
പച്ചക്കറി ജ്യൂസിൽ പൊടിപ്പാൽ കലക്കി നൽകിയതിനെത്തുടർന്ന് ചൈനയിൽ മൂന്ന് മാസം പ്രായമുള്ള ആൺ കുഞ്ഞിന് കടുത്ത വിഷബാധ. ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ദക്ഷിണ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ സോങ്‌ഷാൻ വുമൺ ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പാൽ കുടിച്ചതിന് തൊട്ടുപിന്നാലെ കുഞ്ഞിന്‍റെ ചുണ്ടുകൾ നീലനിറമാകുകയും, ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതായി മാതാപിതാക്കൾ പറഞ്ഞു. വെറും വെള്ളത്തിൽ പാൽപ്പൊടി കലക്കി നൽകുന്നതിനേക്കാൾ പോഷകഗുണം പച്ചക്കറി ജ്യൂസിനായിരിക്കുമെന്ന് കരുതിയാണ് തങ്ങൾ ഇപ്രകാരം ചെയ്തതെന്ന് മാതാപിതാക്കൾ സമ്മതിച്ചു.
വിദഗ്ധ പരിശോധനയിൽ കുഞ്ഞിന് 'നൈട്രൈറ്റ്' വിഷബാധയേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. രണ്ട് ദിവസത്തെ തീവ്രപരിചരണത്തിന് ശേഷം ജൂൺ പകുതിയോടെ കുഞ്ഞ് ആശുപത്രി വിട്ടു. പച്ചക്കറികൾ ദീർഘനേരം തിളപ്പിച്ച് തയ്യാറാക്കുന്ന ജ്യൂസിൽ വൻതോതിൽ നൈട്രൈറ്റ് അടങ്ങിയിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇത് ഉപയോഗിച്ച് പാൽ തയാറാക്കി നൽകുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ മാരകമായി ബാധിക്കും. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളുടെ ദഹനവ്യവസ്ഥയും വൃക്കകളും പൂർണ്ണവളർച്ചയെത്താത്തതിനാൽ, ശരീരത്തിലെത്തുന്ന ഉയർന്ന അളവിലുള്ള നൈട്രേറ്റുകളെ പ്രതിരോധിക്കാൻ അവർക്കാവില്ല. നൈട്രൈറ്റ് രക്തത്തിൽ കലരുന്നതോടെ, ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കാനുള്ള രക്തത്തിന്‍റെ ശേഷി നഷ്ടപ്പെടുന്നു. ഇതാണ് കുഞ്ഞിന്‍റെ ചുണ്ടും നഖങ്ങളും ചർമ്മവുമെല്ലാം നീലയോ പർപ്പിൾ നിറമോ ആകാൻ കാരണം.
ചൈനയിൽ മുൻപും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഹെനാൻ പ്രവിശ്യയിൽ 52 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിന് ബോട്ടുലിസം (Botulism) ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. കുഞ്ഞിന് നൽകിയ വെള്ളത്തിൽ മുത്തശ്ശി തേൻ കലർത്തി നൽകിയതായിരുന്നു അതിന് കാരണമായത്.