊരു മുഖമേ ഉണ്ടായിരുന്നുള്ളൂ. നരേന്ദ്ര മോദി. ഒരേയൊരു മുദ്രാവാക്യമേ ഉണ്ടായിരുന്നുള്ളൂ.. " ഓർ ഏക് ബാർ, മോദി സർക്കാർ..' പ്രകടന പത്രികയിൽ തുടങ്ങി എല്ലാ പരസ്യപ്പലകകളിലും നിറഞ്ഞു കവിഞ്ഞു നിന്നത് മോദി എന്ന അസാമാന്യ സ്വാധീനശക്തി തന്നെയായിരുന്നു. എല്ലാം തന്നിലേക്ക് ചുരുക്കുന്നതിൽ മോദി വിജയിച്ചു.  അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, ഇത്തവണത്തെ യുദ്ധം ' മോദിയും മോദിയും തമ്മിലാണ്'.  കോൺഗ്രസ് തനിക്കുനേരെ ഉയർത്തിക്കൊണ്ടു വന്ന 'റഫാൽ' ആരോപണങ്ങളുടെയെല്ലാം മുനയൊടിക്കാൻ വളരെയെളുപ്പത്തിൽ മോദിക്ക് സാധിച്ചു. ബാലാക്കോട്ട് ആക്രമണത്തിനെ വളരെ നാടകീയമായ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച അദ്ദേഹം  അതിന്റെ പേരിൽ ദേശീയ വികാരം ഉണർത്തിവിട്ട് അത് പരമാവധി വോട്ടാക്കി മാറ്റി. ഇന്ത്യാമഹാരാജ്യത്ത് തെരഞ്ഞെടുപ്പ് എന്നത് ഒരു ബൃഹദ് യജ്ഞമാണ്. അതിനെ വളരെ കൃത്യമായ ആസൂത്രണത്തോടെ അനായാസം നടപ്പിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 

മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിനു മുമ്പ്, അതായത് ജനുവരി മുതൽ മര്‍ച്ച് വരെയുള്ള മാസങ്ങളിൽ മോഡി നടത്തിയത് 100-ലധികം റാലികളാണ്. അതിനു ശേഷമുള്ള 51  ദിവസങ്ങൾ കൊണ്ട് അദ്ദേഹം 146  റോഡ് ഷോകളിൽ കൂടി പങ്കെടുത്തു. അങ്ങനെ ഭഗീരഥ പ്രയത്നത്തിലൂടെ അദ്ദേഹം രാജ്യത്തെ 542 ലോക്സഭാ മണ്ഡലങ്ങളിൽ പകുതിയിലേറെ ഇടങ്ങളിലും ചെന്ന് മുഖം കാണിക്കുന്നതിൽ വിജയിച്ചു. പ്രധാനമന്ത്രിയ്ക്ക് പോകാൻ പറ്റാതിരുന്ന ഇടങ്ങളിലൊക്കെ അമിത് ഷാ തന്റെ സാന്നിധ്യം അറിയിച്ചു.  പ്രാദേശിക സഖ്യങ്ങളുണ്ടാക്കി മത്സരിച്ചിടങ്ങളിലൊക്കെ ഫോൺ വിളിച്ചും മറ്റും നടത്തിയ കൃത്യമായ പ്ലാനിങ്ങിലൂടെ അതാത് സഖ്യകക്ഷികൾ എല്ലാ റോഡ് ഷോകളിലും തനിക്കൊപ്പം സ്റ്റേജ് പങ്കിടുന്നുണ്ട് എന്ന് അദ്ദേഹം ഉറപ്പുവരുത്തി. 

പ്രധാനപ്പെട്ട എല്ലാ എൻഡിഎ സഖ്യകക്ഷികളെയും, അതായത് നിതീഷ് കുമാർ, റാം വിലാസ് പാസ്വാൻ, ഉദ്ധവ് താക്കറെ, പ്രകാശ് സിങ്ങ് ബാദൽ എന്നിങ്ങനെ എല്ലാവരെയും അതാത് സംസ്ഥാനങ്ങളിൽ നടന്ന റാലികളിൽ തനിക്കൊപ്പം അദ്ദേഹം പങ്കെടുപ്പിച്ചു. വാരണാസിയിൽ നാമനിർദേശ പത്രികാ സമർപ്പണവേളയിലും അദ്ദേഹം പരമാവധി താരസാന്നിദ്ധ്യം ഉറപ്പിച്ചു.  അങ്ങനെ 'മോദിക്ക് സഖ്യം നയിക്കാനറിയില്ല..' എന്ന ചീത്തപ്പേര് അദ്ദേഹം മായ്ച്ചു കളഞ്ഞു. 

