മരണം വരെ ഇവിടം വിടില്ല; 99 -ാമത്തെ വയസ്സിലും കാ മുത്തശ്ശി സമരത്തിലാണ്...

By Web TeamFirst Published May 22, 2019, 7:30 PM IST
Highlights

കൃഷിയിടം നഷ്ടമായപ്പോൾ കാ  മുത്തശ്ശിയുടെ മകൻ ഹാൻ മത്സ്യബന്ധനത്തിൽ തന്റെ ഉപജീവനം കണ്ടെത്താനുള്ള ശ്രമത്തിലാണ്. കഷ്ടിച്ച് ജീവിക്കാനുള്ള പണമേ അദ്ദേഹത്തിന് മത്സ്യബന്ധനത്തിലൂടെ കിട്ടുന്നുള്ളു.

ഫാം തി കാ എന്ന വിയറ്റ്നാമീസ് മുത്തശ്ശിക്ക് പ്രായം 99 ആയി. എന്നാലും, അവരുടെ പോരാട്ടവീര്യത്തിന് ഇന്നും നിറയൗവ്വനമാണ്. അവരും വിയത്നാമിൽ സർക്കാരിന്റെ അനുഗ്രഹാശിസ്സുകളോടും ജാപ്പനീസ് ധനസഹായത്തോടും നടപ്പിലാക്കുന്ന കൽക്കരി ഖനനപ്ലാന്റിന് വേണ്ടി നടന്ന ഭൂമി ഏറ്റെടുക്കലിൽ കിടപ്പാടം വിട്ടുകൊടുക്കാൻ വിസമ്മതിച്ച്‌ നിന്നു പൊരുതിയ അപൂർവം ചിലരിൽ ഒരാളാണ് കാ എന്ന ഈ മുത്തശ്ശിയും. 

തന്റെ ആയുഷ്കാലത്തെ സമ്പാദ്യം കൊണ്ട് അവർ കെട്ടിപ്പൊക്കിയ വീട് സർക്കാരിന്റെ മൗനാനുവാദത്തോടെ കൽക്കരിക്കമ്പനിയുടെ ബുൾഡോസർ വന്ന് ഇടിച്ചു നിരത്തിയിട്ടും, അതിനു മുമ്പ് അവിടം വിട്ടുപോവാൻ പണം വാഗ്ദാനം ചെയ്തിട്ടും അവർ വഴങ്ങിയിരുന്നില്ല. വാൻ താങ്ങ് ബേ അവർ ജനിച്ചു വളർന്ന നാടായിരുന്നു. അവർ ഓടിക്കളിച്ചു വളർന്ന വീടും പറമ്പും... അത് ഒരു സ്വകാര്യ കമ്പനിയ്ക്കും തീറെഴുതാൻ അവർ ഒരുക്കമല്ലായിരുന്നു. 

അവർ സ്ഥലം വിട്ടുകൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞ് ചെറുത്ത് നിന്നപ്പോൾ, കൽക്കരിക്കമ്പനിക്കാരുടെ ഏറാൻ മൂളികളായ നൂറുകണക്കിന് സർക്കാർ ഉദ്യോഗസ്ഥരടങ്ങിയ ഒരു പട തന്നെ വന്നു ആ വൃദ്ധയെ കുടിയിറക്കാൻ.  ഉദ്യോഗസ്ഥ വൃന്ദത്തെ അനുഗമിച്ച പോലീസുകാർ അവരെ നിർബന്ധിച്ച് കൈക്കുപിടിച്ചുവലിച്ച് പുറത്തിറക്കി. കാ മുത്തശ്ശിയും അവരുടെ കൊച്ചുമകനും നോക്കി നിൽക്കെ  അവരുടെ വീട് ബുൾഡോസറുകൾ ഇടിച്ചു നിരത്തി. അന്ന് അത് തടയാൻ അവർക്കായില്ല. പക്ഷേ, അവർ വിട്ടുകൊടുത്തില്ല. അന്ന് തൊട്ടിന്നുവരെ തങ്ങളെ അവിടെ നിന്നും കുടിയിറക്കാനുള്ള എല്ലാ ശ്രമങ്ങളെയും അവർ പല്ലും നഖവുമുപയോഗിച്ച് തടഞ്ഞിട്ടുണ്ട്.

