
ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചാൽ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടം ഏറെ വലുതാണ്. അതുകൊണ്ടാണ് ഗ്യാസ് ഉപയോഗിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണമെന്ന് പറയുന്നതും. ഗ്യാസ് ലീക്കുള്ളപ്പോൾ ചെറിയൊരു തീപ്പൊരി പാറിയാല്‍ പോലും അത് വലിയ അപകടത്തിന് കാരണമാകും. ഏറെ ശ്രദ്ധയോടെ മാത്രമേ ഗ്യാസ് ലീക്ക് പോലുള്ള അപകടങ്ങളില്‍ ഇടപെടാനാകൂ. കഴിഞ്ഞ ദിവസം ജനപ്രിയ എക്സ് അക്കൗണ്ടായ ഘർ കെ കലേഷില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ അടുക്കളയിലെ ലീക്കായ ഗ്യാസ് സിലിണ്ടറിന് മുന്നില്‍ നിന്നും രക്ഷപ്പെടുന്ന ഭാര്യാഭര്‍ത്താന്മാരുടെ സിസിടിവി ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.
എവിടെ വച്ചാണ് സംഭവമെന്ന് വീഡിയോടൊപ്പം പറയുന്നില്ല. അതേസമയം ജൂണ്‍ 18 -ാം തിയതി ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് അപകടമെന്ന് സിസിടിവിയില്‍ വ്യക്തമാകുന്നു. ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന 15 ലിറ്ററിന്‍റെ ഗ്യാസ് കുറ്റിയുമായി ഘടിപ്പിച്ചിരുന്ന പൈപ്പിലൂടെയാണ് ഗ്യാസ് ചോര്‍ന്നത്. വീഡിയോയില്‍ അടുക്കളയുടെ എല്ലാ വശത്തുമുള്ള ജനലുകളും വാതിലുകളും തുറന്ന് കിടക്കുന്നത് കാണാം. തുറന്ന് വച്ച് ഗ്യാസ് സിലിണ്ടറും വലിച്ച് കൊണ്ട് പുറത്തേക്ക് ഓടാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയെയാണ് ആദ്യം കാണുക. അവര്‍ക്ക് ഗ്യാസ് കുറ്റിവലിച്ചിഴയ്ക്കാന്‍ പറ്റാതയതോടെ ഗ്യാസിന്‍റെ പൈപ്പ് ഉപേക്ഷിച്ച് കൊണ്ട് അവര്‍ വീടിന് പുറത്തേക്ക് ഓടുന്നു.
ഏതാണ്ട് ഒന്നര രണ്ട് മിനിറ്റോളം സിലിണ്ടറില്‍ നിന്നും ഗ്യാസ് പുറത്ത് പോകുന്നതും കാണാം. ഇതിന് ശേഷം സ്ത്രീയും ഒരു പുരുഷനും രണ്ട് വാതിലിലൂടെ വീട്ടിനുള്ളിലേക്ക് കയറി സിലിണ്ടർ ഉയര്‍ത്താന്‍ ശ്രമിക്കുന്നു. ഈ സമയം അടുത്ത മുറിയിലേക്ക് പടര്‍ന്ന ഗ്യാസില്‍ തീ പിടിക്കുകയും കണ്ണടച്ച് തുറക്കും മുമ്പ് തീ അടുക്കളയിലെ ഗ്യാസ് കുറ്റിയിലേക്കും പടര്‍ന്ന് പിടിക്കുകയും ഭീകരമായ തീനാളമായി മാറുകയും ചെയ്യുന്നു. തീനാളം അടങ്ങിക്കഴിയുമ്പോൾ മുറിക്ക് പുറത്തേക്ക് ഓടുന്ന സ്ത്രീയെ കാണാം. പിന്നാലെ അടുക്കളയുടെ മറുവശത്ത് കൂട്ടിയിട്ടിരിക്കുന്ന എന്തോ വസ്തുവിലേക്ക് തീ പടർന്ന് പിടിക്കുന്നതും അത് കത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. വീഡിയോ ഇതിനകം ഒന്നര ലക്ഷത്തിനടത്ത് ആളുകൾ കണ്ടുകഴിഞ്ഞു. ചിലര്‍ സ്ത്രീയുടെ അശ്രദ്ധക്കുറവാണ് അപകടകാരണമെന്നായിരുന്നു ചൂണ്ടിക്കാണിച്ചത്. റഗുലേറ്ററിനെ കുറിച്ച് അവര്‍ക്ക് അറിയില്ലായിരുന്നോയെന്നാണ് മറ്റ് ചിലര്‍ ചോദിച്ചത്.