5 മിനിറ്റ് വിഡിയോ കോൾ പരിചയം, 3 -ാം ദിവസം വിവാഹം, 9 -ാം ദിവസം വിവാഹമോചനം: വിവാഹത്തിന് ആകെ ചെലവ് 36 ലക്ഷം

Published : Jun 20, 2026, 10:24 AM IST
Marriage

Synopsis

മാതാപിതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന്, അഞ്ച് മിനിറ്റ് വീഡിയോ കോളിൽ മാത്രം കണ്ട യുവതിയെ ചൈനീസ് യുവാവ് വിവാഹം കഴിച്ചു. എന്നാൽ, വിവാഹം കഴിഞ്ഞ് ഒൻപതാം ദിവസം യുവതിക്ക് വലിയ കടബാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഇയാൾ വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സംഭവം നിയമപോരാട്ടങ്ങളിലേക്ക് നീങ്ങി.

 

ഞ്ചു മിനിറ്റ് മാത്രം നീണ്ടുനിന്ന ഒരു വീഡിയോ കോളിലൂടെ പരിചയപ്പെട്ട യുവതിയെ മൂന്ന് ദിവസത്തിനുള്ളിൽ വിവാഹം കഴിച്ച യുവാവ്, ഒൻപതാം ദിവസം വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്ത്. മാതാപിതാക്കളുടെ സമ്മർദ്ദമാണ് ഇത്രയും തിടുക്കപ്പെട്ട് തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് ചൈനയിലെ കിഴക്കൻ പ്രവിശ്യയായ ഷെജിയാംഗിൽ നിന്നുള്ള 32 കാരനായ 'ഗു' എന്ന യുവാവ് പറയുന്നത്.

തിരക്ക് കൂട്ടി മാച്ച് മേക്കർ

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ഒരു മാട്രിമോണിയൽ സെന്‍ററിൽ 200 യുവാൻ (ഏകദേശം 3,000 ഇന്ത്യൻ രൂപ) നൽകി രജിസ്റ്റർ ചെയ്ത ഗുവിന്, അവർ മൂന്ന് പ്രാദേശിക യുവതികളെ പരിചയപ്പെടുത്തി. എന്നാൽ, ആ ആലോചനകൾ ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല. തുടർന്നാണ് മറ്റ് പ്രവിശ്യകളിൽ നിന്നുള്ള യുവതികളെ നോക്കാമെന്നും, രണ്ട് ദിവസത്തിനുള്ളിൽ വിവാഹം നടത്തിത്തരാമെന്നും മാച്ച് മേക്കർ ഗുവിന് ഉറപ്പ് നൽകിയത്. ഗുവിന്‍റെ കുടുംബം ഇതിന് സമ്മതിക്കുകയും ചെയ്തു. ഇതേതുടർന്ന് ഏപ്രിൽ മാസത്തിലാണ് വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ നിന്നുള്ള 30 വയസ്സുകാരിയായ യുവതിയെ ഇയാൾക്ക് പരിചയപ്പെടുത്തുന്നത്.

വധുവിനെ കണാതെ ഉറപ്പിക്കൽ

മാട്രിമോണിയൽ സൈറ്റിലെ വിവരങ്ങൾ പ്രകാരം യുവതിക്ക് കട ബാധ്യതകളോ, ക്രിമിനൽ പശ്ചാത്തലമോ, ഗുരുതരമായ മറ്റ് രോഗങ്ങളോ ഇല്ലായിരുന്നു. പെട്ടെന്നുള്ള വിവാഹത്തിനും ദൂരദേശത്തേക്ക് വിവാഹം കഴിച്ച് പോകുന്നതിനും യുവതിക്ക് സമ്മതമാണെന്നും പ്രൊഫൈലിൽ ഉണ്ടായിരുന്നു. തുടർന്ന് ഇരുവരും അഞ്ച് മിനിറ്റ് നീണ്ട ഒരു വീഡിയോ കോളിൽ സംസാരിച്ചു. യുവതിയുടെ ജോലിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഗു ചോദിച്ചെങ്കിലും, ചോദ്യങ്ങളിൽ ഭൂരിഭാഗത്തിനും മറുപടി നൽകിയത് മാച്ച് മേക്കർ ആയിരുന്നു. താൻ ഒരു സെയിൽസ് പേഴ്സൺ ആണെന്ന് യുവതി പറഞ്ഞു. വിവാഹത്തിന് മുൻപായി യുവതിയുടെ ക്രെഡിറ്റ് ഹിസ്റ്ററി റിപ്പോർട്ടും പ്രീ-മാരിറ്റൽ മെഡിക്കൽ സർട്ടിഫിക്കറ്റും നൽകാമെന്ന് മാച്ച് മേക്കർമാർ ഉറപ്പുനൽകി. നേരിട്ട് കണ്ടിട്ടില്ലെങ്കിൽ പോലും യുവതിയെ വിവാഹം കഴിക്കാൻ ഗുവും കുടുംബവും തീരുമാനിച്ചു.

