
ഇലോൺ മസ്‌കിൻ്റെ മെയിലിനോട് പ്രതികരിക്കാത്തതിൻ്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ട മുൻ ട്വിറ്റർ എക്‌സിക്യൂട്ടീവിന് 5 കോടി രൂപ നഷ്ടപരിഹാരം. ട്വിറ്ററിൻ്റെ ഡബ്ലിൻ ഓഫീസിലെ മുൻ സീനിയർ എക്‌സിക്യൂട്ടീവായ ഗാരി റൂണിക്കാണ് അന്യായമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പേരിൽ കോടികളുടെ നഷ്ടപരിഹാരത്തുക ലഭിച്ചത്. എലോൺ മസ്‌കിൻ്റെ ഇമെയിലിന് മറുപടി നൽകാത്തതിന്റെ പേരിലായിരുന്നു ഗാരി റൂണിക്കെതിരെ കമ്പനി നടപടി എടുത്തത്.
ഇലോൺ മസ്ക് 2022 ഒക്ടോബറിൽ ട്വിറ്റർ ഏറ്റെടുക്കുകയും അതിനെ എക്സ് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തതിന്റെ തൊട്ടു പിന്നാലെ ആയിരുന്നു ഈ സംഭവം. കമ്പനി ഏറ്റെടുത്ത മസ്‌ക് എല്ലാവരും കഠിനാധ്വാനം ചെയ്യണമെന്നും അല്ലെങ്കിൽ പിരിച്ചുവിടൽ നേരിടേണ്ടി വരുമെന്നും അറിയിച്ചുകൊണ്ട് മുഴുവൻ ജീവനക്കാർക്കും ഒരു ഇമെയിൽ സന്ദേശം അയച്ചിരുന്നു. ജീവനക്കാരുടെ പിന്തുണ സ്ഥിരീകരിക്കാൻ 'യെസ്' ക്ലിക്ക് ചെയ്യണമെന്നും നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ മെയിലിനോട് പ്രതികരിക്കാതിരുന്ന റൂണി രാജിവെച്ചതായി കമ്പനി അധികൃതർ തെറ്റിദ്ധരിക്കുകയും റൂണിയെ പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ, താൻ രാജി വെച്ചിട്ടില്ല എന്നും തന്നെ അനധികൃതമായി പിരിച്ചുവിട്ടു എന്ന് ആരോപിക്കുകയും ചെയ്ത റൂണി അയർലൻഡ് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനെ (WRC) സമീപിക്കുകയും ആയിരുന്നു. തുടർന്ന് ഇമെയിൽ സന്ദേശത്തോട് പ്രതികരിക്കാതിരുന്നത് ഒരു വ്യക്തിയുടെ രാജിയായി കണക്കാക്കാൻ ആവില്ലെന്ന് അയർലൻഡ് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ വാദിക്കുകയും എക്സ്ൻ്റെ അവകാശവാദങ്ങൾ നിരസിക്കുകയും ചെയ്തു.
വിചാരണയ്ക്കിടെ തെളിവുകൾ നൽകുന്നതിൽ ഇലോൺ മസ്‌കിൻ്റെ അഭിഭാഷകർ പരാജയപ്പെട്ടുവെന്ന് ആർടിഇ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിരിച്ചുവിട്ടതിന് ശേഷം ട്വിറ്റർ ഇൻ്റർനാഷണൽ അൺലിമിറ്റഡ് കമ്പനി താനുമായോ അഭിഭാഷകനുമായോ ആശയവിനിമയം നടത്താൻ തയ്യാറായില്ലെന്നും റൂണി ആരോപിച്ചു. റൂണി ജോലിക്ക് തയ്യാറാണെന്നും എന്നാൽ അദ്ദേഹത്തിൻ്റെ പ്രവേശനം കമ്പനി തടഞ്ഞു വച്ചിരിക്കുകയാണെന്നും ഡബ്ല്യുആർസിയിലെ ഉദ്യോഗസ്ഥനായ മൈക്കൽ മക്‌നാമി പറഞ്ഞു.
വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ കോടതി ഗാരി റൂണിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇയാൾക്ക് നഷ്ടപരിഹാരമായി അഞ്ചു കോടി രൂപ നൽകണമെന്നാണ് കോടതി ട്വിറ്റർ ഇൻ്റർനാഷണൽ അൺലിമിറ്റഡ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.