"പിന്നെ എങ്ങനെ നമ്മൾ തോൽക്കാതിരിക്കും സഖാവേ..? " - ഇടതുപക്ഷ സഹയാത്രികനായ കവിയുടെ വൈറൽ പോസ്റ്റ്

By Web TeamFirst Published May 24, 2019, 7:15 AM IST
Highlights

അതേ സഖാക്കളെ, നമ്മുടെ  കണക്കു കൂട്ടലുകൾ തെറ്റുകയാണ്. ബംഗാളിൽ, ത്രിപുരയിൽ, ഇപ്പോൾ കേരളത്തിലും.  വീരവാദം നിർത്താം. പരിശോധിച്ചു തന്നെ നമുക്ക് മുന്നോട്ട് പോകാം

കേരളത്തിൽ ഇടതുപക്ഷം എങ്ങനെ തോറ്റു എന്നതിന്റെ താത്വികവും പ്രായോഗികവുമായ ഏറെ വിശകലനങ്ങൾ വന്നു കഴിഞ്ഞു. ഇടതുപക്ഷത്തു നിന്നുണ്ടായ പല വിശകലനങ്ങളും സത്യത്തിനു നേരെ കണ്ണടയ്ക്കുന്നതും, മറുപക്ഷത്തുനിന്നുള്ളത് പലതും തോൽവിയ്ക്ക് വളരെ സ്പഷ്ടവും പ്രത്യക്ഷവുമായ ചില സംഭവങ്ങളോടുള്ള പ്രതികരണങ്ങൾ മാത്രമാണ് കാരണം എന്ന മട്ടിൽ വളരെ ഉപരിപ്ളവവും ആയിരുന്നു. അതിനിടയിലാണ്, സത്യത്തോട് കൂടുതൽ അടുത്ത് നിൽക്കുന്ന ഒരു വിശകലനം സാമൂഹ്യമാധ്യമങ്ങളിൽ ഒരു ഇടതു പക്ഷ സഹയാത്രികൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. തോൽവിയുടെ കാരണങ്ങളെ സമീപ ഭൂതകാലത്തെ തന്റെ ചില അനുഭവങ്ങളുമായി കോർത്തിണക്കിക്കൊണ്ട്, സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയിൽ വിവരിച്ച് ,ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത് അനിൽ കുമാർ ഡേവിഡ് എന്ന ഇടതുപക്ഷാഭിമുഖ്യമുള്ള ഒരു കവിയാണ്. 

ഇടതുപക്ഷത്തിന്റെ തോൽവിയുമായി ബന്ധപ്പെട്ട ചില അനുഭവങ്ങൾ കുറിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത അനുഭവങ്ങളാണ് തോൽവിയിലേക്കു വിരൽ ചൂണ്ടുന്നവ എന്ന മട്ടിൽ അദ്ദേഹം കുറിച്ചിരിക്കുന്നത്. 

