
ഹെബെയ് പ്രവിശ്യയിലെ ലാങ്‌ഫാങ്ങിൽ നിന്നുള്ള ഒരു പത്ത് വയസുകാരി 2023 മുതൽ സ്വർണം വാങ്ങാൻ തുടങ്ങി. ചാന്ദ്ര പുതുവത്സരത്തിൽ പരമ്പരാഗതമായി കുട്ടികൾക്ക് നൽകുന്ന പണ സമ്മാനങ്ങൾ ഉപയോഗിച്ചായിരുന്നു കുട്ടി തന്‍റെ സ്വർണ നിക്ഷേപത്തിനുള്ള പണം കണ്ടെത്തിയത്. സ്വർണ്ണ വില കുതിച്ചുയരാൻ തുടങ്ങിയതോടെ അവളുടെ തീരുമാനം ശരിയാണെന്ന് തെളിഞ്ഞു. ഇന്ന് ചൈനയിലെ നിക്ഷേപകരിൽ താരമാണ് കുട്ടിയെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
ചൈനയിൽ ചാന്ദ്ര പുതുവത്സരാഘോഷ വേളയിൽ മുതിർന്നവർ കുട്ടികൾക്കും അവിവാഹിതരായ ബന്ധുക്കൾക്കും ചുവന്ന കവറുകളിൽ പണം സമ്മാനമായി നൽകുന്നത് പതിവാണ്. ഈ പ്രവർത്തി വരാനിരിക്കുന്ന വർഷത്തേക്കുള്ള ഭാഗ്യത്തിനും നല്ല ആരോഗ്യത്തിനും വേണ്ടിയാണ്. തനിക്ക് സമ്മാനമായി കിട്ടിയ പണം മാതാപിതാക്കൾ ചെലവഴിക്കുമോയെന്ന ഭായമാണ് കുട്ടിയെ സ്വർണ നിക്ഷേപത്തിന് പ്രേരിപ്പിച്ചതെന്ന് കുട്ടിയുടെ അമ്മ ബായ് പറയുന്നു. പണത്തേക്കാൾ സ്വർണ്ണം സുരക്ഷിതമായി സൂക്ഷിക്കാൻ എളുപ്പമാണെന്ന് അവൾ കരുതിയെന്നും അമ്മ കൂട്ടിച്ചേർക്കുന്നു.
മകൾക്ക് എല്ലാ വർഷവും ഏകദേശം 4,000 യുവാൻ (ഏകദേശം 52,172 ത്തോളം ഇന്ത്യൻ രൂപ) സമ്മാനത്തുകയായി ലഭിക്കുന്നുണ്ടെന്ന് ബായ് പറഞ്ഞു. മകൾ ആദ്യമായി സ്വർണ്ണം വാങ്ങിയപ്പോൾ, ഗ്രാമിന് ഏകദേശം 460 യുവാൻ (ഏകദേശം 5,999 രൂപ) ആയിരുന്നു വില. എന്നാൽ 2026 ഫെബ്രുവരി ആയപ്പോഴേക്കും വില ഗ്രാമിന് 1,100 യുവാൻ ആയി (ഏകദേശം 14,347 രൂപ) കുത്തനെ ഉയർന്നു. മകൾ ഇതുവരെയായി 30 ഗ്രാം സ്വർണ്ണം വാങ്ങിയെന്നും ബായ് കൂട്ടിച്ചേർക്കുന്നു. അവൾ ഒരു തരി പോലും വിറ്റിട്ടില്ല. മാത്രമല്ല, കൂടുതൽ സ്വർണം വാങ്ങാനും ഉദ്ദേശിക്കുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ, ലോകമെമ്പാടുമെന്ന പോലെ ചൈനയിലും സ്വർണ്ണ വില കുത്തനെ ഉയർന്നു. കഴിഞ്ഞ വർഷം സ്വർണ്ണ വിലയിൽ ഏകദേശം 60 ശതമാനം വർധനവുണ്ടായതായും ഈ വർഷത്തെ ആദ്യ മാസത്തിൽ ഏകദേശം 30 ശതമാനം വർധനവ് ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, മുൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ താരിഫ് ഭീഷണികൾ, കേന്ദ്ര ബാങ്കുകളുടെ സ്വർണ്ണ വാങ്ങലുകൾ വർദ്ധിച്ചത് എന്നിവയാണ് സ്വർണത്തിന്‍റെ വിലക്കയറ്റത്തിന് കാരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.