
സിം സ്വാപ്പിംഗ് തട്ടിപ്പിലൂടെ ഏകദേശം 2,00,000 പൗണ്ട് (2.5 കോടിയോളം രൂപ) വിലമതിക്കുന്ന ക്രിപ്‌റ്റോകറൻസി മോഷ്ടിക്കാൻ സഹായിച്ച 25 -കാരന് യുകെയിൽ തടവുശിക്ഷ. അജയ് ഷിഞ്ജിൻ എന്ന യുവാവിനെയാണ് ലണ്ടനിലെ ഇന്നർ ലണ്ടൻ ക്രൗൺ കോടതി രണ്ടര വർഷത്തെ തടവിന് ശിക്ഷിച്ചത്. തട്ടിപ്പിലൂടെ ലഭിച്ച തുകയിൽ നിന്ന് 44,000 പൗണ്ടിലധികം (ഏകദേശം 56 ലക്ഷം രൂപ) ലഭിച്ച ഷിഞ്ജിൻ, ഈ പണം ഉപയോഗിച്ച് ദുബായിൽ ആഡംബര അവധിക്കാലം ആഘോഷിക്കുകയും ലണ്ടനിലെ കാനറി വാർഫിൽ വിലകൂടിയ അപ്പാർട്ട്മെന്‍റ് സ്വന്തമാക്കുകയും ചെയ്തു. കൂടാതെ സ്വർണ്ണം പൂശിയ പല്ലുകളുടെ ഗ്രില്ലുകൾ ധരിക്കുന്നതിനായി വൻതുകയും ഇയാൾ ചെലവഴിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഷിഞ്ജിൻ എജെ മാർലി ക്രൂസ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. 2021 നവംബറിലാണ് ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ബിടി തങ്ങളുടെ സിസ്റ്റങ്ങളിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തുന്നത്. ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ അവരുടെ അറിവില്ലാതെ കുറ്റവാളികളുടെ നിയന്ത്രണത്തിലുള്ള പുതിയ സിം കാർഡുകളിലേക്ക് മാറ്റുകയാണെന്നാണ് (SIM Swapping) കമ്പനി കണ്ടെത്തിയത്.
ഫോൺ നമ്പറിന്‍റെ നിയന്ത്രണം ലഭിച്ചതോടെ, ബാങ്കിംഗ്/ക്രിപ്‌റ്റോ അക്കൗണ്ടുകളുടെ എസ്എംഎസ് വഴിയുള്ള സുരക്ഷാ കോഡുകൾ (OTP) ഇവർക്ക് നേരിട്ട് ലഭിക്കുകയും ഇരകളുടെ ക്രിപ്‌റ്റോകറൻസി അക്കൗണ്ടുകൾ ചോർത്തി പണം കവരുകയുമായിരുന്നു. 2021 നവംബർ ആദ്യവാരം നടന്ന തട്ടിപ്പിൽ നാല് പേരുടെ ക്രിപ്‌റ്റോ നിക്ഷേപങ്ങളാണ് ഇത്തരത്തിൽ കവർന്നത്. ഇതിൽ ഒരാൾക്ക് മാത്രം 1.65 കോടിയോളം രൂപ നഷ്ടപ്പെട്ടു. ഇത്തരത്തിൽ മറ്റ് ഇരകളുടെ അക്കൗണ്ടുകളിൽ നിന്നുള്ള പണം ഷിഞ്ജിന്‍റെ വ്യക്തിഗത ക്രിപ്‌റ്റോ വാലറ്റിലേക്ക് നേരിട്ടും അല്ലാതെയും കൈമാറ്റം ചെയ്യപ്പെട്ടെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
2021 -ൽ ലണ്ടനിലെ ഫ്ലാറ്റിൽ നിന്ന് ഷിഞ്ജിനെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ ഇയാൾക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതോടെ 2023 ഒക്ടോബറിൽ ദുബായിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ വെച്ച് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്താനുള്ള ഗൂഢാലോചന, കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്ത് കൈമാറ്റം ചെയ്യൽ എന്നീ കുറ്റങ്ങൾ കോടതിയിൽ സമ്മതിച്ചതിനെ തുടർന്ന് ഈ കേസിൽ കഴിഞ്ഞ ഒക്ടോബർ 8 -നാണ് കോടതി ശിക്ഷ വിധിച്ചത്.