ഒന്നാമത്തെ അനുഭവം, പുറം ലോകത്തിനുനേരെ കണ്ണടച്ച് പിടിച്ചുകൊണ്ട്,  തിരുത്താൻ മനസ്സുകാട്ടാതെ കഴിയുന്ന കമ്യൂണിസ്റ്റുപാർട്ടി സഖാക്കന്മാരിലൊരാളെപ്പറ്റിയുള്ളതാണ്. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് കാര്യവട്ടം കാമ്പസിൽ എസ്എഫ്ഐയുടെ നേതൃസ്ഥാനത്തു നിൽക്കുന്ന ഒരു സഖാവുമായുള്ള കവിയുടെ സംവാദത്തിന്റെ  ഓർമയാണത്. ബംഗാളിൽ പാർട്ടി ദുർബലമായെന്നും ഇക്കുറി സീറ്റ് പോയിട്ട് നിലനിൽപ്പ് തന്നെ അസാധ്യമാണെന്നും കവി പറഞ്ഞു. റായ്ഗഞ്ച്, മൂർഷിദാബാദ്, മുഹമ്മദ് സലീം, ഡോ സുഭാഷ് അങ്ങനെ ചില പേരുകളും മുൻകാല തെരഞ്ഞെടുപ്പ് ഫലങ്ങളുടെ കണക്കുകളും ഉദ്ധരിച്ചുകൊണ്ട് ചർച്ച ചെയ്യാൻ ശ്രമിച്ചു. എന്നാൽ ഇക്കുറി ബംഗാളിൽ പാർട്ടി 10 സീറ്റ് വരെ നേടിയിരിക്കും എന്ന കാര്യത്തിൽ  ആ സഖാവിന് ഒരു സംശയവുമുണ്ടായിരുന്നില്ല.  ഏതൊക്കെ മണ്ഡലം, ഏതൊക്കെ വ്യക്തികൾ ജയിക്കും എന്നതൊന്നും അറിയില്ല. 'നേടിയിരിക്കും', അത്ര തന്നെ. മാത്രവുമല്ല ബംഗാളിൽ സിപിഎം കോൺഗ്രസുമായി ഒരിക്കലും സഖ്യമുണ്ടാക്കരുത് എന്നായിരുന്നു ആ സഖാവിന്റെ വിദഗ്ധാഭിപ്രായം. അത് കേരളത്തിലെ സഖാക്കളെയും പാർട്ടിയെയും പ്രതികൂലമായി ബാധിക്കുമത്രേ...! അങ്ങനെ സംഭവിച്ചാൽ കേരളം പാർട്ടിയിൽ വലിയ ഘടകം അല്ലാതായി മാറും പോലും.. പിന്നെ ഒടുക്കം ബംഗാളി സഖാക്കൾ പറയുന്നത് നമുക്ക് കേൾക്കേണ്ടി വരും എന്നാണ് അദ്ദേഹത്തിന്റെ ഭയം.  അതുകൊണ്ട് ചുമ്മാ 'മതേതര മുന്നണി ', 'അതിജീവന മുന്നണി' എന്നൊന്നും പേരിട്ട  ഒരു കാരണവശാലും കമ്യൂണിസ്റ്റ് പാർട്ടി ബംഗാളിൽ കോൺഗ്രസുമായി സഖ്യം ചേരരുത്. അതിന്റെയൊന്നും ആവശ്യമില്ല. ജനങ്ങളെ നമ്മുടെ നയങ്ങൾ ബോധ്യപ്പെടുത്തിയാൽ  10 സീറ്റിലെങ്കിലും ഇന്നത്തെ അവസ്ഥയിലും  സിപിഎം ജയിക്കുമത്രേ.  എന്താണ്, എങ്ങനെയാണ് എന്നൊന്നും ചോദിക്കരുത്. 'ജയിക്കും'. അതൊക്കെ റിസൾട്ട് വരുമ്പോൾ കണ്ടാൽ മതി.

ഇതാണ് ഉപരിപഠനം നടത്തുന്ന, ഗവേഷകൻ കൂടിയായ ഒരു എസ്.എഫ്.എ. നേതാവിന്റെ അറിവും പാർട്ടി വികാരവുമെങ്കിൽ പിന്നെ ഗ്രാസ് റൂട്ട് ലെവലിൽ ഉള്ള സാധാരണക്കാരായ സഖാക്കൾ ഏത് മൂഢസ്വർഗ്ഗത്തിലാവും കഴിയുന്നുണ്ടാവുക ? 

 "പിന്നെ എങ്ങനെ നമ്മൾ തോൽക്കാതിരിക്കും സഖാവേ..? " എന്ന് കവി വീണ്ടും ചോദിക്കുന്നു. 