കമ്പനിയുടെ  ബുൾഡോസറുകൾ ഇടിച്ചു നിരത്തിയ തന്റെ വീടിന്റെ അവശിഷ്ടങ്ങൾക്കരികിൽ അവർ ഓലമേഞ്ഞൊരു ചായ്പു കെട്ടി അതിൽ താമസം തുടങ്ങി.  ആ ചായ്‌പ്പിനുള്ളിലെ ഒരു കയറ്റുകട്ടിലിൽ ഇരുന്നുകൊണ്ട്  തൊട്ടപ്പുറത്തു കാണായ തകർന്നടിഞ്ഞ അവശിഷ്ടങ്ങളിലേക് വിരൽ ചൂണ്ടി അവർ പറഞ്ഞു, "ഇത് എന്റെ വീടായിരുന്നു ഒരിക്കൽ... ഇത് ഇന്നും എന്റെ വീടുതന്നെയാണ്, എന്റെ സ്വന്തം പറമ്പാണിത്... എന്നെ അടക്കേണ്ടതും ഇവിടെത്തന്നെയാണ്...  ഞാൻ എങ്ങും പോവാൻ ഉദ്ദേശിക്കുന്നില്ല... " 

വിയത്നാം കൽക്കരിയെ വളരെയധികം ആശ്രയിച്ചുകൊണ്ട് ഊർജ്ജോത്പാദനം നടത്തുന്ന ഒരു രാജ്യമാണ്. സർക്കാരിന്റെ മുന്നിൽ വൈദ്യുതോത്പാദനത്തിന് ഇത്ര എളുപ്പമുള്ള, ചെലവ് കുറവുള്ള മറ്റൊരു മാർഗമില്ല, അതുകൊണ്ടുതന്നെ എവിടെ നിന്നൊക്കെ കൽക്കരി ഖനനം ചെയ്തെടുക്കാമോ അവിടെ നിന്നൊക്കെ എന്ത് വിലകൊടുത്തും അവർക്കത് ചെയ്തേ പറ്റൂ. 2030  ആവുമ്പോഴേക്കും കൽക്കരിയുടെ ഡിമാൻഡ് ഇനിയും അമ്പത് ശതമാനമെങ്കിലും കൂടാൻ പോവുന്നുള്ളൂ. 

അതിന്റെയർത്ഥം ഇപ്പോൾ വാൻ ഫോങ്ങ് ബേ പ്രവിശ്യയിൽ എന്ന പോലെ രാജ്യത്തിൻറെ ജനസാന്ദ്രമായ മറ്റു പല പ്രവിശ്യകളിലെ കൽക്കരി ഖനികൾ സ്ഥാപിക്കണം. അതിന് അവർക്ക് അവിടെ എന്ന പോലെ പുതുതായി വരാനിരിക്കുന്ന ഇടങ്ങളിലും ജനപ്രതിഷേധങ്ങളെ അടിച്ചമർത്തിയെ പറ്റൂ.  ഇങ്ങനെ കണ്ടെത്തുന്ന ജനവാസ കേന്ദ്രങ്ങളിൽ നിന്നും പ്രദേശവാസികളെ ഒഴിപ്പിക്കുമ്പോൾ അവർ പകരം തുച്ഛമായ ഒരു നഷ്ടപരിഹാരവും സർക്കാർ ചെലവിലുള്ള പുനരധിവാസ കേന്ദ്രങ്ങളും ഒക്കെ നൽകുന്നുണ്ട്. പക്ഷേ, ആ വീടുകൾ അവരുടെ പരമ്പരാഗത മത്സ്യബന്ധനകേന്ദ്രങ്ങളിൽ നിന്നൊക്കെ ഒരുപാട് അകലെയാണ്. കൃഷിയിടങ്ങളിൽ നിന്നും ഏറെ അകലെയാണ്. സ്ഥലത്തിന് ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാരവും എത്രയോ കുറഞ്ഞ ഒരു സംഖ്യയാണ്. ഈ കുറഞ്ഞ തുകയ്ക്ക് മാറാൻ താൻ തയ്യാറല്ല എന്നാണ് കാ  മുത്തശ്ശി ഉറപ്പിച്ച് പറയുന്നത്. 

