
കുക്കിംഗ് സ്‌പ്രേയുടെ ഉപയോഗം മൂലം മാരകമായ ശ്വാസകോശ രോഗം ബാധിച്ച ആൾക്ക് 25 ദശലക്ഷം ഡോളർ (ഏകദേശം 226 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ലോസ് ഏഞ്ചൽസ് സുപ്പീരിയർ കോടതി ഉത്തരവിട്ടു. 58 -കാരനായ റോളണ്ട് എസ്പാർസയ്ക്കിനാണ് ഇത്തരത്തിൽ ഒരു അനുകൂല വിധി കോടതിയിൽ നിന്നും ലഭിച്ചത്. പതിറ്റാണ്ടുകളായ പാം കുക്കിംഗ് സ്പ്രേ ഉപയോഗിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന് 'പോപ്‌കോൺ ലങ്' (Popcorn Lung) എന്നറിയപ്പെടുന്ന ഗുരുതരമായ രോഗം ബാധിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് വിധി.
ബോഡി ബിൽഡറും മാർഷ്യൽ ആർട്സ് താരവുമായിരുന്ന റോളണ്ട്, ആരോഗ്യകരമായ ഭക്ഷണരീതിയുടെ ഭാഗമായാണ് എണ്ണയ്ക്ക് പകരമായി കുക്കിംഗ് സ്‌പ്രേ തെരഞ്ഞെടുത്തത്. 1990 -കൾ മുതൽ ദിവസവും മൂന്ന് തവണയെങ്കിലും അദ്ദേഹം ഇത് ഉപയോഗിച്ചിരുന്നു. പക്ഷേ, ഈ സ്‌പ്രേയിൽ അടങ്ങിയിരുന്ന ഡയാസറ്റൈൽ എന്ന രാസവസ്തുവാണ് വില്ലനായി. വെണ്ണയുടെ രുചിയും ഗന്ധവും നൽകാൻ ഉപയോഗിക്കുന്ന ഈ രാസവസ്തു ചൂടാകുമ്പോൾ പുറത്തുവിടുന്ന പുക ശ്വസിക്കുന്നത് ശ്വാസകോശത്തിന് അതീവ ഹാനികരമാണ്.
മൈക്രോവേവ് പോപ്‌കോൺ ഫാക്ടറികളിലെ തൊഴിലാളികൾക്ക് മുൻപ് ഈ രോഗം വ്യാപകമായി കണ്ടുവന്നതിനാലാണ് ഇതിന് 'പോപ്‌കോൺ ലങ്' എന്ന പേര് ലഭിച്ചത്. ശ്വാസകോശത്തിലെ വായുമാർഗങ്ങളിൽ തഴമ്പുകൾ ഉണ്ടാകുകയും ശ്വാസോച്ഛ്വാസം അസാധ്യമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഉൽപ്പന്നത്തിലെ രാസവസ്തുക്കൾ ശ്വസിക്കുന്നത് അപകടകരമാണെന്ന കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിൽ നിർമ്മാതാക്കളായ കൊനാഗ്ര ബ്രാൻഡ്‌സ് (Conagra Brands) പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.
2022-ൽ നൽകിയ കേസിലാണ് ഇപ്പോൾ അനുകൂല വിധി വന്നിരിക്കുന്നത്. എങ്കിലും റോളണ്ടിന്‍റെ ആരോഗ്യം പൂർണ്ണമായും തകർന്ന നിലയിലാണ്. നിലവിൽ 24 മണിക്കൂറും കൃത്രിമ ഓക്സിജന്‍റെ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്. രണ്ട് ശ്വാസകോശങ്ങളും മാറ്റിവെക്കൽ മാത്രമാണ് ഇദ്ദേഹത്തിന് ജീവൻ നിലനിർത്താനുള്ള ഏക പോംവഴി. "നഷ്ടപരിഹാരം ലഭിച്ചെങ്കിലും അദ്ദേഹത്തിന് നഷ്ടപ്പെട്ട ആരോഗ്യം തിരിച്ചുനൽകാൻ ആ തുകയ്ക്കാവില്ല. എങ്കിലും ശസ്ത്രക്രിയ കഴിഞ്ഞാൽ കുറച്ചു വർഷങ്ങൾ കൂടി അദ്ദേഹത്തിന് ജീവിക്കാൻ കഴിഞ്ഞേക്കും" എന്ന് റോളണ്ടിന്‍റെ അഭിഭാഷകൻ ജേക്കബ് പ്ലാറ്റൻബെർഗർ പറഞ്ഞു.
അപ്പീൽ പോകും
വിധിയോട് ശക്തമായി വിയോജിക്കുന്നതായും മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും കൊനാഗ്ര കമ്പനി അറിയിച്ചു. 2009 മുതൽ തങ്ങൾ ഈ രാസവസ്തു ഉപയോഗിക്കുന്നില്ലെന്നും നിലവിലെ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നുമാണ് കമ്പനിയുടെ വാദം. അതേസമയം, ഒരു കുക്കിംഗ് സ്‌പ്രേ നിർമ്മാണക്കമ്പനിക്കെതിരെ ഇത്തരമൊരു കേസിൽ വിധി വരുന്നത് ചരിത്രത്തിൽ ആദ്യമായാണ്.