എന്നാൽ കോൺഗ്രസും സഖ്യകക്ഷികളും അക്കാര്യത്തിൽ അമ്പേ പരാജയമായിരുന്നു. ബിഹാറിലെയും, കര്ണാടകയിലെയും, മഹാരാഷ്ട്രയിലെയും പല സഖ്യകക്ഷി റാലികളിലും രാഹുൽ ഗാന്ധിയ്‌ക്കൊപ്പം പലപ്പോഴും മറ്റു പാർട്ടികളിലെ പ്രമുഖർ വരാതിരുന്ന സാഹചര്യമുണ്ടായി. 

സോഷ്യൽ മീഡിയയിലാണ് പിന്നെ, ഈ 'ബ്രാൻഡ് മോദി' ടീമിന്റെ ഒത്തിണക്കത്തോടെയുള്ള പ്രവർത്തനങ്ങൾ കണ്ടത്. അവർ നടത്തിയ ബോധപൂര്‍വ്വമുള്ള പ്രചാരണ വേലകൾ ഫലം കണ്ടു.  മോദിയുടെ ജനപ്രീതി 2014 -നേക്കാൾ വർധിച്ചിട്ടുണ്ട് എന്ന പ്രതീതി സൃഷ്ടിക്കുന്നതിൽ ടീം വിജയിച്ചു. കൃത്യമായി മോദിയിൽ മാത്രം ഫോക്കസ് ചെയ്തുകൊണ്ടുള്ള ഒരു പ്രചാരണ തന്ത്രമായിരുന്നു ഓൺലൈനും ഗ്രാസ് റൂട്ട് ലെവലിലും ഒക്കെ നടത്തപ്പെട്ടത്. 

പോസ്റ്ററുകളിൽ, സോഷ്യൽ മീഡിയയിൽ ഒക്കെ 'മോദിയെ അധികാരത്തിൽ തിരികെ കൊണ്ടുവരുന്നതിനെപ്പറ്റി സംസാരിക്കുന്ന' മോദി മാത്രമായിരുന്നു നിറഞ്ഞു നിന്നത്. 'സുസ്ഥിര വികസനം, രാജ്യസുരക്ഷ, കേന്ദ്രത്തിൽ ഇച്ഛാശക്തിയുള്ള ഒരു സർക്കാർ' - എന്നിവയായിരുന്നു പ്രധാന വാഗ്ദാനങ്ങൾ.  ചുരുക്കത്തിൽ ഇത് മോദിയെ വീണ്ടും തെരഞ്ഞെടുക്കുന്നു എന്ന പ്രമേയം ഏകകണ്ഠമായി പാസാക്കാനുള്ള ഒരു തെരഞ്ഞെടുപ്പ് മാത്രമായി ചുരുങ്ങി. 

ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റുഫോമുകളിലെ രാഹുൽ ഗാന്ധിയുടെ പ്രചാരവേളകൾ അദ്ദേഹത്തിന്റെ നേതൃപാടവം, ന്യായ് പദ്ധതി വാഗ്ദാനം, പ്രിയങ്കാ ഗാന്ധിയുടെ രംഗപ്രവേശം എന്നിങ്ങനെ പലതിലുമായി പരന്നും പടർന്നു അവ്യക്തത പൂണ്ടു നിന്നപ്പോൾ, എൻഡിഎയുടെ ടാഗ് ലൈൻ വളരെ ലളിതമായിരുന്നു, " ഒരുവട്ടം കൂടി, മോദി.." 

ബാലക്കോട്ടിലെ വ്യോമാക്രമണത്തിനു ശേഷം പ്രതിപക്ഷത്തിനുണ്ടായ ആശയക്കുഴപ്പം മോദിക്ക് വളരെ കൃത്യമായി മനസ്സിലായി. റാലികളിലെല്ലാം അദ്ദേഹത്തിന് വളരെ മികച്ച പ്രതികരണമാണ് ബാലക്കോട്ടിലെ തിരിച്ചടി എന്ന പരാമർശം നേടിക്കൊടുത്തത്. 'പാകിസ്ഥാനെ അവരുടെ വീട്ടിൽ കേറി അടിച്ചു.." എന്ന പരാമർശം ജനങ്ങൾ കയ്യടികളോടെയാണ് എതിരേറ്റത്.  പ്രതിപക്ഷമാവട്ടെ, ബാലക്കോട്ടിലെ ആക്രമണത്തിന്റെ സത്യസന്ധതയെ സംശയിച്ചുകൊണ്ട് ആദ്യം പ്രതികരിച്ചു. പിന്നീട് കുറെ ദിവസം ഒന്നും മിണ്ടാതിരുന്നു. പിന്നെ 'ഞങ്ങളും അതേപോലെ കുറെ സർജിക്കൽ സ്ട്രൈക്ക് നടത്തിയിട്ടുണ്ട്' എന്നൊരു പ്രസ്താവന. ഒക്കെയും ചീറ്റിപ്പോയി. 