രണ്ടാമത്തെ അനുഭവം,  അദ്ദേഹത്തിന്റെ തന്നെ കുറച്ചു പഴയ ഒരു ഓർമയാണ്. 2016  ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ. സഖാവ് കടകംപള്ളി സുരേന്ദ്രന് വേണ്ടി കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് വോട്ടഭ്യർത്ഥിക്കുകയായിരുന്നു കവിയടക്കമുള്ള സഖാക്കൾ. 'ഒരു ബ്രാഞ്ചിൽ മാത്രം വോട്ടഭ്യർത്ഥിക്കുക' എന്ന നിയോഗം മറന്ന് ആവേശം മൂത്ത് അവർ അടുത്ത ബ്രാഞ്ച് വരെ വോട്ട് ചോദിച്ചു ചെന്നു. വിദ്യാർത്ഥികൾ ആയതുകൊണ്ട് ചെന്ന വീടുകളില്ലെല്ലാം ആളുകൾ അവരെ  കേൾക്കുന്നുണ്ട്. "വോട്ട് ചെയ്യാം" എന്ന് ഉറപ്പു തരുന്നുണ്ട്. അപ്പോഴാണ് അവരുടെ ബ്രാഞ്ച് സെക്രട്ടറി ഓടി വരുന്നത്. ക്ഷുഭിതനായിക്കൊണ്ട് അദ്ദേഹം ചോദിച്ച ചോദ്യമിതാണ്,  " നിങ്ങൾ എന്തിനാ ഇവിടെ വോട്ട് ചോദിക്കുന്നേ?. അതുവരെയാണ് നമ്മുടെ ബ്രാഞ്ചിന്റെ പരിധി. ഇവിടെ വേണമെങ്കിൽ അവന്മാരുടെ ബ്രാഞ്ചംഗങ്ങൾ വന്നു ഒണ്ടാക്കട്ടെ.." 

 കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ വോട്ടർമാർ അല്ലാതിരുന്നിട്ടും ആത്മാർത്ഥതയും പ്രസ്ഥാനസ്നേഹവും കൊണ്ട് വോട്ട് ചോദിക്കാൻ ഇറങ്ങി പുറപ്പെട്ട കവിയടക്കമുളള സഖാക്കൾ ബ്രാഞ്ച് സെക്രട്ടറിയുടെ ഈ നിലപാടും കണ്ഠക്ഷോഭവും കേട്ട് അന്തംവിട്ടു നിന്നുപോയി. 

ഇതാണ് ഈ പ്രസ്ഥാനത്തെ പ്രാദേശികമായി നയിക്കേണ്ട ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ സാമാന്യബോധം എങ്കിൽ പിന്നെ ഗ്രാസ് റൂട്ട് ലെവലിൽ ഉള്ള സാധാരണക്കാരായ സഖാക്കൾ എങ്ങനെയായിരിക്കും വോട്ടുപിടിച്ചിട്ടുണ്ടാവുക ഈ തെരഞ്ഞെടുപ്പിൽ..? 

 "പിന്നെ എങ്ങനെ നമ്മൾ തോൽക്കാതിരിക്കും സഖാവേ..? " എന്ന് കവി ചോദിക്കുന്നു. 