കൃഷിയിടം നഷ്ടമായപ്പോൾ കാ  മുത്തശ്ശിയുടെ മകൻ ഹാൻ മത്സ്യബന്ധനത്തിൽ തന്റെ ഉപജീവനം കണ്ടെത്താനുള്ള ശ്രമത്തിലാണ്. കഷ്ടിച്ച് ജീവിക്കാനുള്ള പണമേ അദ്ദേഹത്തിന് മത്സ്യബന്ധനത്തിലൂടെ കിട്ടുന്നുള്ളു.  അതേപ്പറ്റി പറഞ്ഞു തുടങ്ങുമ്പോഴേ അദ്ദേഹത്തിന്റെ കണ്ണ് നിറയും. 

ഈ കൽക്കരി ഖനികൾ പ്രദേശത്തിനുണ്ടാക്കാൻ പോവുന്ന പാരിസ്ഥിതികാഘാതത്തെപ്പറ്റിയും വളരെയധികം ആശങ്കാകുലരാണ് കൃഷിയെയും മത്സ്യബന്ധനത്തെയും മാത്രം ആശ്രയിച്ച് ജീവിക്കുന്ന പ്രദേശവാസികൾ.  പ്രദേശത്തെ മത്സ്യസമ്പത്തിനെ ഈ പ്ലാന്റുകൾ ഗണ്യമായി നശിപ്പിക്കുമെന്ന് അവർ കരുതുന്നു. 

സുമിമോട്ടോ കോർപ്പറേഷൻ എന്ന ജാപ്പനീസ് കമ്പനിയാണ് ഈ പ്രദേശത്തെ കൽക്കരി ഖനനം നിയന്ത്രിക്കുന്നത്.  പ്രാദേശികമായ പാരിസ്ഥിതികാഘാത പഠനങ്ങളെല്ലാം തന്നെ നടത്തിക്കഴിഞ്ഞു എന്ന് അവർ അവകാശപ്പെടുന്നുണ്ടെങ്കിലും ഒക്കെ വെറും പ്രഹസനങ്ങൾ മാത്രമാണെന്നാണ് സ്ഥലത്തെ പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. 

കാറ്റാടി യന്ത്രങ്ങളും, സോളാർ പവർ പ്ലാന്റുകളും മാത്രം കൊണ്ട് നികത്താവുന്നതല്ല വിയത്നാമിലെ വൈദ്യുതിയുടെ ആവശ്യം. മാത്രവുമല്ല, അവയെക്കാളൊക്കെ  ചെലവുകുറഞ്ഞതും ലാഭം കൂടുതലുള്ളതുമായ വൈദ്യുതോത്പാദന മാർഗമാണ് കൽക്കരി ഉപയോഗിച്ചുള്ളത്. അതാണ് വിദേശ നിക്ഷേപങ്ങളെ ഇവിടേക്ക് നയിച്ചത്. അങ്ങനെ വന്നുകേറിയ നിക്ഷേപങ്ങളാണ് വിയറ്റ്നാമിലെ കൽക്കരി പോലുള്ള പരിസ്ഥിതിയ്ക്ക് കടുത്ത ആഘാതമേൽപ്പിക്കുന്ന ഊർജ്ജോത്പാദനമാർഗങ്ങൾക്ക് കീഴ്പ്പെടുത്തിയത്. 

ഈ വൈദേശിക ശക്തികളുടെ സമ്മർദ്ദങ്ങൾക്ക് കീഴ്പ്പെടാൻ മനസ്സില്ലാതെ പോരാട്ടം തുടരുകയാണ്, ഒഴിയാത്ത ദാരിദ്ര്യത്തിനിടയിലും കാ മുത്തശ്ശിയെപ്പോലുള്ള പാവപ്പെട്ട വിയറ്റ്‌നാംകാർ.

click me!