ബിജെപിയുടെ സ്ട്രാറ്റജി ടീമിന് ഒരു കാര്യം വളരെ പെട്ടെന്ന് മനസ്സിലായി. കോൺഗ്രസിന് തങ്ങളെ ആക്രമിക്കാൻ ആകെ രണ്ടേ രണ്ടു പ്രശ്നങ്ങളെ ഉള്ളൂ. ഒന്ന്, " എല്ലാവരുടെയും അക്കൗണ്ടിൽ 15  ലക്ഷം രൂപ ഇട്ടുതരും..' രണ്ട്, " വർഷാവർഷം 2  കോടി തൊഴിലവസരങ്ങൾ ഉണ്ടാക്കും .." അത്ര തന്നെ.. വേറെ ഒരു ആരോപണവുമില്ല ഉന്നയിക്കാൻ. ആകെ പറഞ്ഞുകൊണ്ടിരുന്ന 'റഫാൽ' ആണെങ്കിൽ ആർക്കും ഒന്നും മനസ്സിലായുമില്ല. 

'ചൗക്കിദാർ ചോർ ഹേ...' എന്ന രാഹുലിന്റെ പരിഹാസത്തെ ' മേം ഭി ചൗക്കിദാർ' എന്ന കാംപെയ്നുമായി വളരെ ശക്തമായി 'ടീം മോദി' പ്രതിരോധിച്ചു. വളരെ വലിയ പൊതുജന പങ്കാളിത്തമാണ് ആ പ്രചാരണത്തിനുണ്ടായത്. പലരും അവരവരുടെ ട്വിറ്റർ ഹാൻഡിലുകളിൽ സ്വന്തം പേരിനു മുന്നിൽ ചൗക്കിദാർ എന്ന് ചേർത്തതും ഏറെ ജനപ്രിയമായി.   

ബിജെപിയുടെ സൈബർ ടീം മാതൃകാ പെരുമാറ്റ ചട്ടം പ്രഖ്യാപിച്ച അന്ന് മുതൽ തങ്ങളുടെ സാന്നിധ്യം ഏറെ ശക്തമാക്കി. ബിജെപി സോഷ്യൽ മീഡിയാ ട്രാഫിക്ക്  കോൺഗ്രസിന്റെ അഞ്ചിരട്ടിയോളമായി. എന്നാൽ സൈബർ ലോകത്തെ സാന്നിധ്യം വോട്ടായി പരിണമിച്ചോളണമെന്നില്ല എന്ന് മോദിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം 146  റോഡ് ഷോകളും, 100 റാലിയുമായി പൊതുജനമധ്യത്തിലേക്കും കടന്നത്. 

ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ എന്നീ രണ്ടു സംസ്ഥാനങ്ങളിൽ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ച മോഡി ഏതാണ്ട് അമ്പതോളം റോഡ്‌ഷോകളാണ് ഇവിടെ മാത്രം നടത്തിയത്. കിഴക്കൻ ഉത്തർപ്രദേശിൽ അവസാനത്തെ മൂന്നു ഘട്ടങ്ങളിൽ മാത്രം 18  റാലികൾ മോഡി നടത്തി.  കിഴക്കൻ ഉത്തർ പ്രദേശിലെ ബിജെപി സ്വാധീനം വർധിച്ചു വരുന്നു എന്ന റിപ്പോർട്ട് കിട്ടിയതും അവിടത്തെ റാലികൾ ഇരട്ടിപ്പിക്കാൻ മോഡി നേരിട്ട് തന്നെ തീരുമാനം എടുക്കുകയായിരുന്നു. സുപ്രധാനവും, കിട്ടാൻ ഏറെ പ്രയാസമുള്ളതുമായ നാന്ദേഡ്, ഡയമണ്ട് ഹാർബർ, ജോധ്പുർ തുടങ്ങിയ മണ്ഡലങ്ങളിൽ മോഡി നേരിട്ടിറങ്ങി കാര്യമായ പ്രചാരണങ്ങൾ നടത്തി.

തിരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ,  ജനപ്രിയ സിനിമാ നടന്മാരുടെയും, ചാനൽ അവതാരകരുടെയും കൂടെ നടത്തിയ പോസിറ്റീവ് ആയ അഭിമുഖങ്ങളും മോദിയുടെ ബ്രാൻഡ് വാല്യൂ വർധിപ്പിച്ചു. പ്രാദേശിക ചാനലുകളടക്കമുള്ള പ്രചാരണോപാധികളിലൂടെ അദ്ദേഹം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നത് ഒരേയൊരു കാര്യം മാത്രം. . " ഇത്തവണ മോദിക്ക് എതിരാളി മോദി തന്നെ.." മോദിയുടെ യുദ്ധത്തിന്റെ സിനിമയിൽ നായകനും വില്ലനും മോദി തന്നെയായിരുന്നു. 

സിനിമ തീർന്നപ്പോൾ, നായകൻ വിജയശ്രീലാളിതനായി.. ! 

click me!