മൂന്നാമത്തെ അനുഭവം,  കവിയുടെ വളരെ അടുത്ത ഒരു കൂട്ടുകാരിയെപ്പറ്റിയുള്ളതാണ്. ലോക്സഭാ ഇലക്ഷൻ കഴിഞ്ഞ ഏപ്രിൽ 23 നു വൈകുന്നേരം കാമ്പസിന് മുന്നിൽ വെറുതെ നിൽക്കുകയായിരുന്നു കവി. എസ്.എഫ്.എയുടെയും യൂണിയന്റെയും പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന ഒരു പെൺകുട്ടി കവിയുടെ മുന്നിലൂടെ ഹോസ്റ്റലിലേക്ക് നടന്നു പോകുന്നു. ഏറെ പരിചയം ഉള്ള അവളോട് അദ്ദേഹം നീ ആർക്കാ വോട്ട് ചെയ്തത് എന്നു തിരക്കി. അവൾ ഒന്നും മിണ്ടാതെ അദ്ദേഹത്തിന്റെ മുഖത്തേക്കുതന്നെ നോക്കി. 'കെ.എൻ. ബാലഗോപാൽ' എന്ന ഉത്തരം പ്രതീക്ഷിച്ച്‌ നിന്ന കവി ഒന്നും മിണ്ടാതെ അവൾക്കൊപ്പം നടന്നു. അവൾ അപ്പോഴും മറുപടിയൊന്നും പറഞ്ഞില്ല.  കുറെ കഴിഞ്ഞപ്പോൾ അവൾ വോട്ട് ചെയ്യലിനെ കുറിച്ചും അത് രഹസ്യമായി സൂക്ഷിക്കേണ്ടതിന്റെ ജനാധിപത്യത്തെ കുറിച്ചും കവിയോട് വാചാലയായി. എസ്.എഫ്.എ യുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന, ഏതു പരിപാടിയ്ക്കും മുന്നിൽ നിൽക്കുന്ന, പലപ്പോഴും യൂണിയൻ ഓഫീസിൽ വന്നിരിക്കുന്ന ഈ കുട്ടി ഇപ്പോൾ എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നത് എന്ന് കവിക്ക് അത്ഭുതം തോന്നി. സൗഹൃദം കൊണ്ടും 'സഖാവേ..'  എന്ന വിളി കൊണ്ടും ചോദിക്കാൻ പാടില്ലാത്തതാണോ താൻ അവളോട് ചോദിച്ചത് ? എന്നായി അദ്ദേഹത്തിന്റെ വൈക്ലബ്യം.  ആകെ ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥയായി കവിയ്ക്ക്. പോകാൻ നേരം അവൾ പതിയെ കവിയുടെ ചെവിയിൽ ആരും കേൾക്കാതെ പറഞ്ഞു 'എന്റെ വോട്ട് എൻ.കെ. പ്രേമചന്ദ്രനായിരുന്നു'. കവിയ്ക്ക് താൻ കേട്ടതിനെ വിശ്വസിക്കാൻ കഴിഞ്ഞില്ല. 'ഞങ്ങളോടൊപ്പം നിൽക്കുന്നവൾ, നാളെയും ഞങ്ങളോടൊപ്പം തന്നെ നിൽക്കേണ്ടവൾ. അവളുടെ വോട്ട് ഇടതുപക്ഷ സ്ഥാനാർത്ഥിയ്ക്ക് അല്ലായിരുന്നെന്നോ?' അദ്ദേഹം അമ്പരന്നു നിന്നു.  ഇതാണ് ഇതുതന്നെയാണ്  ഇപ്പോൾ സമൂഹത്തിൽ കാണപ്പെടുന്ന കാണുന്ന ശരാശരി അനുഭാവികളുടെ മാനസികാവസ്ഥയെന്ന് അദ്ദേഹം കുറിക്കുന്നു.

 "പിന്നെ എങ്ങനെ നമ്മൾ തോൽക്കാതിരിക്കും സഖാവേ..? " എന്ന് കവി അവസാനമായി ഒരിക്കൽ കൂടി ചോദിക്കുന്നു. 

അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്, "അതേ സഖാക്കളെ, നമ്മുടെ  കണക്കു കൂട്ടലുകൾ തെറ്റുകയാണ്. ബംഗാളിൽ, ത്രിപുരയിൽ, ഇപ്പോൾ കേരളത്തിലും.  വീരവാദം നിർത്താം. പരിശോധിച്ചു തന്നെ നമുക്ക് മുന്നോട്ട് പോകാം..." 

ഈ കവിയുടെ വിലയിരുത്തൽ ഏറെ സത്യസന്ധമായ ഒന്നാണ്. പാർട്ടിയുടെ ബൗദ്ധിക കേന്ദ്രങ്ങളിലും, നേതൃനിരയിലും, യുവജന വിഭാഗത്തിലെ നേതൃത്വത്തിലും, എന്തിന് സാധാരണക്കാരായ സഖാക്കൾക്കിടയിൽപോലും രാഷ്ട്രീയമായ അപചയം വന്നുപെട്ടത്, യാഥാർഥ്യങ്ങളോട് നേതൃത്വം എന്നും മുഖം തിരിച്ചു നിന്നത്, ഫാസിസം വന്നു മുന്നിൽ പല്ലിളിച്ചു നിൽക്കുമ്പോഴും രാഷ്ട്രീയ വൈരങ്ങളുടെ പേരിൽ അതിനെ ഒന്നിച്ചു നിന്നു പ്രതിരോധിക്കാനുള്ള മനസ്സ് കാണിക്കാതിരുന്നത്.. ഇതൊക്കെച്ചേർന്നാണ് ഇങ്ങനെയൊരു സമ്പൂർണ പരാജയത്തിലേക്ക് കമ്യൂണിസ്റ്റുപാർട്ടിയെ കൂപ്പുകുത്തിച്ചത്.

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്..!

 

click me!