കശ്മീരിനാകെ ഊര്‍ജമേകാന്‍ സാധിക്കുന്ന ഉറിയിലെ വമ്പന്‍ ജലവൈദ്യുത നിലയത്തിന്‍റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. മാധ്യമ സംഘത്തോടൊപ്പം പ്രദേശം സന്ദര്‍ശിച്ച ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് എഡിറ്റര്‍ എം. അബ്ദുല്‍ റഷീദ് എഴുതിയ കുറിപ്പ്

റി, കശ്മീരിലെ ബാരാമുല്ല ജില്ലയിലെ പട്ടണം. പാകിസ്ഥാനുമായുള്ള നിയന്ത്രണരേഖക്ക് ഏതാനും കിലോമീറ്റർ മാത്രം അകലെ, ഝലം നദിയുടെ കരയിലെ ഈ പട്ടണം പുതിയൊരു വിപ്ലവത്തിന് ഒരുങ്ങുകയാണ്. ജമ്മു കശ്മീരിന്റെ ഊർജ്ജ മേഖലക്ക് പുത്തൻ ഉണർവേകി ഉറി ജലവൈദ്യുത പദ്ധതിയുടെ രണ്ടാം ഘട്ട ഭൂഗർഭ നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ മിന്നൽ വേഗത്തിൽ പുരോഗമിക്കുന്നു.

ഒരു സാധാരണ ജലവൈദ്യുത പദ്ധതിയല്ല ഇന്ത്യക്ക് ഇത്. ഓപ്പറേഷൻ സിന്ദൂറിൻ്റെ ദിനങ്ങളിൽ പാകിസ്ഥാനിൽ നിന്ന് കടുത്ത ഭീഷണി ആണ് ഉറിയിലെ ജലവൈദ്യുത നിലയത്തിന് ഉണ്ടായത്. അന്ന് ധീരമായാണ് ആ വെല്ലുവിളിയെ നമ്മുടെ രാജ്യം നേരിട്ടത്. വൈദ്യുത പദ്ധതിയുടെ സാങ്കേതിക വിദഗ്ധർ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം അചഞ്ചലരായി ദിവസങ്ങളോളം പദ്ധതി മേഖലയിൽ തന്നെ നിലയുറപ്പിച്ചു. അവർക്ക് സൈന്യവും അർധസൈനിക വിഭാഗങ്ങളും കവചമൊരുക്കി. ഉറിക്ക് ഒരു പോറൽ പോലും ഏൽപ്പിക്കാൻ ശത്രുവിന് കഴിഞ്ഞില്ല.

ഇപ്പൊൾ, അതേ വൈദ്യുത പദ്ധതിയുടെ വിപുലീകരണത്തിലൂടെ ഇന്ത്യ പ്രഖ്യാപിക്കുന്നത് ഊർജകേന്ദ്രങ്ങൾക്ക് നേരെ ഉയരുന്ന ഏത് ഭീഷണിയെയും ഇരട്ടി കരുത്തോടെ നേരിടും എന്നാണ്. അതിർത്തി മേഖലയുടെ വികസനത്തിൽ ഒരു വെല്ലുവിളിക്കും കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല എന്നും ഇന്ത്യ അടിവരയിടുന്നു.

കേരളത്തിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട മാധ്യമ സംഘത്തിന് ബുധനാഴ്ച ഉറി ജലവൈദ്യുത പദ്ധതികളുടെ ഭൂഗർഭ കേന്ദ്രങ്ങൾ അടക്കം സന്ദർശിക്കാൻ അവസരം കിട്ടി. കശ്മീരിലെ യഥാർത്ഥ സാഹചര്യങ്ങൾ നേരിട്ട് അറിയാനായി കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച സന്ദർശനത്തിൻ്റെ ഭാഗമായിരുന്നു ഇത്.

മനുഷ്യാധ്വാനവും സാങ്കേതികവിദ്യയും എൻജിനിയറിങ് വൈദഗ്ധ്യവും ഒത്തുചേരുന്ന അൽഭുത ദൃശ്യമാണ് ഉറിയിൽ ഭൂഗർഭ അറയിൽ കാണാനാവുക. കണ്ണിമ ചിമ്മാത്ത കാവലിൽ മണ്ണിനടിയിൽ പുതിയൊരു വിപ്ലവം. പഴുതടച്ച സുരക്ഷയിലാണ് എല്ലായ്പ്പോഴും ഉറിയിലെ ഊർജോൽപദന കേന്ദ്രങ്ങളുടെ പ്രവർത്തനം. ഇപ്പൊൾ പുരോഗമിക്കുന്ന രണ്ടാം ഘട്ടത്തിൻ്റെ നിർമാണവും അങ്ങനെ തന്നെ.

2,708 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻഎച്ച്പിസിയാണ് നടപ്പിലാക്കുന്നത്. വാട്ടർ ടണലുകളും പവർഹൗസ് സമുച്ചയവും പൂർണ്ണമായും ഭൂഗർഭമായാണ് നിർമ്മിക്കുന്നത്. ഭൂമിശാസ്ത്രപരമായി അതീവ സങ്കീർണ്ണമായ സാഹചര്യങ്ങളിലാണ് നിർമാണം പുരോഗമിക്കുന്നത്.​

ജമ്മു കശ്മീർ ഇപ്പൊൾ വലിയ തോതിൽ വൈദ്യുതി ക്ഷാമം നേരിടുന്നുണ്ട്. പ്രാദേശിക ഉത്പാദനം കുറയുന്ന ശൈത്യകാലങ്ങളിൽ ആവശ്യകതയുടെ 95 ശതമാനവും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുകയാണ്. ​ജമ്മു കശ്മീരിൽ ആകെ 18,000 മെഗാവാട്ട് ജലവൈദ്യുത ഉൽപാദനത്തിന് സാധ്യതയുണ്ടെങ്കിലും നിലവിൽ നാലായിരം മെഗാവാട്ടിൽ താഴെ മാത്രമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഈ സാഹചര്യം പൂർണമായി മാറിയാൽ മാത്രമേ കശ്മീരിൻ്റെ യഥാർത്ഥ വികസനം സാധ്യമാകൂ.

2028-ഓടെ 3,000 മെഗാവാട്ടിന്റെ അധിക വൈദ്യുതി ഉൽപാദനം ആണ് ലക്ഷ്യം. ഇതിനായി ചെറുതും വലുതുമായ ഒട്ടേറെ വൈദ്യുത പദ്ധതികൾ ആണ് പുരോഗമിക്കുന്നത്. ഇതിൻ്റെ ഭാഗമാണ് ഉറി രണ്ടാം ഘട്ടവും നടപ്പാകുന്നത്.