വിവാഹത്തിന് ചെലവ് 36 ലക്ഷം

വിവാഹത്തിന് ബ്രൈഡ് പ്രൈസ് ആയി 1,00,000 യുവാനും, മാച്ച് മേക്കിംഗ് ഫീസായ 160,000 യുവാനും ഉൾപ്പെടെ ആകെ 2,65,000 യുവാൻ (ഏകദേശം 36 ലക്ഷം ഇന്ത്യൻ രൂപ ) ഗുവിന്‍റെ കുടുംബം ചിലവഴിച്ചു. തുടർന്ന് യുവതിയെ തങ്ങളുടെ നഗരത്തിലേക്ക് എത്തിക്കാൻ മാച്ച് മേക്കറോട് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിന് ശേഷം അവർ വിവാഹം രജിസ്റ്റർ ചെയ്തു. അതേസമയം ഗുവിന്‍റെ കുടുംബം യുവതിയുടെ മാതാപിതാക്കളെ നേരിട്ട് കണ്ടിരുന്നില്ല. വിവാഹ രജിസ്ട്രേഷന് ശേഷം, വാഗ്ദാനം ചെയ്ത മെഡിക്കൽ - ക്രെഡിറ്റ് റിപ്പോർട്ടുകൾ നൽകാനും മാച്ച് മേക്കർ തയ്യാറായില്ല. സംശയം തോന്നിയ ഗു, ഭാര്യയെയും കൂട്ടി ബാങ്കിലെത്തി അവരുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം അറിഞ്ഞത്; യുവതിയ്ക്ക് 1,00,000 യുവാൻ (ഏകദേശം 14 ലക്ഷം ഇന്ത്യൻ രൂപ ) കടബാധ്യതയുണ്ടായിരുന്നു.

വലിയൊരു കുരുക്ക്, വിവാഹ മോചനം

എന്നാൽ, ഈ കടങ്ങൾ തന്‍റെ മുൻ കാമുകന്‍റെതാണെന്നും തനിക്ക് അതുമായി ബന്ധമില്ലെന്നുമായിരുന്നു യുവതിയുടെ വാദം. ഇതിന് പുറമെ, യഥാർത്ഥ പേര് വെരിഫിക്കേഷൻ ആവശ്യമുള്ള അവളുടെ മൊബൈൽ പേയ്‌മെന്‍റെ ആപ്പിലെ പേര് താൻ അറിഞ്ഞ പേരിൽ നിന്നും വ്യത്യസ്തമാണെന്നും ഗു കണ്ടെത്തി. തൊട്ടടുത്ത ദിവസം, തനിക്ക് കരൾ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടെന്നും ശരീരഭാരം കുറയ്ക്കണമെന്നും യുവതി ഗുവിനോട് പറഞ്ഞു. പിന്നാലെ താൻ ചതിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലാക്കിയ ഗു ഒടുവിൽ വിവാഹം കഴിഞ്ഞ് ഒൻപത് ദിവസത്തിന് ശേഷം വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്തെത്തി.

ആരോപണങ്ങൾ

യുവതി ആദ്യം ഇതിന് സമ്മതിച്ചെങ്കിലും പിന്നീട് മനസ്സ് മാറി. ഗുവിനെതിരെ കോടതിയെ സമീപിച്ചു. വിവാഹമോചന ആവശ്യം തന്നെ കടുത്ത വിഷാദ രോഗത്തിലേക്ക് തള്ളിവിട്ടുവെന്ന് കാണിച്ച് ഇവർ മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കി. കൂടാതെ നഷ്ടപരിഹാരമായി 50,000 യുവാൻ (ഏകദേശം 7 ലക്ഷത്തോളം ഇന്ത്യൻ രൂപ) ആവശ്യപ്പെടുകയും ചെയ്തു. തന്നോട് മേക്കപ്പ് ഇടാനും, വീട്ടുജോലികൾ ചെയ്യാനും, ജോലി കണ്ടെത്താനും ഗു നിർബന്ധിച്ചിരുന്നതായും യുവതി ആരോപിച്ചു. തന്‍റെ കയ്യിൽ നിന്ന് ഈടാക്കിയ 1,60,000 യുവാൻ തിരികെ ലഭിക്കാനായി ഗു മാട്രിമോണിയൽ സെന്‍ററിനെതിരെയും കേസ് ഫയൽ ചെയ്തു. എന്നാൽ, തങ്ങൾ പരിചയപ്പെടുത്തിയ യുവതിയെ തന്നെയാണ് ഗു വിവാഹം കഴിച്ചതെന്നും, അതിനാൽ പണം തിരികെ നൽകില്ലെന്നുമാണ് മാച്ച് മേക്കർമാരുടെ നിലപാട്. പണം തട്ടിയെടുക്കാൻ ദമ്പതികൾ ചേർന്ന് നടത്തുന്ന തട്ടിപ്പാണിതെന്നുമാണ് അവരുടെ ആരോപണം.

PREV
Read more Articles on
click me!

Recommended Stories

എഐ മനുഷ്യനെ കീഴടക്കുമോ? മൈക്രോസോഫ്റ്റിന്റെ നിർണായക നീക്കം
ഓഫീസ് സമയം കഴിഞ്ഞാലും അനുവാദം ചോദിക്കാതെ ഇറങ്ങാനാവില്ല, ജീവനക്കാരന് താക്കീത്; പോസ്റ്റ്